യേശുവിന്റെ ഓർമ്മയിൽ നമ്മെ ഉൾച്ചേർക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
'യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ', എന്ന നല്ല കള്ളന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്, മരണമടഞ്ഞ കർദിനാൾമാർക്കും, മെത്രാന്മാർക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയുടെ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം ആരംഭിച്ചത്. തന്റെ കൂടെ നടന്നവരിൽ ഒരാളോ, അന്ത്യ അത്താഴത്തിൽ പങ്കാളിയായ ഒരാളോ അല്ല യേശുവിനോട് 'തന്നെയും ഓർമ്മിക്കണമേ' എന്ന് അപേക്ഷിക്കുന്നത്, മറിച്ച് പേര് പോലും പരാമർശിക്കപ്പെടാത്ത അവസാന നിമിഷങ്ങളിൽ യേശുവിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണെന്നത് വ്യതിരിക്തമാണെന്നു പാപ്പാ പറഞ്ഞു. എന്നാൽ ഈ അവസാന വാക്കുകൾ, സത്യത്തിന്റെ സംഭാഷണത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.
ഈ നല്ല കള്ളനെ പോലെ നാമും, യേശുവിനോട്, പറുദീസയിൽ എന്നെയും ഓർക്കണമേ എന്ന് അപേക്ഷിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ, തന്റെ വേദനയെ പ്രാർത്ഥനയാക്കി മാറ്റിയതാണ് ഈ വാക്കുകളിൽ പ്രതിധ്വനിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഈ പ്രാർത്ഥന നടത്തുന്നത്, പരാജയപ്പെട്ടവരുടെ ശബ്ദത്തിലല്ല, മറിച്ച് പ്രത്യാശ നിറഞ്ഞ സ്വരത്തിലാണെന്നുള്ളതും അടിവരയിട്ടു. ഈ പ്രാർത്ഥനയ്ക്ക് യേശു നൽകുന്ന ഉത്തരം സ്വീകാര്യതയുടേതാണ്, "നീ ഇന്ന് എന്നോട് കൂടി പറുദീസയിൽ ആയിരിക്കും". കരുണയാൽ സമ്പന്നമായ യേശുവിന്റെ ഓർമ്മയുടെ ഫലപ്രദമായ പ്രതിഫലനമാണ് യേശുവിന്റെ ഈ വാക്കുകളിൽ നിറഞ്ഞിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, അപരിചിതനിൽ നിന്നും, തന്റെ സുഹൃത്തായി ആ നല്ല കള്ളൻ മാറുന്നുവെന്ന സത്യവും എടുത്തു കാണിച്ചു. നമ്മുടെ ജീവിതത്തിൽ യേശുവുമായി കണ്ടുമുട്ടുവാൻ നാം പരിശ്രമിക്കുന്നുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യുവാൻ പാപ്പാ തുടർന്ന് എല്ലാവരെയും ക്ഷണിച്ചു.
യേശുവിനെ പോലെ അനുകമ്പാർദ്രമായ ഒരു ഹൃദയത്തോടെ മറ്റുള്ളവരെ ചേർത്തുനിർത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തുടർന്ന് കഴിഞ്ഞ വർഷം ഇഹലോകവാസം പൂർത്തിയാക്കിയ എല്ലാ കർദിനാൾമാർക്കും, മെത്രാന്മാർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു. ഓരോരുത്തരും അവരവരുടേതായ വിധത്തിൽ സഭയെ സ്നേഹിച്ചുവെന്നതിനാൽ, വിശുദ്ധന്മാരുടെ സഹവാസം അവർ എന്നേക്കും ആസ്വദിക്കാൻ നമുക്ക് പ്രാർത്ഥിക്കാമെന്നു പാപ്പാ ആഹ്വാനം ചെയ്തു. "യേശുവേ ഞങ്ങളെ ഓർക്കണമേ", എന്ന് എല്ലാവരോടും ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: