പരസ്പരം നമ്മെ സമ്പന്നരാക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാധാരണയായി വിയെന്നായിലെ ആർച്ചുബിഷപ്പിന്റെ വസതിയിൽ ഒത്തുചേരുന്ന 'മധ്യസംഗമം' സാമൂഹ്യകൂട്ടായ്‍മയിലെ അംഗങ്ങൾ, ഇത്തവണ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായോടൊപ്പം ഒത്തുചേർന്നതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്ററെ സന്ദേശം ആരംഭിച്ചത്. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവർ ഒരുമിച്ചുചേരുന്ന കൂട്ടായ്മയാണ് മധ്യസംഗമം അഥവാ ബെഘെഗ്നുങ് ഇമ് സെന്ത്‌റൂം (Begegnung im Zentrum). തന്നെ കാണാനെത്തിയിരിക്കുന്ന ഓരോരുത്തർക്കും അവരുടേതായ ജീവിതാനുഭവങ്ങൾ ഉണ്ടെന്നും, അവയിൽ വളരെ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, നാം ഒരു പിതാവിന്റെ മക്കളായ സഹോദരീസഹോദരന്മാരാണെന്നുള്ളത് ഏറെ മഹത്തരമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
കൂട്ടായ്മയിൽ, പരസ്പരം സഹായിക്കുന്നതിനും, പങ്കുവയ്‌ക്കുന്നതിനും മനസുകാണിക്കുന്ന അംഗങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയും, കാലഘട്ടത്തിനാവശ്യമായത് ഈ കൂട്ടായ്മയാണെന്നു പ്രത്യേകമായി എടുത്തു പറയുകയും ചെയ്തു. ഇതിൽ തനിക്കുള്ള അഭിമാനവും സന്തുഷ്ടിയും പാപ്പാ പ്രകടിപ്പിച്ചു. ചിലർ മാത്രം കൊടുക്കുവാൻ മനസ് കാണിക്കുകയും, ചിലർ സ്വീകരിക്കുവാൻ മാത്രം താത്പര്യം കാണിക്കുകയും ചെയ്യുന്നത് ശരിയല്ലായെന്നും, മറിച്ച് നാമെല്ലാവരും സ്വീകരിക്കുന്നവരും, നല്കുന്നവരുമാകുന്നതാണ് നല്ല സമൂഹത്തിന്റെ ലക്ഷണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇപ്രകാരം പരസ്പരം പങ്കുവയ്ക്കുവാനും, സമ്പന്നരാക്കുവാനും എല്ലാവരും യത്നിക്കണമെന്നും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. എന്നാൽ ഈ പരസ്പരമുള്ള പങ്കുവയ്ക്കൽ, വെറും ഭൗതീക വസ്തുക്കളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് ലളിതമായ ഓരോ ശരീരഭാഷയും, നോട്ടവും, പുഞ്ചിരിയും, സൗഹൃദവും, ശ്രദ്ധയും, സൗജന്യമായ സേവനവുമെല്ലാം ഇപ്രകാരം പങ്കുവയ്ക്കലിന്റെ അനുഭവം നൽകുന്നതാണെന്നും പാപ്പാ പറഞ്ഞു.
നമുക്കു ചുറ്റുമുള്ള നല്ല ആളുകളിലൂടെ നമുക്കു ലഭിക്കുന്ന ദൈവീക സ്നേഹത്തിനു നാം നന്ദി പറയണമെന്നും, എല്ലാ പരിമിതികൾക്കും, പ്രയാസങ്ങൾക്കും അതീതമായി ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ദൈവീകദൃഷ്ടിയിൽ ഓരോരുത്തരും അതുല്യരാണെന്നും, നമ്മെ അവൻ ഒരിക്കലും വിസ്മരിക്കുകയില്ലെന്നും അടിവരയിട്ടു പാപ്പാ, സഹോദരീസഹോദരന്മാരെന്ന നിലയിൽ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു ദാനമായി സമർപ്പിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: