തിരയുക

കൂടിക്കാഴ്ചയിൽ നിന്നും കൂടിക്കാഴ്ചയിൽ നിന്നും   (VATICAN MEDIA Divisione Foto)

റോഡ് സുരക്ഷാനിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം: പാപ്പാ

ഇറ്റാലിയൻ മോട്ടോർ സൈക്ലിംഗ് ഫെഡറേഷൻ അംഗങ്ങളുമായി, നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി, ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്ന, ഇറ്റലിയിലെ മോട്ടോർസൈക്ലിംഗ് ഫെഡറേഷനിലെ അംഗങ്ങളുമായി, നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി, തിങ്കളാഴ്ച്ച, വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി. പാപ്പാ നൽകിയ ഹ്രസ്വസന്ദേശത്തിൽ, ഫെഡറേഷൻ അംഗങ്ങൾ സമൂഹത്തിനു നൽകുന്ന സുരക്ഷയുടെ ആഹ്വാനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

കായിക ഇനം എന്ന നിലയിൽ ദേശീയമായി മാറ്റുരയ്ക്കുന്നതിനും, അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും ഫെഡറേഷൻ അംഗങ്ങൾ വഹിക്കുന്ന ചുമതലകൾ എടുത്തു പറഞ്ഞ പാപ്പാ, ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും, റോഡ് സുരക്ഷാ  നിയമങ്ങൾ പാലിക്കുന്നതിൽ സ്വയാവബോധം വളർത്തുന്നതിനുള്ള കടമകളും അടിവരയിട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റോഡ് സുരക്ഷയെകുറിച്ചുള്ള ബോധവത്ക്കരണം അഭിനന്ദനാർഹമാണെന്നും പാപ്പാ പറഞ്ഞു. മോട്ടോർസൈക്കിൾ വീരന്മാരോടുള്ള ആരാധന പുലർത്തുന്ന ചെറുപ്പക്കാർ, എന്നാൽ അപകടങ്ങളെക്കുറിച്ചു ബോധ്യമില്ലാതെ പെരുമാറുന്നത്, മനസിലാക്കുവാൻ, ഫെഡറേഷൻ അംഗങ്ങൾക്ക് കൂടുതൽ അവസരമുണ്ടെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവം , അപകടങ്ങൾ കൂട്ടുന്നുവെന്നും, ഇത് വാഹനത്തിലുള്ള എല്ലാവർക്കും ജീവഹാനി വരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. അതുകൊണ്ട് റോഡ് സുരക്ഷാനിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അവസാനം, നർമ്മരസത്തോടെ, തന്റെ മോട്ടോർസൈക്കിൾ, പ്രായം ചെന്നതിനാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും, അതിനാൽ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 15:29