തിരയുക

കർദിനാൾ റെനാത്തോ റഫായേലേ മർത്തീനോ കർദിനാൾ റെനാത്തോ റഫായേലേ മർത്തീനോ 

കർദിനാൾ റെനാത്തോയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

മുൻ വത്തിക്കാൻ സ്ഥാനപതിയും, കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും അജപാലനത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലുകളുടെ മുൻ പ്രസിഡന്റുമായ കർദിനാൾ റെനാത്തോ റഫായേലേ മർത്തീനോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയിലെ മുതിർന്ന കർദിനാൾമാരിൽ ഒരാളായ, ഇറ്റാലിയൻകാരനായ ആർച്ചുബിഷപ്പ്, റെനാത്തോ റഫായേലേ മർത്തീനോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. 1932 നവംബർ ഇരുപത്തിമൂന്നാം തീയതി ജനിച്ച കർദിനാൾ, കത്തോലിക്കാ സംഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ നിരവധി വർഷങ്ങൾ നിസ്വാർത്ഥന സേവനങ്ങൾ ചെയ്ത വ്യക്തിയാണ്. 'സുവിശേഷത്തിനും, സഭയ്ക്കും സേവനമനുഷ്ഠിച്ച തീക്ഷ്‌ണമതിയായ അജപാലകൻ' എന്നാണ് ഫ്രാൻസിസ് പാപ്പാ അനുശോചന ടെലിഗ്രാം സന്ദേശത്തിൽ രേഖപ്പെടുത്തിയത്.

വത്തിക്കാൻ സ്ഥാനപതി എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഏഷ്യൻ രാജ്യങ്ങളിൽ സേവനം ചെയ്ത കർദിനാൾ, തന്റെ പൂർവികരായ പരിശുദ്ധ പിതാക്കന്മാരോടു  ചേർന്ന് നിന്നുകൊണ്ട് ചെയ്ത സേവനങ്ങളെ ഫ്രാൻസിസ് പാപ്പാ കൃതജ്ഞതയോടെ സ്മരിച്ചു. ഐക്യരാഷ്ട്രസഭയിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തദവസരത്തിൽ മാനവിക സുസ്ഥിരതയ്ക്കും, ഉന്നമനത്തിനും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെയും പാപ്പാ അനുസ്മരിച്ചു.

സംഭാഷണവും, ഐക്യവും മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വ്യതിരിക്തതയാണെന്നും പാപ്പാ പ്രത്യേകം സന്ദേശത്തിൽ കുറിച്ചു. "കർത്താവിൻ്റെ ഈ വിശ്വസ്ത ദാസനെ സ്വർഗീയ ജറുസലേമിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹത്തിൻ്റെ വേർപാടിൽ വിലപിക്കുന്നവർക്ക് ആശ്വാസം ലഭിക്കുവാനും" താൻ പ്രാർത്ഥിക്കുന്നുവെന്നു രേഖപ്പെടുത്തിയാണ് അനുശോചനസന്ദേശം ഉപസംഹരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2024, 12:50