ഫ്രാൻസിസ് പാപ്പാ, മതാന്തരസംവാദങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിലെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ, മതാന്തരസംവാദങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിലെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

പരസ്പരസംവാദങ്ങളുടെയും സമാധാനത്തിന്റെയും സംസ്കാരം വളർത്തുക: ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലെ മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും, ടെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള, മത, സാംസ്‌കാരിക സംവാദങ്ങൾക്കായുള്ള പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച പന്ത്രണ്ടാമത് സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ന്യൂക്ലിയർ ഭീഷണി പോലും നിലനിൽക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള വിശ്വാസികളുടെ കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചു. വിശ്വസനീയരായ മനുഷ്യരായിത്തീരാനുള്ള മാർഗ്ഗമാണ് സമാധാനത്തിനായുള്ള പരിശ്രമങ്ങൾ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവവിശ്വാസികൾ എന്ന നിലയിൽ, സമാധാനത്തിനായി പ്രാർത്ഥിക്കാനും, പരിശ്രമിക്കാനും, പരസ്പരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലെ മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും, ടെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള, മത, സാംസ്‌കാരിക സംവാദങ്ങൾക്കായുള്ള പ്രസ്ഥാനവും തമ്മിലുള്ള പന്ത്രണ്ടാമത് സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് നവംബർ ഇരുപത് ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് സമാധാനത്തിനായും പരസ്പരസംവാദങ്ങളിലൂടെയുള്ള സഹകരണത്തിനായും പാപ്പാ ഏവരെയും ഉദ്ബോധിപ്പിച്ചത്.

"കുടുംബത്തിലുൾപ്പെടെ, ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ക്രൈസ്തവരുടെയും ഇസ്ലാം മതവിശ്വാസികളുടെയും വെല്ലുവിളി" എന്ന വിഷയം ഇത്തവണത്തെ സംവാദങ്ങൾക്കായി തിരഞ്ഞെടുത്തതിനെ പാപ്പാ അഭിനന്ദിച്ചു. ജീവന്റെ തൊട്ടിലായ കുടുംബമാണ് വിദ്യാഭ്യാസത്തിന്റെ പ്രഥമയിടം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ച് അറിയാനും ബഹുമാനിക്കാനും, അവരോടൊത്ത് സഹജീവിക്കാനും അഭ്യസിക്കുന്നത് കുടുംബങ്ങളിലാണെന്ന് അനുസ്മരിച്ച പാപ്പാ, ഇക്കാര്യത്തിൽ ഇരു മതസംസ്കാരങ്ങളിലും വയോധികർക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞു. വയോധികരുടെ ജീവിതസാക്ഷ്യം വഴി കൈമാറ്റം ചെയ്യപ്പെടുന്ന മതവിദ്യാഭ്യാസം യുവജനങ്ങളുടെ വളർച്ചയിൽ ഏറെ മൂല്യമുള്ളതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്നെ പ്രാർത്ഥിക്കാൻ അഭ്യസിപ്പിച്ചത് തന്റെ മുത്തശ്ശിയാണെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട് പാപ്പാ അനുസ്മരിച്ചു.

ആധുനികസംസ്കാരത്തിൽ, ഭിന്നമതങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള വിവാഹബന്ധങ്ങൾ മൂലമുള്ള പ്രത്യേക വ്യവസ്ഥിതി നിലനിൽക്കുന്ന ഇക്കാലത്ത്, ക്രൈസ്തവർക്കും ഇസ്ലാം മതവിശ്വാസികൾക്കും വിദ്യാഭ്യാസരംഗത്ത് പൊതുവായ വെല്ലുവിളികൾ ഉണ്ടായേക്കാമെന്ന് പറഞ്ഞ പാപ്പാ, ഇത്തരം കുടുംബപശ്ചാത്തലങ്ങൾ മതാന്തരസംവാദങ്ങൾക്ക് അനുയോജ്യമായ ഇടങ്ങളാണെന്ന് പ്രസ്താവിച്ചു.

