മെച്ചപ്പെട്ട ക്രിസ്തീയ സാക്ഷ്യത്തിനായി ഒരുമിച്ചു യാത്ര ചെയ്യണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മലങ്കര മാർത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ നവംബർ പതിനൊന്നാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച നടത്തി. റോമൻ സഭയുമായി, മാർത്തോമാ സഭ പുലർത്തുന്ന അഗാധ ബന്ധത്തിനും, സമാധാന സൗഹൃദങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. സഭയുടെ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകൾ കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു.
എക്യൂമെനിക്കൽ ദൗത്യത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്ന ഒരു സഭയെന്ന നിലയിൽ, കിഴക്കിനെയും, പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന ഒരു പാലമാണ് മാർത്തോമാ സഭയെന്നു പാപ്പാ പറഞ്ഞു. ഈ ദൗത്യങ്ങൾ, രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ അവസരത്തിൽ നിരീക്ഷകനായി പങ്കെടുത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ് ആരംഭിച്ചതെന്നുള്ള ചരിത്രവും പാപ്പാ സൂചിപ്പിച്ചു. കാലങ്ങൾക്കിപ്പുറം, 2022 നവംബറിൽ കത്തോലിക്കാ സഭയുമായുള്ള സമ്പർക്കങ്ങൾക്കുള്ള അനൗദ്യോഗിക സംഭാഷണങ്ങൾ ആരംഭിച്ചതും പാപ്പാ അനുസ്മരിച്ചു, ഈ പ്രവർത്തനങ്ങൾ ഇനിയും കാര്യക്ഷമമായി മുൻപോട്ടു പോകുവാൻ പരിശുദ്ധാത്മാവിന്റെ മധ്യസ്ഥതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. "അവർ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശയ്ക്കരികിൽ ഇരിക്കും" എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുർബാനയിൽ നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാൻ കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു.
സംഭാഷണത്തിന്റെ ഈ യാത്രയിൽ, സിനഡാലിറ്റിയും, ദൗത്യവും എന്ന രണ്ടു കാഴ്ചപ്പാടുകളെ പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു കാട്ടി. കത്തോലിക്കാ സഭയിൽ സിനഡാലിറ്റിയെ കുറിച്ച് നടത്തിയ സിനഡിനെയും, മാർത്തോമാ സഭ വച്ചുപുലർത്തുന്ന സിനഡൽ പാരമ്പര്യത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. സഭകൾ തമ്മിലുള്ള മൊത്തം ഒത്തുചേരലിന്റെ തീയതി അന്ത്യവിധിയുടെ പിറ്റേദിവസവമാണെന്നാണ് മഹാനായ സിസിയൗലാസ് ക്രിസ്തീയ ഐക്യത്തെക്കുറിച്ച് പറയുന്നതെങ്കിലും, ഇതിനിടയിൽ നാം ഒരുമിച്ചു നടക്കുകയും ഒരുമിച്ചു പ്രാർഥിക്കുകയും ഒരുമിച്ചു പ്രവർത്തിക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
സിനഡലിസവും, എക്യുമെനിസവും അഭേദ്യമായ ബന്ധം പുലർത്തുന്നുവെന്നും കാരണം അവയുടെ ലക്‌ഷ്യം ക്രൈസ്തവസാക്ഷ്യമാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കേണ്ടത് ഏറെ ഉചിതമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള ഒരു എക്യുമെനിക്കൽ സിനഡ് ഒരുമിച്ച് ആഘോഷിക്കാൻ സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടും, സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: