ക്ഷമായാചനത്തിന്റെ അനുരഞ്ജനസായാഹ്നത്തോടെ സിനഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭാനേതൃത്വമുൾപ്പെടെ, സഭ ഇതുവരെയുള്ള തങ്ങളുടെ പ്രവൃത്തികളിലൂടെ മനുഷ്യരോടും പ്രപഞ്ചത്തോടും ചെയ്‌ത തെറ്റുകൾക്ക് മാപ്പപേക്ഷിച്ച് കത്തോലിക്കാസഭ. ഒക്ടോബർ ഒന്നാം തീയതി വൈകുന്നേരം സിനഡിനുള്ള ഒരുക്കത്തിന്റെ പരിപാടികളുടെ സമാപനഭാഗമായി വത്തിക്കാനിൽ വച്ച് നടന്ന അനുരഞ്ജനസായാഹ്‌നപ്രാർത്ഥനാവേളയിലാണ് ഫ്രാൻസിസ് പാപ്പായും, ഏഴ് കർദ്ദിനാൾമാരും, സഭയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾക്ക് മാപ്പു ചോദിച്ചത്. സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ലൈംഗികചൂഷണങ്ങൾ, അധികാരദുർവിനിയോഗം, കുടിയേറ്റക്കാരോടുള്ള അവഗണന, കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളുടെ ദുരുപയോഗം, മറ്റുള്ളവരെ ശ്രവിക്കുന്നതിലുള്ള വീഴ്ചകൾ തുടങ്ങി, പ്രകൃതിയുടെ ദുരുപയോഗം വരെയുള്ള തെറ്റുകൾക്ക് സഭ മാപ്പപേക്ഷിച്ചു.
തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹമുള്ള ദൃഷ്ടി പതിയേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് തങ്ങൾ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് തന്റെ പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. തങ്ങളുടെ അവിശ്വസ്തതയാൽ തങ്ങൾ വികലമാക്കിയ ദൈവത്തിന്റെ മുഖം വീണ്ടും അതിന്റെ യഥാർത്ഥ രൂപത്തിന്റെലേക്ക് തിരികെ കൊണ്ടുവരുവാനായി, തങ്ങൾക്ക് കഴിയാൻ വേണ്ടി പാപ്പാ സഭയുടെ പേരിൽ പ്രാർത്ഥിച്ചു. ഒപ്പം തങ്ങളുടെ പാപങ്ങളുടെ പേരിൽ മുറിവേൽപ്പിക്കപ്പെട്ടവരോട് തങ്ങൾ മാപ്പപേക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ, ഒരു പുരോഹിതനിൽനിന്ന് നേരിട്ട ചൂഷണം, കുടിയേറ്റത്തിനിടെ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ, സിറിയയിലെ യുദ്ധവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തുടങ്ങിയവയെക്കുറിച്ച് മൂന്നുപേരുടെ സാക്ഷ്യം ഉണ്ടായിരുന്നു.
ഒക്ടോബർ രണ്ടാം തീയതി വത്തിക്കാനിൽ ആരംഭിക്കുന്ന സിനഡിനുള്ള ഒരുക്കങ്ങളുടെ അവസാനഭാഗത്ത് നടന്ന രണ്ടു ദിവസങ്ങളിലെ ധ്യാനത്തിന്റെ അവസാനത്തിലായിരുന്നു, പത്രോസിന്റെ ബസലിക്കയിൽ, സിനഡ് അംഗങ്ങളുടെയും, വിവിധ അൽമായരുടെയും ഉൾപ്പെടെയുള്ള സാന്നിദ്ധ്യത്തിൽ നടന്ന അനുരഞ്ജനസായാഹ്നപ്രാർത്ഥനാശുശ്രൂഷ.
ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സമ്പൂർണ്ണമനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദിനാൾ മൈക്കിൾ ചേർനി, അമേരിക്കയിലെ ബോസ്റ്റൺ അതിരൂപതാ മൂന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ പാട്രിക് ഓമലി, അല്മായർ, കുടുംബം, ജീവിതം എന്നിവയ്ക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരൽ, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ്, മറോക്കോയിലെ റാബാത്ത് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ക്രിസ്തോബാൽ ലോപ്പസ് റോമെറോ, ഓസ്ട്രിയയിലെ വിയെന്ന അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ക്രിസ്തോഫ് ഷോൺബോൺ എന്നിവരാണ് സഭയുടെ പേരിൽ വിവിധ പ്രാർത്ഥനകൾ നടത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: