വിദ്യാഭ്യാസരംഗത്ത് ആത്മവിശ്വാസവും ധീരതയും പകരുന്ന കത്തോലിക്കാചിന്തകൾ പ്രോത്സാഹിപ്പിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇറ്റലിയിലെ ബ്റേഷ്യയിൽനിന്നുള്ള "ല സ്‌ക്വോള" എന്ന പ്രസാധകപ്രസ്ഥാനത്തിലെ പ്രതിനിധികൾക്ക് നവംബർ ഇരുപത്തിയൊന്നാം തീയതി വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, വായനക്കാരിൽ, പ്രത്യേകിച്ച് കുട്ടികളിൽ ആത്മവിശ്വാസവും ധീരതയും പകരുന്ന, കത്തോലിക്കാചിന്തകളിൽ പ്രചോദിതമായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പ്രാധാന്യം കൊടുക്കാൻ ആഹ്വാനം ചെയ്‌തു. സാഹോദര്യത്തിന്റെ മൂല്യമുള്ള ബന്ധങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക്, സുവിശേഷമൂല്യങ്ങൾ നൽകുന്ന പങ്ക് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. അറിവിനും ജ്ഞാനത്തിനുമായുള്ള ദാഹം വളർത്തുന്ന പുസ്തകങ്ങളാണ് നിങ്ങൾ തയ്യാറാക്കേണ്ടതെന്ന് തന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗത്തും പാപ്പാ ഓർമ്മിപ്പിച്ചു.
കുട്ടികൾക്ക് പരിശീലനം നൽകുന്ന എല്ലാ ഇടങ്ങളും സംയോജിതമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും തന്റെ പ്രഭാഷണത്തിൽ പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. ഭവനങ്ങളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും, സമൂഹത്തിലും, പരസ്പരസഹകരണത്തോടെയും മൂല്യങ്ങൾ പങ്കുവച്ചുമുള്ള വിദ്യാഭ്യാസപരിശീലനമാണ് കുട്ടികൾക്ക് ലഭിക്കേണ്ടത്.
കുട്ടികളുടെ മനസ്സും ഹൃദയവും ലോകത്തിലേക്ക് തുറക്കുന്നതിനായി പരിശീലനം ലഭിക്കുന്ന ഇടമാണ് സ്‌കൂളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, കുട്ടികളെ ആശയങ്ങൾകൊണ്ട് നിറയ്ക്കുക എന്നതിനേക്കാൾ, ഉത്ഥിതനായ ക്രിസ്തുവുമായുള്ള സൗഹൃദം, ജീവിതത്തെ എത്രമാത്രം മാനുഷികമാക്കി മാറ്റുന്നു എന്ന് കാട്ടിക്കൊടുത്തുകൊണ്ട്, മാനുഷികവും ആധ്യാത്മികവുമായ വളർച്ചയിലേക്കുള്ള യാത്രയിൽ അവരെ അനുഗമിക്കുകയും ധൈര്യപ്പെടുത്തുകയുമാണ് സ്‌കൂളുകൾ ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നന്മ കേൾക്കാൻ സഹായിക്കുന്ന ഹൃദയത്തിന്റെ ഭാഷയും, നന്മ ചിന്തിക്കാൻ സഹായിക്കുന്ന ശിരസ്സിന്റെ ഭാഷയും, നന്മ പ്രവർത്തിക്കാൻ സഹായിക്കുന്ന കരങ്ങളുടെ ഭാഷയും ഒരുമിച്ചുകൊണ്ടുപോകാൻ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബങ്ങളെയും, സ്കൂളുകളെയും സമൂഹത്തെയും ഒരുമിച്ചുകൊണ്ടുപോകാനും സഹകരിച്ചു പ്രവർത്തിക്കാനും സഹായിക്കുന്ന ഒരു വിദ്യാഭ്യാസരീതിയാണ് നമുക്ക് ആവശ്യമുള്ളത്.
നൂറ്റിയിരുപതോളം വർഷങ്ങൾക്കുമുൻപ് , 1904-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ പിതാവിന്റെ കൂടി സഹായത്തോടെ ആരംഭിച്ചതാണ് "ല സ്‌ക്വോള" എന്ന പ്രസാധകപ്രസ്ഥാനം. പരിശീലകരുടെ വിദ്യാഭ്യാസത്തോടും പരിശീലനത്തോടുമുള്ള ല സ്‌ക്വോള പ്രസ്ഥാനത്തിന്റെ അഭിനിവേശവും പ്രതിബദ്ധതയും, പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: