തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media )

കുട്ടികൾക്കായുള്ള ആഗോളദിന ആചരണത്തിനു പൊന്തിഫിക്കൽ കമ്മറ്റിക്ക് പാപ്പാ രൂപം നൽകി

കുട്ടികളുടെ അവകാശങ്ങളും, അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിനും, അവയ്ക്കുവേണ്ടി ന്യായവാദം ഉന്നയിക്കുന്നതിനും, പ്രത്യേകമായി ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത കുട്ടികൾക്കുവേണ്ടിയുള്ള ആഗോളദിന ആചരണത്തിനായി ഒരു പൊന്തിഫിക്കൽ കമ്മിറ്റിക്ക് രൂപം നൽകിക്കൊണ്ട്, കൈയൊപ്പോടുകൂടിയ ഒരു രേഖ ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി

വത്തിക്കാൻ ന്യൂസ്

കുട്ടികൾക്കുവേണ്ടിയുള്ള ആഗോളദിന ആചരണത്തിനായി പൊന്തിഫിക്കൽ കമ്മിറ്റിക്ക് ഫ്രാൻസിസ് പാപ്പാ രൂപം നൽകി. കഴിഞ്ഞ ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച, കൈയൊപ്പോടുകൂടിയ രേഖയിലാണ് ഫ്രാൻസിസ് പാപ്പാ തന്റെ പുതിയ തീരുമാനം അറിയിച്ചത്. കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായി കപ്പൂച്ചിൻ വൈദികനായ ഫാ. എൻസോ ഫോർത്തൂണാത്തോയെയും പാപ്പാ നിയമിച്ചു. കുട്ടികളുടെ ദൃഷ്ടി വിസ്മയിപ്പിക്കുന്നതും, നിഗൂഢതയിലേക്ക് തുറന്നിരിക്കുന്നതും ആണെങ്കിലും അവയെ മനസിലാക്കുവാൻ മുതിർന്നവർ പരാജയപ്പെട്ടു പോകുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  പാപ്പാ, സമൂഹത്തിൽ കുട്ടികളുടെ പ്രാധാന്യം രേഖയിൽ എടുത്തു പറഞ്ഞിരിക്കുന്നത്.

കുട്ടികൾക്കായുള്ള ആഗോളദിനം പ്രോത്സാഹിപ്പിക്കുക, സംഘടിപ്പിക്കുക, നടപ്പിലാക്കുക എന്നിങ്ങനെയുള്ള ദൗത്യങ്ങളാണ് പ്രധാനമായും കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്. മാനവചരിത്രത്തിലുടനീളം കുട്ടികളുടെ സാമൂഹിക നില വളരെയധികം പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും, കുട്ടികളെ സംരക്ഷിക്കേണ്ടത്‍ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

എന്നാൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഒരു ഒറ്റപ്പെട്ട പരിപാടിയായി മാത്രം ഒതുങ്ങിപ്പോകരുതെന്നും, മറിച്ച് കുട്ടികളുടെ അജപാലനശുശ്രൂഷ ഏറ്റവും പ്രാധാന്യം നിറഞ്ഞതാണെന്നുള്ള ബോധ്യം എല്ലാവർക്കും നൽകുവാൻ ഉതകുംവണ്ണം ഈ ആഗോള ദിനം മാറ്റുന്നതിനുള്ള കമ്മിറ്റിയുടെ ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2024, 11:54