അംഗങ്ങൾ ഫ്രാൻസിസ് പാപ്പയോടൊപ്പം അംഗങ്ങൾ ഫ്രാൻസിസ് പാപ്പയോടൊപ്പം   (Vatican Media)

സമൂഹത്തിലെ ദുർബലരെ സംരക്ഷിക്കണം: പാപ്പാ

അന്താരാഷ്ട്ര ജൈനമത പ്രതിനിധിസംഘവുമായി നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, സമൂഹത്തിലെ അധഃസ്ഥിതരായ സഹോദരങ്ങൾക്കു വേണ്ടി അവർ ചെയ്യുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൈനമതവും, കത്തോലിക്കാ സഭയും തമ്മിൽ നടത്തുന്ന മതസൗഹാർദ്ദ ചർച്ചകളുടെ ഭാഗമായി, വത്തിക്കാനിലെത്തിയ  അന്താരാഷ്ട്ര ജൈനമത പ്രതിനിധിസംഘവുമായി നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച്ച നടത്തി. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമെ, മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയിലും സംഘം സന്ദർശിച്ച് , ചർച്ചകൾ നടത്തും. ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ, അതേ  ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്, നേരിടുന്ന  മരണാസന്നമായ രോഗാവസ്ഥയെ എടുത്തു പറയുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 

വർത്തമാന കാലഘട്ടത്തിൽ, ദരിദ്രരെയും, സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും പരിപാലിക്കുന്നതിനു ജൈനമതം പ്രതിബദ്ധതയോടെ നടത്തുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അടിവരയിടുകയും, അവർക്കു നന്ദി പറയുകയും ചെയ്തു. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലുത് വ്യക്തിപ്രധാന്യത്തെ പർവ്വതീകരിക്കുന്നതും, നിസ്സംഗതയുമാണെന്നു പറഞ്ഞ പാപ്പാ, ബഹുസാംസ്കാരിക സന്ദർഭങ്ങളിൽ, ഇത് മറ്റുള്ളവരുടെ അന്തസ്സിനെയും അവകാശങ്ങളെയും പുച്ഛിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം പുലർത്തുവാനുള്ള മുറവിളിയുമായി ഒരുകൂട്ടർ ഒരുവശത്തു നിൽക്കുമ്പോൾ, മറുവശത്തു, സാമൂഹിക സൗഹൃദം, ഐക്യദാർഢ്യം, ശാശ്വത സമാധാനം എന്നിവ കെട്ടിപ്പടുക്കാൻ അധ്വാനിക്കുന്നവരുമുണ്ടെന്നു പാപ്പാ പറഞ്ഞു.

ഈ ക്രിയാത്മക ശ്രമങ്ങൾ തടസ്സപ്പെടുന്ന അവസരത്തിലും, നിരുത്സാഹപ്പെടാതെ, പ്രത്യാശ വിതയ്ക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. തുല്യമായ അവകാശങ്ങളും, കടമകളും, അന്തസും നൽകി മനുഷ്യനെ സൃഷ്ടിച്ച ദൈവം, എല്ലാവർക്കും നൽകിയ ആഹ്വാനം പരസ്പരം സഹോദരങ്ങളായി ജീവിക്കുക എന്നതായിരുന്നുവെന്നും, അതിനാൽ സാർവത്രിക സാഹോദര്യം എപ്പോഴും ഉയർത്തിപ്പിടിക്കേണ്ട ഒന്നാണെന്നും പാപ്പാ പറഞ്ഞു.ഇതുതന്നെയാണ് പൊതുഭവനത്തിന്റെ സംരക്ഷണത്തിനും ഏറെ ആവശ്യമായതെന്നും പാപ്പാ ഉപസംഹാരമായി ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 15:34