പൊതുകൂടിക്കാഴ്ചയിൽ ഒരു കുട്ടിയെ ആശീർവദിക്കുന്ന ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചയിൽ ഒരു കുട്ടിയെ ആശീർവദിക്കുന്ന ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

മാനവികതയ്ക്ക് സമാധാനം ആവശ്യമുണ്ടെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

മാനവികതയ്ക്ക് സമാധാനം ആവശ്യമുണ്ടെന്നും, യുദ്ധഭീകരതയുടെ ഇരകളെ മറക്കരുതെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ പതിമൂന്ന് ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് യുദ്ധങ്ങൾക്കെതിരെയും സമാധാനത്തിന്റെ വളർച്ചയ്ക്കായും പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. നവംബർ പതിമൂന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, മാനവികതയ്ക്ക് സമാധാനത്തിന്റെ ഏറെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് സമാധാനത്തിനായുള്ള ആഹ്വാനം പാപ്പാ ഈ ബുധനാഴ്ചയും പുതുക്കിയത്.

യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞ പാപ്പാ, റഷ്യൻ ആക്രമണത്തിന്റെ കീഴിൽ, പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ പ്രത്യേകം പരാമർശിച്ചു. നമുക്കൊരിക്കലും ഉക്രൈനെ മറക്കാതിരിക്കാമെന്ന് പാപ്പാ ആവർത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലും ഉക്രൈനുവേണ്ടി പ്രാർത്ഥനയ്ക്കായി പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ എന്നീ രാജ്യങ്ങളെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ടാങ്കുപയോഗിച്ചുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നിരപരാധികളായ പാലസ്തീൻകാരെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഈ ബുധനാഴ്ചയും ആവർത്തിച്ചു. ഏതാണ്ട് 150 പാലസ്തീൻകാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഒക്ടോബർ 30 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലും പാപ്പാ പരാമർശിച്ചിരുന്നു .

കഴിഞ്ഞ ദിവസം ഉക്രൈനുനേരെ നടന്ന ആക്രമണത്തിലുൾപ്പെട്ട ഏതാണ്ട് തൊണ്ണൂറ് ഡ്രോണുകൾ വ്യോമപ്രതിരോധവിഭാഗം നശിപ്പിച്ചതായി ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കി പ്രസ്താവിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2024, 15:02