തിരയുക

സായുധസംഘർഷങ്ങൾക്കെതിരെ സ്വരമുയർത്തി പാപ്പാ സായുധസംഘർഷങ്ങൾക്കെതിരെ സ്വരമുയർത്തി പാപ്പാ  (ANSA)

യുദ്ധം നുണകളുടെയും അസത്യങ്ങളുടെയും വിജയമാണ്: ഫ്രാൻസിസ് പാപ്പാ

യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നും, അതിൽ വിജയിക്കുന്നത് നുണയും അസത്യവുമാണെന്നും ഫ്രാൻസിസ് പാപ്പാ. നവംബർ ഒന്നാം തീയതി, സകല വിശുദ്ധരുടെയും തിരുനാളുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സായുധസംഘർഷങ്ങളെക്കുറിയിച്ച് പരാമർശിക്കുകയായിരുന്നു പാപ്പാ. നിരപരാധികളാണ് യുദ്ധങ്ങളുടെ ഇരകളാകുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളുടെയും സായുധസംഘർഷങ്ങളുടെയും ഇരകളെ ചേർത്തുപിടിച്ചും, യുദ്ധമെന്ന തിന്മയ്‌ക്കെതിരെ വീണ്ടും ശബ്ദമുയർത്തിയും ഫ്രാൻസിസ് പാപ്പാ. സകല വിശുദ്ധരുടെയും തിരുനാളുമായി ബന്ധപ്പെട്ട്, നവംബർ ഒന്നാം തീയതി വെള്ളിയാഴ്ച മധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലാണ് യുദ്ധങ്ങൾക്കെതിരെ പാപ്പാ സംസാരിച്ചത്.

പീഡനങ്ങളിലൂടെ കടന്നുപോകൂന്ന ഉക്രൈനുവേണ്ടിയും, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, തെക്കൻ സുഡാൻ തുടങ്ങി, യുദ്ധങ്ങൾ മൂലം ക്ലേശിക്കുന്ന എല്ലാ ജനതകൾക്കും വേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു.

യുദ്ധമെന്നത് നികൃഷ്ടമായ ഒരു യാഥാർത്ഥ്യമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണ്. തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങളുടെ വിജയവും, ശത്രുവിന്റെ പൂർണ്ണമായ തകർച്ചയുമാണ് യുദ്ധത്തിൽ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. നുണയുടെ മുഖംമൂടിയണിഞ്ഞ യുദ്ധങ്ങളിൽ, മനുഷ്യജീവനുകളും, പ്രകൃതിയും, കെട്ടിടങ്ങളും എല്ലാം ആക്രമിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണെന്ന് പാപ്പാ അപലപിച്ചു.

യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്ന് പറഞ്ഞ പാപ്പാ, കഴിഞ്ഞ ദിവസങ്ങളിൽ ഗാസായിൽ ഉണ്ടായ ആക്രമണങ്ങളിൽ നൂറ്റിയൻപത്തിമൂന്ന് സ്ത്രീകളും കുട്ടികളും ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന് വടക്കൻ ഗാസായിലെ ഒരു ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തേക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

ആഫ്രിക്കൻ രാജ്യമായ ചാഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ച പാപ്പാ ഇരകളായ ആളുകൾക്കും, അവരുടെ കുടുംബങ്ങൾക്കും തന്റെ സാമീപ്യം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2024, 18:07