ഗാസയിൽ മോചിതരാക്കപ്പെട്ട ഇസ്രായേലി തടവുകാർ പാപ്പായെ സന്ദർശിച്ചു
സാൽവത്തോരെ ചേർന്നൂത്സിയോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2023 ഒക്ടോബർ 7 ന് ക്രൂരമായ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ഒരു കൂട്ടം ഇസ്രായേൽ ബന്ദികളെ ഗാസയിൽ മോചിപ്പിച്ചതിനെ തുടർന്ന്, അവരെ നവംബർ മാസം പതിനാലാം തീയതി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുകയും, അവരുമായി സൗഹൃദ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അപ്പസ്തോലിക കൊട്ടാരത്തിലെ, ഗ്രന്ഥശാലയിൽ നടന്ന കൂടിക്കാഴ്ചയിൽ, പത്ത് സ്ത്രീകളും നാല് പുരുഷന്മാരും രണ്ട് കുട്ടികളുമടക്കം പതിനാറ് പേരുണ്ടായിരുന്നു. ഖത്തറിന്റെയും, ഈജിപ്തിന്റെയും, അമേരിക്കയുടെയും മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിൽ നടത്തിയ താൽക്കാലിക വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി വിട്ടയക്കപ്പെട്ട ബന്ദികളാണ് ഇവർ.
ഇപ്പോഴും ബന്ദികളായി തടവിൽ കഴിയുന്ന ഏതാനും ചെറുപ്പക്കാരുടെ ഫോട്ടോയും വന്നവർ പാപ്പായ്ക്കു നൽകി. "വീടുകളിലേക്ക് അവരെയും എത്തിക്കണം" എന്ന വാചകവും ചിത്രങ്ങളിൽ ആലേഖനം ചെയ്തിരുന്നു. അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള അഭ്യർത്ഥന, "ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം" എന്ന ലോഗോ എന്നിവയും അവർ പാപ്പായ്ക്കു കൈമാറി.
ഹമാസ് ആക്രമണത്തിന്റെ ആദ്യദിനം മുതൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം ഫ്രാൻസിസ് പാപ്പാ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 1,100-ലധികം ഇസ്രായേൽക്കാർ കൊല്ലപ്പെടുകയും, സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിൻ്റെ പിടിയിലകപ്പെട്ട ചില ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങളെ ഏപ്രിൽ മാസം എട്ടാം തീയതി ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചിരുന്നു. അതിനുമുമ്പ്, 2023 നവംബർ 22 തീയതിയും പലസ്തീൻ ബന്ദികളുടെയും ഇസ്രായേൽ ബന്ദികളുടെയും കുടുംബാംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സന്ദർശിച്ചിരുന്നു. ഹമാസ് ആക്രമണത്തിനു ശേഷം, തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾക്കിടയിൽ, ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 43,700 ഓളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: