മദ്ധ്യപൂർവ്വദേശത്തെ കത്തോലിക്കർക്ക് പാപ്പായുടെ കത്ത്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധദുരന്തത്തിനറുതിവരുത്തുന്നതിലും അന്താരാഷ്ട്രസമൂഹത്തിൻറെയും ഏറ്റം ശക്തമായ നാടുകളുടെയും കഴിവില്ലായ്മ ലജ്ജാകരമാണെന്ന് മാർപ്പാപ്പാ.
2023 ഒക്ടോബർ 7-ന് കുഞ്ഞുങ്ങളുൾപ്പടെ 1200-ലേറെപ്പേരുടെ ജീവനപഹരിച്ചുകൊണ്ട് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൻറെ വാർഷികദിനത്തിൽ ഫ്രാൻസീസ് പാപ്പാ മദ്ധ്യപൂർവ്വദേശത്തെ കത്തോലിക്കർക്ക് തൻറെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പേകിക്കൊണ്ട് നല്കിയ കത്തിലാണ് രക്തച്ചൊരിച്ചിലുകൾ തുടരുന്ന യുദ്ധദുരന്തത്തെക്കുറിച്ചു പരാമാർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
നിണവും കണ്ണീരും ഒഴുകുകയും രോഷവും പ്രതികാരവാഞ്ഛയും വർദ്ധമാനമാകുകയും ചെയ്യുമ്പോൾ ഏറ്റവും ആവശ്യമുള്ളതും അഭിലഷണീയവുമായ സംഭാഷണത്തെയും സമാധനത്തെയും കുറിച്ച് ചിന്തിക്കുന്നവർ ചുരുക്കമാണെന്ന ഖേദകരമായ വസ്തുത പാപ്പാ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം എന്നും ഒരു തോൽവിയാണെന്നും ആയുധങ്ങൾ ഒരിക്കലും ഭാവി കെട്ടിപ്പടുക്കുന്നില്ല പ്രത്യുത അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അക്രമം ഒരിക്കലും സമാധാനം കൊണ്ടുവരില്ലയെന്നുമുള്ള തൻറെ ബോധ്യം താൻ അക്ഷീണം ആവർത്തിക്കുമെന്ന് പാപ്പാ പറയുന്നു.
ചരിത്രം ഇത് തെളിയിക്കുന്നുണ്ടെങ്കിലും വർഷങ്ങളായുള്ള സംഘർഷങ്ങൾ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന പ്രതീതിയാണ് ഉളവാകുന്നതെന്ന് പാപ്പാ പറയുന്നു. സമാധാനം എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് ഇന്ന് ജനങ്ങളെന്നും ദൈവത്തോടു സമാധാനം യാചിക്കുന്നതിൽ ക്രൈസ്തവരായ നമ്മൾ ഒരിക്കലും തളരരുതെന്നും പറയുന്ന പാപ്പാ പ്രാർത്ഥനയും ഉപവാസവും ചരിത്രത്തെ മാറ്റിമറിച്ചതും യുദ്ധത്തെപരിപോഷിപ്പിക്കുന്ന ദുഷ്ടാരൂപിയായ ശത്രുവിനെ പരാജയപ്പെടുന്നതുമായ യഥാർത്ഥ ആയുധമാണെന്ന് ഉദ്ബോധിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് താൻ ഭീകരാക്രമണത്തിൻറെ വാർഷിക ദിനമായ ഒക്ടോബർ 7-ന് പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനമായാചരിക്കാൻ ആഹ്വാനം ചെയ്തതെന്നും പാപ്പാ വെളിപ്പെടുത്തുന്നു തൻറെ കത്തിൽ.
സമാധാനത്തിനും നീതിക്കും വേണ്ടി ദാഹിക്കുകയും തിന്മയുടെ യുക്തിക്ക് വഴങ്ങാതിരിക്കുകയും യേശുവിൻറെ നാമത്തിൽ "ശത്രുക്കളെ സ്നേഹിക്കുകയും തങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന" എല്ലാവരോടുംമൊപ്പം താനുണ്ടെന്ന് പാപ്പാ ഉറപ്പുനല്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: