സംഭാഷണം അന്താരാഷ്ട്ര സമൂഹത്തിൻ്റെ ആത്മാവായിരിക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സായുധ സംഘട്ടനങ്ങളാൽ മനുഷ്യജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ അധിനിവേശക്കാരൻ്റെ അഹങ്കാരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ സംഭാഷണത്തിന്റെ മാതൃക സ്വീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മധ്യസ്ഥതയിൽ നാൽപ്പതു വർഷങ്ങൾക്കു മുൻപ് നടത്തിയ സംഭാഷണത്തിൻ്റെ ശക്തി അർജൻ്റീനയും ചിലിയും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയതിന്റെ വാർഷികം വത്തിക്കാനിൽ ആഘോഷിച്ച വേളയിലാണ് ഫ്രാൻസിസ് പാപ്പാ ശക്തമായ ഭാഷയിൽ, യുദ്ധസാഹചര്യങ്ങളെ എടുത്തു പറഞ്ഞത്. ബീഗിൾ ചാനൽ എന്ന് വിളിക്കപ്പെടുന്ന തെക്കൻ മേഖലയുടെ പരമാധികാരത്തിനായി അർജൻ്റീനയും ചിലിയും തമ്മിലുള്ളപരസ്പര പോരിനാണ്, നാൽപ്പതു വർഷങ്ങൾക്കു മുൻപ് ഒപ്പുവച്ച, സമാധാന ഉടമ്പടിയിലൂടെ അന്ത്യം കുറിച്ചത്. വാർഷിക വേളയിൽ ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു.
ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ, യുദ്ധം രൂക്ഷമാകുന്ന ആയുധനിർമ്മാണത്തെ അപലപിക്കുകയും, അതിനെതിരെ പ്രതികരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. "സമാധാനത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്ന ചില രാജ്യങ്ങളിൽ, ഏറ്റവും വലിയ വരുമാനം നൽകുന്ന നിക്ഷേപങ്ങൾ ആയുധ നിർമ്മാണ ശാലകളാണ്. ഈ കാപട്യമാണ് നമ്മെ എപ്പോഴും പരാജയത്തിലേക്ക് നയിക്കുന്നത്. ഇത് സാഹോദര്യത്തിൻ്റെയും, സമാധാനത്തിൻ്യും പരാജയമാണ്", പാപ്പാ പറഞ്ഞു. ഈ സമാധാന ഉടമ്പടിയുടെ വിജയത്തിന്, യുദ്ധത്തെ വെറുക്കുന്ന ജനങ്ങളുടെ പ്രാർത്ഥന ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിരുന്നുവെന്നതും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ബലപ്രയോഗം ഒഴിവാക്കുന്ന നീതിയെയും അന്താരാഷ്ട്ര നിയമത്തെയും അടിസ്ഥാനമാക്കിയുള്ള തൃപ്തികരമായ പരിഹാരം കണ്ടെത്തണമെന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ആഹ്വാനത്തിൽ പ്രതിഫലിക്കുന്ന രണ്ടു പ്രധാന മൂല്യങ്ങൾ, സമാധാനത്തിന്റേതും, സൗഹൃദത്തിന്റേതുമാണെന്നു ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ വഴിയിൽ നിന്നേക്കാവുന്ന തടസ്സങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനും, അതിനെ സമ്പന്നമാക്കാൻ കഴിയുന്ന എല്ലാറ്റിനെയും പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന ശ്രമം ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
യുദ്ധത്തിന്റെ തണുത്ത കാറ്റ് വീശുമ്പോൾ, അനീതി, അക്രമം, അസമത്വം എന്നിവയുടെ ആവർത്തിച്ചുള്ള പ്രതിഭാസങ്ങൾക്കും ഗുരുതരമായ കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്കും വശംവദരരാകുമ്പോൾ, ഓരോരുത്തരും തന്നെക്കുറിച്ചും അയൽക്കാരനെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകണമെന്നു പാപ്പാ പറഞ്ഞു. മനുഷ്യ അസ്തിത്വത്തിന്റെ മൂല്യം വസ്തുക്കളിലോ, നേടിയ വിജയങ്ങളിലോ, മത്സര ഓട്ടത്തിലോ അല്ല, മറിച്ച് എല്ലാറ്റിനുമുപരിയായി വിശ്വാസത്തിലും പ്രത്യാശയിലും നമ്മുടെ യാത്രയെ വേരുറപ്പിക്കുന്ന സ്നേഹത്തിന്റെ ബന്ധത്തിലാണ് അടങ്ങിയിരിക്കുന്നതെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
ഈ സമാധാന കരാറിന്റെ മാതൃക, ദരിദ്രരെ ദോഷകരമായി ബാധിക്കുന്ന നിരവധി സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഏകോപിത സംരംഭങ്ങളും നയങ്ങളും വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. "അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ അക്രമത്തിന്റെയും യുദ്ധത്തിന്റെയും അപരിഷ്കൃതതയ്ക്കും അസംബന്ധത്തിനും മുന്നിൽ മനുഷ്യ ചൈതന്യത്തിന്റെ ശക്തിയുടെയും സമാധാനത്തിനായുള്ള ആഗ്രഹത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉടമ്പടി" എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും, പരിശുദ്ധ പിതാവ് ഉദ്ധരിച്ചു. സംഭാഷണത്തിലൂടെ നിയമത്തിന്റെ ശക്തി അന്താരാഷ്ട്ര സമൂഹം അനുഭവിക്കുവാൻ ഇടവരട്ടെയെന്നും, സംഭാഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ ആത്മാവാണെന്നും സന്ദേശത്തിന്റെ ഉപസംഹാരത്തിൽ ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: