തിരയുക

വിശുദ്ധ ബാലിയുടെ വേളയിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ ബാലിയുടെ വേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

ദാനധർമ്മങ്ങളിൽ സജീവമായ വിശ്വാസം ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ടവർക്കായുള്ള ആഗോള ദിനമായ നവംബർ മാസം പതിനേഴാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകി. സന്ദേശത്തിൽ ലോകം ഇന്ന് അനുഭവിക്കുന്ന വേദനകളുടെ അവസ്ഥകളെയും, എല്ലാറ്റിനെയും അതിജീവിക്കുവാൻ ഉതകുന്ന പ്രത്യാശയുടെ കിരണങ്ങളെയും പ്രത്യേകമായി അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള അനുകമ്പാർദ്രമായ സമീപനം ആഹ്വാനം ചെയ്തുകൊണ്ട്, 2017 ൽ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച  പാവപ്പെട്ടവർക്കായുള്ള ആഗോള ദിനം, 2024 നവംബർ മാസം പതിനേഴാം തീയതി വത്തിക്കാനിൽ ആഘോഷിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിനു ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. തദവസരത്തിൽ നൽകിയ സുവിശേഷ സന്ദേശത്തിൽ, കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, പാവങ്ങളോടും, അധഃസ്ഥിതരോടും കൂടുതൽ കരുണയോടെ പെരുമാറുവാനും, ദാനധർമ്മത്തിൽ കൂടുതൽ ഉത്സുകരാകുവാനും പാപ്പാ ആഹ്വാനം ചെയ്തു.

ജീവിതത്തിന്റെ ഇരുളു നിറഞ്ഞ നിമിഷങ്ങളിലും, സഹായകനായും, രക്ഷകനായും ദൈവം കൂടെയുണ്ടെന്നും, അവൻ കടന്നുവരുമെന്നുമുള്ള ഉറപ്പാണ് ഇന്നത്തെ വചനം നമുക്ക് നൽകുന്നതെന്ന് പാപ്പാ ആമുഖമായി പറഞ്ഞു. ഉപരിപ്ലവമായ ദർശനമല്ല  നമുക്ക് ആവശ്യമെന്നും, മറിച്ച് ഉള്ളറകളിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ജീവിത അനുഭവങ്ങളിലേക്ക് നോക്കിക്കൊണ്ട്, അവനു പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

പാവപ്പെട്ടവർക്കുവേണ്ടിയുള്ള  ആഗോളദിനം  നൽകുന്ന രണ്ടു യാഥാർഥ്യങ്ങളെയും, തുടർന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ നിലനിൽക്കുന്ന വ്യാകുലതയെയാണ് ആദ്യമായി പാപ്പാ ചൂണ്ടിക്കാണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു വഴികളിലൂടെയും, ഈ ഉത്ക്കൺഠ ഇന്ന് മനുഷ്യജീവിതത്തെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന നിർഭാഗ്യകരമായ അവസ്ഥാ വിശേഷത്തെയും, പാപ്പാ സൂചിപ്പിച്ചു. ഇന്ന് സമൂഹത്തിൽ നടമാടുന്ന കാര്യങ്ങളെ, കാലാനുക്രമമായി വിശദീകരിക്കുകയാണെങ്കിൽ ഇത്തരത്തിൽ അന്ധകാരപൂർണ്ണമായ നിരവധി ജീവിതാനുഭവങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നു പാപ്പാ പറഞ്ഞു.

ദരിദ്രരുടെ വേദനയ്ക്ക് കാരണമാകുന്ന അനീതി വളരുന്നത് കാണുമ്പോൾ, നിഷ്ക്രിയമായ ഒരു രീതി പിന്തുടരുന്നത് ശരിയല്ലായെന്നും പാപ്പാ പ്രത്യേകം സൂചിപ്പിക്കുന്നു. ഇത് ദാനധർമ്മങ്ങളോട് വ്യക്തമായ പ്രതിബദ്ധത സൃഷ്ടിക്കുന്നില്ലയെന്നും, ക്രൈസ്തവ വിശ്വാസം ഒരു ഭക്തിയായി മാത്രം ചുരുങ്ങുന്ന അവസ്ഥ സംജാതമാകുന്നുവെന്നും പാപ്പാ പറഞ്ഞു. അസമത്വങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും, ഉപഭോഗത്തിന്റെയും നടുവിൽ ദുർബലരായ ജനവിഭാഗത്തെ വിസ്മരിക്കുന്ന അവസ്ഥ ഏറെ ദയനീയമാണെനും പാപ്പാ അടിവരയിട്ടുപറഞ്ഞു.

തുടർന്ന് യേശുവിന്റെ പ്രത്യാശയുടെ കിരണങ്ങൾ പകരുവാനുള്ള നമ്മുടെ കടമയെയും പാപ്പാ ചൂണ്ടിക്കാട്ടി. അനീതിയും വേദനയും ദാരിദ്ര്യവും മാത്രം ഉണ്ടെന്ന് തോന്നുന്നിടത്ത്, പ്രത്യാശയുടെ ഉണർത്തുപാട്ടുമായി അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാനും ജീവിതം പ്രകാശിപ്പിക്കാനും കർത്താവ് വരുമെന്ന ഉറപ്പാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് പാപ്പാ പറഞ്ഞു. ഇത് ക്രിസ്തീയസാമീപ്യത്തിലൂടെയും, ക്രിസ്തീയ സാഹോദര്യത്തിലൂടെയും വളരേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു. ദാനം നൽകുമ്പോൾ, അപരന്റെ കണ്ണുകളിലേക്ക് നോക്കണമെന്നും, അല്ലാതെ അവനു നേരെ 'നാണയം വലിച്ചെറിയരുതെന്നും' പാപ്പാ പറഞ്ഞു. അതിനാൽ ദാനധർമ്മങ്ങളിൽ സജീവമായ വിശ്വാസം ആവശ്യമാണെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിച്ചു. "ദരിദ്രരെ സേവിക്കുന്നിടത്തോളം നാം യേശുവിന്റെ സഭയായി മാറുന്നുവെന്നും, സഭ എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു ഭവനവും, അനുകമ്പയോടെ ഇടമെന്നുമുള്ള" കർദിനാൾ മർത്തീനിയുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2024, 14:05