ഫ്രാൻസിസ് പാപ്പായും അഗസ്തീനിയൻ സന്ന്യസ്തകൾക്കൊപ്പം എത്തിയ തീർത്ഥാടകരും ഫ്രാൻസിസ് പാപ്പായും അഗസ്തീനിയൻ സന്ന്യസ്തകൾക്കൊപ്പം എത്തിയ തീർത്ഥാടകരും  (Vatican Media)

പ്രാർത്ഥനയിലും സന്തോഷമനോഭാവത്തിലും ശുശ്രൂഷയിലും മുന്നേറുക: സന്ന്യസ്‌തരോട് ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയെന്ന കലയിൽ വളരാനും, ജീവിതത്തിന്റെ ആനന്ദം നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകാനും സന്ന്യസ്‌തരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. തലവേര ദേ ല റെയ്‌നയിലെ അഗസ്തീനിയൻ സന്ന്യസ്തകളുടെ മഠവുമായി ബന്ധപ്പെട്ട തീർത്ഥാടകർക്ക് നവംബർ ഏഴാം തീയതി വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിക്കവെ, സമർപ്പിതരെന്ന നിലയിൽ നമുക്ക് ലഭിച്ചിരിക്കുന്ന നന്മകൾ തിരിച്ചറിയാനും, മറ്റുള്ളവർക്കായുള്ള ശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിക്കാനും പാപ്പായുടെ ഉദ്‌ബോധനം. നർമ്മബോധവും സന്തോഷവുമുള്ള സമർപ്പിതരെയാണ് നമുക്കാവശ്യം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശ്വാസ, ശുശ്രൂഷാമേഖലകളിൽ ഊർജ്ജസ്വലതയോടെയും സന്തോഷത്തോടെയും മുന്നേറാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. തലവേര ദേ ല റെയ്‌നയിലെ അഗസ്തീനിയൻ സന്ന്യസ്തകളുടെ മഠവുമായി ബന്ധപ്പെട്ട തീർത്ഥാടകർക്ക് നവംബർ ഏഴാം തീയതി രാവിലെ വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിച്ച പാപ്പാ,  ഈ ആശ്രമം ആരംഭിച്ചതുമുതൽ അവിടെയുള്ള സമർപ്പിതർ തങ്ങളുടെ സമർപ്പിതജീവിതവും, ക്രൈസ്തവവിദ്യാഭ്യാസശുശ്രൂഷയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയിരുന്നുവെന്നും, ഇന്ന് സന്ന്യസ്‌തകളായിരിക്കുന്ന പലരും, തങ്ങളുടെ സ്‌കൂൾ കാലയളവിൽ മറ്റേതെങ്കിലും സന്ന്യസ്‌തകളുമായുള്ള പരിചയമോ ബന്ധമോ വഴിയാണ് മഠങ്ങളിലേക്കെത്തിയതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്ക്കായി പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ വർഷത്തിൽ, നമ്മുടെ ശുശ്രൂഷകളും, സേവനവും, ദൈവത്തിൽനിന്ന് നമ്മെ അകറ്റാതിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ദൈവവുമായുള്ള സംഭാഷണത്തിനുള്ള കഴിവ് വളർത്തിയെടുക്കാനും, അവനെ ശ്രവിക്കാനും, ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും നമ്മോടൊത്തായിരിക്കുന്ന അവന്റെ സാന്നിധ്യം തിരിച്ചറിയാനും, അവൻ നൽകുന്ന പ്രേരണകൾ സൗമ്യതയോടെ സ്വീകരിക്കാനും സന്ന്യസ്തർക്ക് സാധിക്കണമെന്നും, അത് കൊച്ചുകുട്ടികൾ മുതലുള്ള ആളുകൾക്ക് പകരാൻ സാധിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.  

ക്രൈസ്തവർ, പ്രത്യേകിച്ച് സമർപ്പിതർ, തങ്ങളുടെ ജീവിതത്തിന്റെ ആനന്ദവും നർമ്മബോധവും നഷ്ടപ്പെടുത്താതെ ജീവിക്കണമെന്നും, നർമ്മബോധം നഷ്ടപ്പെട്ട സമർപ്പിതർ, കഠോരഹൃദയരായി മാറുന്നുവെന്നും, ഒരു പുരോഹിതനോ സന്ന്യസ്തയോ അത്തരമൊരു ജീവിതശൈലി തുടരുന്നത് ദുഃഖകരണമാണെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ തോമസ് മൂർ നർമ്മബോധത്തിനായി അപേക്ഷിക്കുന്ന ഒരു പ്രാർത്ഥനയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധി എന്നത് എപ്പോഴും ആനന്ദം പകരുന്ന ഒന്നാണെന്ന് പറഞ്ഞ പാപ്പാ, നിങ്ങളിൽ കപടതയില്ലാത്ത, ഹൃദയത്തിൽനിന്ന് വരുന്ന പുഞ്ചിരി ഉണ്ടാകട്ടെയെന്ന് ആഹ്വാനം ചെയ്തു.

സ്പെയിനിലെ വലെൻസിയയിലെ ജനങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തെ അനുസ്മരിച്ച പാപ്പാ, അവിടെ നടക്കുന്ന കാര്യങ്ങൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്നും, ബാഴ്‌സലോണയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പ്രശ്‍നങ്ങളെക്കുറിച്ച് താൻ അറിയുന്നുണ്ടെന്നും പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞ് ജീവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങൾക്ക് ഒരുപാട് ജോലിയുണ്ടെന്ന് പരാതിപ്പെടുന്നവർ, ഒരു ജോലിയോ, വാടക കൊടുക്കാൻ പണമോ ഇല്ലാത്ത മനുഷ്യർ ഈ ലോകത്ത് ജീവിക്കുന്നുണ്ടെന്നും, ഒരാൾ ആശ്രമത്തിൽ പ്രവേശിക്കുമ്പോൾ, എല്ലാം സൗജന്യമായി ലഭിക്കുന്നുണ്ടെന്നും ഓർമ്മിക്കണമെന്ന് പറഞ്ഞു. വലിയ മഞ്ഞുവീഴ്ചയുടെയും, മഴയുടെയും സമയത്ത്, തങ്ങളുടെ ഇടവകഭവനത്തിലോ, മഠത്തിലോ ആശ്രമത്തിലോ ആയിരിക്കുന്നവർ, തുറന്ന സ്ഥലങ്ങളിലും, കിട്ടുന്ന ഇടങ്ങളിലും കിടന്നുറങ്ങാൻ നിർബന്ധിതരാകുന്ന മനുഷ്യരുണ്ടെന്ന് ഓർക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നർമ്മബോധം നഷ്ടപ്പെടെരുതെന്ന് വീണ്ടും ആവർത്തിച്ച പാപ്പാ, ഇതുമായി ബന്ധപ്പെട്ട വിശുദ്ധ തോമസ് മൂറിന്റെ പ്രാർത്ഥന തന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് ആവർത്തിച്ചു. തലവേര ദേ ല റെയ്‌നയിലെ അഗസ്തീനിയൻ സന്ന്യസ്തകളുടെ മഠം സ്ഥാപിച്ചതിന്റെ നാനൂറ്റിയൻപതാം വാർഷികം 2023-ൽ ആഘോഷിക്കപ്പെട്ടത് പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്‌മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2024, 16:27