യുദ്ധം നിരോധിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുദ്ധത്തിൻ്റെ പൂർണ്ണമായ നിരാകരണത്തെക്കുറിച്ചു പരാമർശിക്കുന്ന ഇറ്റാലിയൻ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ പതിനൊന്നാം ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് , യുദ്ധം നിരോധിക്കുവാൻ എല്ലാ രാഷ്ട്രങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. നവംബർ മൂന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, ഇപ്രകാരം ആഹ്വാനം നൽകിയത്.
ഇറ്റാലിയൻ ഭരണഘടനയിൽ പറയുന്നത് ഇപ്രകാരമാണ് : മറ്റു ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും, അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമായും യുദ്ധത്തെ ഉപകരണമാക്കുന്നതിനെ ഇറ്റലി നിരാകരിക്കുന്നു. രാഷ്ട്രങ്ങൾക്കിടയിൽ സമാധാനവും നീതിയും ഉറപ്പാക്കുന്ന ഒരു സംവിധാനത്തിന് ആവശ്യമായ പരമാധികാരത്തിൻ്റെ പരിമിതികൾ, മറ്റ് സംസ്ഥാനങ്ങളുമായുള്ള തുല്യതയുടെ വ്യവസ്ഥകളിൽ, പരിഹരിക്കുവാൻ അനുവദിക്കുന്നു; ഇത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ തത്വം ലോകം മുഴുവൻ പിന്തുടരണമെന്നാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞത്. ഇപ്രകാരം, സംഭാഷണം, നിയമം, ചർച്ചകൾ എന്നീ മാർഗങ്ങളിലൂടെ ലോകരാഷ്ട്രങ്ങൾ പരസ്പരം സഹവർത്തിത്വത്തിൽ ഒന്നിക്കുവാൻ കഴിയട്ടെ എന്ന പ്രത്യാശയും പാപ്പാ പങ്കുവെച്ചു. ഈ ദിവസങ്ങളിൽ യുദ്ധമേഖലകളിൽ നടക്കുന്ന ഏറ്റുമുട്ടലുകളെ പാപ്പാ അപലപിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: