ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ നാട് സന്ദർശനം ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ നാട് സന്ദർശനം  

കാവൽ നിൽക്കുവാനുള്ള കർത്തവ്യമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്: ഫ്രാൻസിസ് പാപ്പാ

"ഒരു തീർത്ഥാടനം പോലെ - വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങൾ" എന്ന ഗ്രന്ഥത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി. ഒസ്സെർവതോരെ റൊമാനോയുടെ ലേഖകനായ റോബെർത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്‌കോ പിത്തോണും തമ്മിൽ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സൃഷ്ടിയിൽ മനുഷ്യന് ദൈവം നൽകിയിരിക്കുന്ന പ്രഥമ കർത്തവ്യം കാവൽ നിൽക്കുക എന്നതാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് "ഒരു തീർത്ഥാടനം പോലെ - വിശുദ്ധ നാട്ടിലെ  എന്റെ ദിവസങ്ങൾ" എന്ന ഗ്രന്ഥത്തിന്  ഫ്രാൻസിസ് പാപ്പാ ആമുഖസന്ദേശം രചിച്ചത്. യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവൽ നിന്നുകൊണ്ട്, ഓരോ വർഷവും അര ദശലക്ഷത്തിലധികം തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന സന്യാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ അഭിനന്ദനം അറിയിച്ചു. ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, സിറിയ, ലെബനൻ, ഈജിപ്ത്, സൈപ്രസ്, റോഡ്സ് എന്നിങ്ങനെ എട്ട് വ്യത്യസ്ത രാജ്യങ്ങളിൽ  സേവനമനുഷ്ഠിക്കുന്ന സന്യാസിമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു 'വിശുദ്ധ നാട്ടിലെ കാവൽ' ചെയ്യുന്ന പ്രവർത്തനങ്ങൾ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. വ്യത്യസ്തമായ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും സമന്വയിപ്പിക്കാൻ ഇവർ ചെയ്യുന്ന നിരന്തരമായ പരിശ്രമങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു.

തീർത്ഥാടന കേന്ദ്രങ്ങളിലുള്ള സേവനങ്ങൾക്കു പുറമെ അജപാലനപ്രവർത്തനങ്ങളിലുള്ള അവരുടെ ശ്രദ്ധയും പാപ്പാ ചൂണ്ടിക്കാട്ടി. ജറുസലേം പാത്രിയാർക്കീസിന്റെ ഏറ്റവും വലിയ നാല് ഇടവകകളായ നസറെത്ത്, ബെത്ലഹേം, ജാഫ, ജെറുസലേം  എന്നിവ വിശുദ്ധ നാടിൻറെ സൂക്ഷിപ്പ് ചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികരാണെന്നുള്ളതും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അതോടൊപ്പം ദൈവശാസ്ത്രപരമായ വിവാദങ്ങൾക്കപ്പുറം അനേകരുടെ ദൈനംദിന ജീവിതത്തിലേക്ക് പ്രവേശിക്കുന്ന  മതാന്തര സംഭാഷണ വേദികളുടെ പ്രത്യേകതകളും പാപ്പാ എടുത്തുപറഞ്ഞു.

പകർച്ചവ്യാധിയുടെ ബുദ്ധിമുട്ടുകളും, തുടർന്ന് യുദ്ധത്തിന്റെ ഭീകരതകളും ഏറെ ഭീഷണികൾ ഉയർത്തുമ്പോഴും, ഈ സന്യാസിമാർ തങ്ങളുടെ ആരോഗ്യവും, സുരക്ഷിതത്വവും തൃണവത്ക്കരിച്ചുകൊണ്ട് ചെയ്യുന്ന അക്ഷീണപ്രയത്നങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അന്തർദേശീയതയിലൂടെ സഭയുടെ കത്തോലിക്കാ മാനം  ഫലപ്രദമായി  പ്രകടിപ്പിക്കുന്ന രണ്ട് സഭാ ഘടനകളുടെ (വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരുടെയും, ഒസ്സെർവതോരെ റൊമാനോയുടെയും)സഹകരണത്തിൽ നിന്നാണ് ഈ പുസ്തകം ജനിച്ചതെന്നതും ഏറെ പ്രത്യേകത ഉളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2024, 12:46