തിരയുക

വിശുദ്ധ ബലിവേളയിൽ  നടന്ന കാഴ്ചസമർപ്പണം വിശുദ്ധ ബലിവേളയിൽ നടന്ന കാഴ്ചസമർപ്പണം   (VATICAN MEDIA Divisione Foto)

ആരോപണങ്ങളെ ഭയപ്പെടരുത്: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ ഇരുപത്തിനാലാം തീയതി, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധ ബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. തിരുനാൾ ദിനം ആഗോള യുവജനദിനമായും ആചരിക്കുന്നു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലത്തീൻ ആരാധന ക്രമ വത്സരത്തിന്റെ അവസാന ഞായർ ക്രിസ്തുരാജന്റെ തിരുനാൾ സഭ മുഴുവൻ ആഘോഷിക്കുന്നു. ആ ദിനം ആഗോള യുവജന ദിനവും ആചരിക്കുന്നു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുകയും, വചന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. സന്ദേശത്തിൽ, ജീവിതത്തിൽ ഓരോ വ്യക്തിയും നേരിടുന്ന അസ്വസ്ഥമായ ചോദ്യങ്ങളെ അടിസ്ഥാനമാക്കി മൂന്നു ചിന്തകൾ പങ്കുവച്ചു. യേശുവിനെ കുറ്റാരോപിതരുടെ പട്ടികയിൽപ്പെടുത്തി, അവനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതുപോലെ, യുവജനങ്ങളുടെ ജീവിതത്തിൽ യേശുവിനെ പിഞ്ചെല്ലുന്നതിനെ കുറ്റപ്പെടുത്തുന്ന ധാരാളം ആളുകൾ ഉണ്ടായേക്കാമെന്ന് പാപ്പാ പറഞ്ഞു. എന്നാൽ ഉപരിപ്ലവമായ ഈ കുറ്റപ്പെടുത്തലുകളെ ആരും ഭയക്കേണ്ടതില്ലെന്നും, മിഥ്യാധാരണകളിൽ മുഴുകാതെ, യാഥാർഥ്യം വ്യക്തമായി മനസിലാക്കണമെന്നും പാപ്പാ പറഞ്ഞു.

രണ്ടാമതായി ആദർശങ്ങളെ അടിയറവു വയ്ക്കുന്ന ആസക്തികളെ ഒഴിവാക്കണമെന്നു പാപ്പാ പറഞ്ഞു. 'തന്റെ രാജ്യം ഈ ലോകത്തിന്റേതല്ല' എന്ന് പറഞ്ഞുകൊണ്ട് സമവായത്തിന് തയ്യാറാകാത്ത, യേശുവിന്റെ മനോഭാവം എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതത്തിൽ പുലർത്തണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. "നിങ്ങളുടെ അന്തസ്സ് വിൽക്കാനുള്ളതല്ല. ഇത് വിൽപ്പനയ്ക്കുള്ളതല്ല! സൂക്ഷിക്കണം", പാപ്പാ പറഞ്ഞു. ജീവിതത്തിൽ ചൂഷണങ്ങൾക്ക് വിധേയരാകരുതെന്നും, ഉദാരമനോഭാവം എപ്പോഴും പുലർത്തണമെന്നും പാപ്പാ പറഞ്ഞു.

ക്രിസ്തു "സത്യത്തിന് സാക്ഷ്യം നല്കാനാണ്" ലോകത്തിലേക്ക് വന്നത് എന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ട്, ഇന്നത്തെ ലോകത്തിൽ സത്യത്തിന്റെ പ്രവാചകരാകുവാൻ പാപ്പാ എല്ലാവരെയും  ആഹ്വാനം ചെയ്തു. ഞാൻ എന്ന ഭാവം വെടിഞ്ഞുകൊണ്ട് മറ്റുള്ളവരെ ചേർത്തുനിർത്തുവാൻ സാധിക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. നമ്മെ ബാധിക്കുന്ന പല തിന്മകളും ദുഷ്ടത തിന്മ നിറഞ്ഞ  മനുഷ്യന്റെ പ്രവൃത്തികൾ ആണെന്നും, അതിനാൽ അവസാന വിധിദിവസം നമ്മോടുള്ള ചോദ്യങ്ങളെ പറ്റിയുള്ള അവബോധം നമുക്ക് ഉണ്ടായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ കുരിശു വഹിക്കുന്ന അവസരത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും മധ്യസ്ഥതയും എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 15:18