കൂടിക്കാഴ്ചയിൽ നിന്നും കൂടിക്കാഴ്ചയിൽ നിന്നും   (VATICAN MEDIA Divisione Foto)

സഭ എല്ലാവരുടെയും മാതാവാണ്: ഫ്രാൻസിസ് പാപ്പാ

വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും, ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സമ്മേളനത്തിൽ, "ഒരു സിനഡൽ സഭയുടെ അവശ്യ സമ്പ്രദായങ്ങൾ പഠിക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള പ്രത്യേക ഇടങ്ങൾ കുടുംബങ്ങൾ ആണെന്നുള്ള" ഭാഗം  ഉദ്ധരിച്ചുകൊണ്ടാണ് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ  അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം നൽകിയത്. വിവാഹവും കുടുംബവും മനുഷ്യ  ജീവിതത്തിൽ  നിർണ്ണായകമായ രണ്ടു ഘടകങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ഇവയെ പരിപാലിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും, സുവിശേഷവത്ക്കരിക്കുന്നതിനും സഭ നടത്തുന്ന അജപാലന ശുശ്രൂഷയെയും അടിവരയിട്ടു പറഞ്ഞു.

എന്നാൽ ചില രാജ്യങ്ങളിൽ, മാനുഷിക അന്തസ്സിനെ മാനിക്കാതിരിക്കുന്നതും, സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ  ഇടപെടലുകൾ നടത്തുന്ന നിർഭാഗ്യകരമായ അവസ്ഥകൾ ഉണ്ടെന്നതും പാപ്പാ ചൂണ്ടിക്കാട്ടി. രക്ഷാപദ്ധതിയിൽ പുരുഷനും സ്ത്രീയും തമ്മിൽ വിവേചനമില്ല: ഇരുവരും ക്രിസ്തുവിന്റേതാണ് എന്നുള്ള ഉന്നതമായ ചിന്തകൾ പങ്കുവച്ചുകൊണ്ട്, സ്ത്രീകൾക്ക് നൽകേണ്ടുന്ന സ്വാതന്ത്ര്യത്തെ പാപ്പാ അടിവരയിട്ടു പറഞ്ഞു. വിവാഹത്തിന്റെ കൂദാശ കാനയിലെ വിവാഹവിരുന്നിൽ വിളമ്പുന്ന നല്ല വീഞ്ഞ് പോലെയാണെന്ന് പറഞ്ഞുകൊണ്ട്,  തുറന്നതും സ്വാഗതം ചെയ്യപ്പെടുന്നതുമായ ഒരു ഭവനമായി നമ്മുടെ ജീവിതങ്ങൾ മാറണമെന്നും പാപ്പാ പറഞ്ഞു. വേര്തിരിവുകളില്ലാതെ എല്ലാവർക്കും ഈ ഭവനത്തിൽ അഭയസ്ഥാനം കണ്ടെത്തുവാൻ കഴിയണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വിവാഹമോചിതരും പുനർവിവാഹിതരുമായ വ്യക്തികൾക്കും,  വേദനാജനകമായ അനുഭവങ്ങളുടെ മുറിവുകൾക്കിടയിലും വിശ്വാസത്തിൽ സ്ഥിരോത്സാഹം പുലർത്താനുള്ള അവരുടെ ആഗ്രഹത്തിന് സഭയിലെ അവരുടെ സാന്നിധ്യം സാക്ഷ്യം വഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കുടുംബങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ സ്നേഹത്താൽ മാത്രമാണ് ഉണങ്ങുന്നുവെന്നും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി.

വിവാഹത്തോടും, കുടുംബത്തോടും വ്യത്യസ്ത സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും മനോഭാവത്തെക്കുറിച്ച് വിമർശനാത്മക അറിവ് വികസിപ്പിക്കുന്ന പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും, കൂടുതൽ ആഴത്തിൽ ബന്ധങ്ങൾ ദൃഢമാക്കുവാനുള്ള ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഫലപ്രദമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 15:23