വിശുദ്ധിയിലേക്കുള്ള ദൈവവിളി ഏറെ പ്രാധാന്യമർഹിക്കുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഗൗദേത്തെ എത് എക്സുൾത്താത്തെ (gaudete et exsultate) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ സമകാലിക ലോകത്തിലെ ക്രിസ്തുവിന്റെ വിശ്വസ്തരായ ശിഷ്യന്മാർക്ക് വിശുദ്ധിയിലേക്കുള്ള സാർവത്രിക ആഹ്വാനത്തെക്കുറിച്ച് പറയുന്നതിനെ വീണ്ടും സ്മരിച്ചുകൊണ്ട്, പ്രാദേശിക സഭകളിലെ വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ദൈവദാസർ, എന്നിവരെ പ്രത്യേകം സ്മരിക്കുവാൻ, ജൂബിലി വർഷമായ 2025 മുതൽ, ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠാതിരുനാളായ നവംബർ ഒൻപതാം തീയതി തിരഞ്ഞെടുക്കണമെന്നു ഫ്രാൻസിസ് പാപ്പാ കത്തിലൂടെ ആഹ്വാനം ചെയ്തു. "ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും, ഏതു അവസ്ഥയിലായാലും പദവിയിലായാലും, ക്രിസ്തീയ ജീവിതത്തിന്റെ പൂർണ്ണതയിലേക്കും ദാനധർമ്മങ്ങളുടെ പൂർണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു" എന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ വചനങ്ങളും പാപ്പാ അനുസ്മരിച്ചു. വിശുദ്ധി, മനുഷ്യപ്രയത്നത്തിന്റെ ഫലമെന്നതിലുപരി, ദൈവത്തിന് റെ പ്രവർത്തനത്തിന് ഇടം നൽകുന്നതിലാണ് ഉൾച്ചേർന്നിരിക്കുന്നതെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
ജീവിതത്തിൽ വിശുദ്ധിയുടെ സാക്ഷ്യം നമുക്ക് നൽകുന്നവർ നിരവധിയാണെന്നും, ഈ വിശുദ്ധിയുടെ മാതൃകകൾ നമ്മുടെ ജീവിതത്തിൽ ഉത്തേജന ശക്തിയാകണെമെന്നും പാപ്പാ തന്റെ കത്തിൽ എടുത്തു പറഞ്ഞു. ക്രിസ്തുവിനുവേണ്ടി രക്തം ചൊരിഞ്ഞ രക്തസാക്ഷികളും, വിശുദ്ധപൂർണ്ണമായ ജീവിതം നയിച്ചവരും, ദൈവസന്നിധിയിൽ നമ്മുടെ മധ്യസ്ഥരാണെന്നു പറഞ്ഞ പാപ്പാ, ഇവരുടെ സാക്ഷ്യങ്ങൾ പ്രാദേശിക സഭകൾക്ക് പ്രത്യേകമാം വണ്ണം ചരിത്രപരമാകണമെന്നും ചൂണ്ടിക്കാട്ടി.
സഭയുടെ ആരാധന വർഷക്രമത്തിൽ മുൻകൂട്ടി നിശ്ചയിച്ച തീയതികളിലും രീതികളിലും സഭ, വിശുദ്ധരെയും, വാഴ്ത്തപ്പെട്ടവരെയും പരസ്യമായി ആദരിക്കുന്നുവെങ്കിലും, അതത് പ്രദേശങ്ങളിലെ വിശുദ്ധരെയും, വാഴ്ത്തപ്പെട്ടവരെയും, ദൈവദാസരെയുമെല്ലാം ഒരു തീയതിയിൽ പ്രത്യേകം അനുസ്മരിക്കുന്നത് ഏറെ ഉചിതമാണെന്നു ഫ്രാൻസിസ് പാപ്പാ തന്റെ കത്തിൽ പ്രത്യേകം അടിവരയിട്ടു പറഞ്ഞു. അതിനായി, നവംബർ മാസം ഒൻപതാം തീയതി സ്മരണ ദിനമായി പ്രഖ്യാപിച്ച പാപ്പാ, ഈ ലക്ഷ്യത്തിനായി, പ്രാദേശിക മെത്രാൻ സമിതികൾ ഇടയ സൂചനകളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കുകയും , നിർദ്ദേശങ്ങൾ നൽകണമെന്നും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: