രക്തസാക്ഷിത്വത്തിന്റെ മൂല്യത്തെ ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വ്യക്തിപരമായ ശ്രമത്തിന്റെയോ തീരുമാനത്തിന്റെയോ മാത്രം ഫലമല്ല രക്തസാക്ഷികളുടെ ജീവത്യാഗമെന്നും, മറിച്ച് വലുതായ ദൈവസ്നേഹത്തിന്റെ ശക്തിയാൽ ഒരുവന്റെ ജീവിതം മാറ്റപ്പെടുമ്പോഴാണ് അത് സാധ്യമാവുകയെന്നും പാപ്പാ ഫ്രാൻസിസ് പാപ്പാ. രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട്, വിശുദ്ധരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഒരുക്കിയ കോൺഫറൻസിൽ സംബന്ധിച്ചവർക്ക് നവംബർ പതിനാല് വ്യാഴാഴ്ച വത്തിക്കാനിലെ ക്ലെമെന്റ് ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് വിശ്വാസത്തിനായി ജീവനേകുന്നതിന്റെ മൂല്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്. "സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല" (യോഹ. 15, 13) എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വചനം പാപ്പാ തന്റെ പ്രഭാഷണത്തിൽ ഉദ്ധരിച്ചു.
ഒരാളെ വിശുദ്ധനെന്ന് പ്രഖ്യാപിക്കാൻ വലിയ അത്ഭുതങ്ങളുടെ ആവശ്യമില്ലെന്നും, രക്തസാക്ഷിത്വം അതിന് മതിയായ കാരണമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സുഹൃത്തുക്കൾക്കായി ജീവനേകുകയെന്നത് ജീവിതത്തിൽ പ്രത്യാശയും ആശ്വാസവും വളർത്തുന്ന ഒന്നാണെന്ന് പാപ്പാ പറഞ്ഞു. അന്ത്യഅത്താഴവേളയിൽ, ക്രിസ്തു തന്റെ ജീവൻ കുരിശിൽ നല്കപ്പെടുവാൻ പോകുന്നതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു പാപ്പാ. സ്നേഹത്തിന് മാത്രമേ കുരിശുമരണത്തിന്റെ കാരണം നൽകാനാവൂ എന്ന് പാപ്പാ വ്യക്തമാക്കി. ദൈവസ്നേഹത്തിന്റെയും കരുണയുടെയും പൂർണ്ണതയാണ് ക്രിസ്തുവിന്റെ കുരിശിൽ നാം കാണുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
രക്തസാക്ഷികൾ ക്രിസ്തുവിന്റെ മാതൃക പൂർണ്ണമായും സ്വീകരിച്ച ശിഷ്യരാണെന്നും, സ്വയം നിഷേധിച്ച്, തന്റെ കുരിശെടുത്ത് ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്രയിലൂടെ അവർ വിശ്വസനീയമായ സാക്ഷ്യമാണ് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. അങ്ങനെ ക്രിസ്തുവിനും സഭയ്ക്കും വേണ്ടി ജീവൻ നല്കിയവരെക്കുറിച്ച് വലിയ ബഹുമാനത്തോടെയാണ് സഭ എന്നും കണ്ടുവന്നിരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നമുക്ക് മാനുഷികമായി സാധിക്കുന്നതിനുമപ്പുറം ദൈവത്തെയും സഭയെയും സ്നേഹിക്കാൻ സഹായിക്കുന്ന ദൈവസ്നേഹത്തിന്റെ ശക്തിക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. എല്ലാ മനുഷ്യർക്കും വിശുദ്ധിയിലേക്കുള്ള ഒരു വിളിയുണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ലുമെൻ ജെൻസ്യൂം പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവത്തെ ഒറ്റുകൊടുക്കുന്നതിനേക്കാൾ സ്വന്തം ജീവൻ നൽകാൻ തയ്യാറായ മറ്റു ക്രൈസ്തവസമൂഹങ്ങൾക്കിടയിൽപ്പോലും ഉള്ള വിശ്വാസത്തിന്റെ സാക്ഷികളായ ഇന്നത്തെ രക്തസാക്ഷികളെക്കുറിച്ച് തീരുമാനങ്ങളെടുക്കാൻ, വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡികാസ്റ്ററിയിൽ “പുതിയ രക്തസാക്ഷികളെക്കുറിച്ച് പഠിക്കാൻ കമ്മീഷൻ” സ്ഥാപിക്കാൻ താൻ തീരുമാനിച്ചതിനെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: