ഉക്രൈൻ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റഷ്യ - ഉക്രൈൻ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈൻ രാഷ്ട്രപതി വോളോഡിമിർ സെലിൻസ്കി ,വത്തിക്കാനിൽ, ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുകയും, സംഭാഷണം നടത്തുകയും ചെയ്തു. ഒക്ടോബർ മാസം പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച, ഇറ്റാലിയൻ സമയം രാവിലെ 9.45 നു ആരംഭിച്ച സന്ദർശനം, ഏകദേശം മുപ്പത്തിയഞ്ചു മിനിറ്റുകൾ നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി. "സമാധാനം ദുർബലമായ പുഷ്പമാണ്" എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിൻ്റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വർഷത്തെ സന്ദേശവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാൻസിസ് പാപ്പാ നൽകിയത്. തിരികെ 'ബുച്ച കൂട്ടക്കൊല'യുടെ ഒരു ഓയിൽ ചിത്രമാണ് വോളോഡിമിർ സെലിൻസ്കി പാപ്പായ്ക്ക് നൽകിയത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. ഉക്രൈനിലെ യുദ്ധത്തിൻ്റെ അവസ്ഥയെയും, മാനുഷിക സാഹചര്യത്തെയും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചർച്ചയിൽ വിഷയമാക്കി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. കൂടാതെ, രാജ്യത്തെ മതജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചർച്ച ചെയ്തു.
2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് സെലിൻസ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന ഉക്രൈൻ ജനതയെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിൽ, പീഡിതരായ ഉക്രൈൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: