തിരയുക

സഭയുടെ ദൗത്യത്തിൽ നാമെല്ലാവരും കൂട്ടുത്തരവാദിത്വമുള്ളവർ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം- ഒക്ടോബർ 2024.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവർക്കെല്ലാവർക്കും സഭയുടെ ദൗത്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഒക്ടോബർ മാസത്തേയ്ക്കായി സെപ്റ്റംബർ 30-ന്, തിങ്കളാഴ്ച, നല്കിയ വീഡിയൊ പ്രാർത്ഥനാനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

ക്രിസ്ത്യാനികളായ നമുക്കെല്ലാവർക്കും, വൈദികർക്കും സഭയുടെ ദൗത്യത്തിൽ ഉത്തരവാദിത്വമുണ്ട്. പുരോഹിതർ അൽമായരുടെ തലവന്മാരല്ല, അവരുടെ ഇടയന്മാരാണ് എന്ന്  പ്രാർത്ഥനാ നിയോഗത്തിൽ വ്യക്തമാക്കിക്കൊണ്ട് പാപ്പാ ഇപ്രകാരം തുടരുന്നു.

യേശു നമ്മെ വിളിച്ചു, എല്ലാവരെയും: ഒരാൾ മറ്റൊരാൾക്ക് മേലെയല്ല, ഒരാൾ ഒരു വശത്തും മറ്റൊരാൾ മറുവശത്തുമായിട്ടല്ല, പ്രത്യുത, പരസ്‌പരപൂരകമായിട്ടാണ്. നമ്മൾ സമൂഹമാണ്. അതുകൊണ്ട്, നാം സിനഡാത്മകതയുയെ പാതയിലൂടെ ഒരുമിച്ച് നടക്കണം.

തീർച്ചയായും, നിങ്ങൾ എന്നോട് ചോദിച്ചേക്കാം: ഒരു ബസ് ഡ്രൈവറായ എനിക്ക്, അല്ലെങ്കിൽ, കർഷകനായ എനിക്ക്, മത്സ്യത്തൊഴിലാളിയായ എനിക്ക് എന്തുചെയ്യാൻ കഴിയും? നാമെല്ലാവരും ചെയ്യേണ്ടത് ഇതാണ്: നമ്മുടെ ജീവിതം കൊണ്ട് സാക്ഷ്യമേകുക. സഭയുടെ ദൗത്യത്തിൻറെ ഉത്തരവാദിത്വത്തിൽ പങ്കുചേരുക.

അൽമായർ, സ്നാനം സ്വീകരിച്ചവർ, എല്ലാവരും സഭയിൽ സ്വഭവനത്തിലാണ്, അവർ അതിനെ പരിപാലിക്കണം. നമുക്കും, അതായത്, വൈദികർക്കും സമർപ്പിതർക്കും ഇതു ബാധകമാണ്. എല്ലാവരും അവരവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് സംഭാവന ചെയ്യുക. ദൗത്യത്തിൽ നമ്മൾ കൂട്ടുത്തരവാദിത്വമുള്ളവരാണ്, നമ്മൾ സഭയുടെ കൂട്ടായ്മയിൽ പങ്കുചേരുകയും ജീവിക്കുകയും ചെയ്യുന്നു.

വൈദികരുടെയും സന്ന്യാസിസന്ന്യാസിനികളുടെയും അല്മായരുടെയും പങ്കാളിത്തവും കൂട്ടായ്മയും ദൗത്യവും, കൂട്ടുത്തരവാദിത്വത്തിൻറെ അടയാളം എന്ന നിലയിൽ,  പരിപോഷിപ്പിച്ചുകൊണ്ട്, സഭ എല്ലാ വിധത്തിലും സിനഡാത്മക ജീവിതശൈലിയെ പിന്തുണയ്ക്കുന്നത് തുടരുന്നതിനായി നമുക്കു പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2024, 13:04