ചില സമൂഹങ്ങളിലെ വിശ്വാസത്തിന്റെയും മതജീവിതത്തിന്റെയും ക്ഷയം, അവിടെയുള്ള കുടുംബങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബങ്ങൾ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അതിന്റെ നിയോഗം നല്ല രീതിയിൽ നിവൃത്തിയാക്കപ്പെടുന്നതിന് ഏവരുടെയും, പ്രത്യേകിച്ച് രാഷ്ട്രത്തിന്റെയും, വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും, അവരവരുടെ മതസമൂഹങ്ങളുടെയും സഹായം ആവശ്യമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

തങ്ങളുടെ കുടുംബങ്ങളിൽനിന്ന് പുറത്തിറങ്ങി, വലിയ മാനവികകുടുംബവുമായുള്ള കണ്ടുമുട്ടലിനായി വ്യക്തികളെ ഒരുക്കുന്നതിൽ മതാന്തരസംവാദങ്ങൾക്കുള്ള പങ്ക് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. ഇതിനായി, തുറന്ന മനസ്സോടെയും, പരസ്പരബഹുമാനത്തോടെയും, സത്യസന്ധതയോടെയും, സൗഹൃദത്തോടെയും ഉള്ള സമൂർത്തമായ സംവാദങ്ങളാണ് നമുക്ക് ആവശ്യമെന്ന് പാപ്പാ വ്യക്തമാക്കി. തങ്ങളുടെതന്നെയും, മറ്റുള്ളവരുടെയും സമൂഹങ്ങൾക്ക് മുന്നിൽ വിശ്വസനീയരാകാൻ ഇത്തരം സംവാദങ്ങൾ നമ്മെ സഹായിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നാം ചിന്തിക്കുന്നവയ്ക്കും, പറയുന്നവയ്ക്കും, ചെയ്യുന്നവയ്ക്കും ദൈവത്തിന് മുന്നിൽ കണക്കുകൊടുക്കേണ്ടവരാണ് നാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ദൈവാന്വേഷണത്തിന്റേതായ നമ്മുടെ ജീവിതത്തിൽ വ്യക്തികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിന്റെയും, വ്യക്തികളുടെയും, സമൂഹത്തിന്റെയും ജനതയുടെയും അവകാശങ്ങൾ മാനിക്കുന്നതിന്റെയും പ്രാധാന്യം പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. മനഃസാക്ഷിയുടെയും, മതങ്ങളുടെയും സ്വാതന്ത്ര്യമാണ് മനുഷ്യാവകാശങ്ങളുടെ മൂലക്കല്ലെന്ന് പാപ്പാ പ്രസ്താവിച്ചു. മതസ്വാതന്ത്ര്യമെന്നത്, അവനവന്റെ വിശ്വാസം ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറിച്ച്, തന്റെ വിശ്വാസത്തിലും, മതജീവിതത്തിലും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം കൂടിയാണെന്ന് പാപ്പാ ദിഞ്ഞിത്താത്തിസ് ഉമാനെ എന്ന രണ്ടാം വത്തിക്കാൻ രേഖ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു (cfr Conc. Ecum. Vat. II, Dich. Dignitatis humanae, 3-4).  

ലോകം വെറുപ്പിന്റെയും, സംഘർഷങ്ങളുടെയും, ഭീഷണികളുടെയും, യുദ്ധങ്ങളുടെയും, ആണവഭീഷണിയുടെയും ഇടയിൽ മുറിവേറ്റ നിലയിലാണ് കടന്നുപോകുന്നതെന്ന്  ഓർമ്മിപ്പിച്ച പാപ്പാ, ഈയൊരവസ്ഥയിൽ, സമാധാനത്തിന്റെ ദൈവത്തിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, പ്രാർത്ഥിക്കാനും, സംവാദങ്ങൾക്കും അനുരഞ്ജനത്തിനും സമാധാനത്തിനും, സുരക്ഷയ്ക്കും, മാനവികതയുടെ സുസ്ഥിരപുരോഗതിക്കുമായി പരിശ്രമിക്കാനും നമുക്ക് കടമയുണ്ടെന്ന് ഓർമ്മിപ്പിച്ചു. സർവ്വശക്തനായ ഒരു ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. സമാധാനത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ വഴിയാണ് നാം ലോകത്തിനും, പുതുതലമുറകൾക്കും മുന്നിൽ വിശ്വസനീയരായിത്തീരുക എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തന്റെ പ്രഭാഷണത്തിന്റെ ആദ്യത്തിൽ, ഇറാനിലെ ചെറിയ അജഗണം തനിക്ക് പ്രിയപ്പെട്ടതാണെന്ന് പ്രസ്താവിച്ച പാപ്പാ, സഭ സർക്കാരിനെതിരല്ലെന്ന് ഓർമ്മിപ്പിച്ചിരുന്നു. ടെഹ്റാനിലെ ഇസ്പഹാൻ അതിരൂപതാദ്ധ്യക്ഷനെ കർദ്ദിനാളാക്കാൻ തീരുമാനിച്ചത്, അവിടുത്തെ സഭയോടുള്ള തന്റെ അടുപ്പം കാണിക്കുന്നതിന് മാത്രമല്ല, രാജ്യത്തിന് മുഴുവനുമായുള്ള ഒരു ബഹുമതിയായാണെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2024, 16:04