അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ച അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ച  (Vatican Media)

തീർത്ഥാടകർക്ക് ആത്മീയ അനുഭവം കണ്ടെത്തുവാൻ ബസിലിക്കയിൽ സാധിക്കണം: പാപ്പാ

വത്തിക്കാൻ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ നിർമ്മാണ- പരിപാലന സംഘത്തിലെ സാങ്കേതിക വിദഗ്ദ്ധർക്കും പങ്കാളികൾക്കും ഫ്രാൻസിസ് പാപ്പാ നവംബർ മാസം പതിനൊന്നാം തീയതി, കൂടിക്കാഴ്ച്ച അനുവദിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആത്മീയമായും ഭൗതികമായും നൂതന സാങ്കേതിക വിദ്യകളിലൂടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തെ മനോഹരമാക്കുന്നതിൽ എല്ലാവരുടെയും സഹകരണത്തിനു നന്ദി പറഞ്ഞുകൊണ്ട്,  വത്തിക്കാൻ വിശുദ്ധ പത്രോസിന്റെ  ബസിലിക്കയുടെ നിർമ്മാണ- പരിപാലന സംഘത്തിലെ സാങ്കേതിക വിദഗ്ദ്ധർക്കും പങ്കാളികൾക്കും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. നവംബർ മാസം പതിനൊന്നാം തീയതി നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് പാപ്പാ തന്റെ സന്ദേശം നൽകിയത്. സാങ്കേതിക വിദ്യകളുടെ ഉപയോഗം, സർഗ്ഗാത്മകതയെ മാത്രമല്ല, മറിച്ച് ഉത്തരവാദിത്വത്തെ കുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ആത്‌മീയതയിൽ മറ്റുള്ളവരെ വളർത്തുന്നതിനുതകും വിധം സാങ്കേതിക വിദ്യകളെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. 

എല്ലാ സന്ദർശകർക്കും വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും ഒരു ജീവനുള്ള സ്ഥലമെന്ന നിലയിലും, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ എല്ലാവർക്കും സ്വീകാര്യത അനുഭവപ്പെടണമെന്നും, വിശ്വാസമുള്ളവരും വിശ്വാസം തേടുന്നവരും, റോമിന്റെ നിരവധി കലാപരമായ സൗന്ദര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ വരുന്നവരും , അതിന്റെ സാംസ്കാരിക ഏടുകൾ  മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരും ഈ ബസിലിക്കയിൽ സംഗമിക്കുമ്പോൾ, അവർക്ക് ആതിഥ്യമരുളുവാൻ ഉതകും വിധം ബസിലിക്ക മാറണമെന്നും പാപ്പാ പറഞ്ഞു.

ബസിലിക്കയുടെ മൂലകേന്ദ്രം അപ്പസ്തോലന്മാരിൽ  ഒന്നാമനായി കർത്താവായ യേശു തിരഞ്ഞെടുത്ത ശിഷ്യനായ പത്രോസിന്റെ ശവകുടീരമാണെന്നതിനാൽ, വിശ്വാസികളെ ആത്മീയതയിൽ സഹായിക്കുവാൻ ബസിലിക്കയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കഴിയണമെന്നും പാപ്പാ ആവശ്യപ്പെട്ടു. തുടർന്ന് പ്രാർത്ഥന ശ്രവിക്കുക, വിശ്വാസത്തിന്റെ ദൃഷ്ടി പതിപ്പിക്കുക, തീർത്ഥാടകനോടുള്ള സ്നേഹപരിചരണം എന്നിങ്ങനെയുള്ള മൂന്നു ഉത്തരവാദിത്വങ്ങളും പാപ്പാ അടിവരയിട്ടു പറഞ്ഞു. തീർത്ഥാടകർക്ക് ശരിക്കും ധ്യാനിക്കുവാനുള്ള അവസരം ഉണ്ടാക്കികൊടുത്തുകൊണ്ട്, ഒരു വിശുദ്ധ സ്ഥലത്താണ് നിർമ്മാണപ്രവർത്തകൾ ആയിരിക്കുന്നതെന്ന ബോധ്യം ഉണ്ടാവണമെന്നു പാപ്പാ പറഞ്ഞു.

ബസിലിക്കയുടെ ഉള്ളിൽ ഒരു വിനോദ സഞ്ചാരിയെപോലെയല്ല, മറിച്ച് ഒരു തീർത്ഥാടകനെ പോലെ മറ്റുള്ളവരെ നോക്കുവാനും അവരെ സഹായിക്കുവാനും, വിശ്വാസാധിഷ്ഠിതമായ ഒരു ദൃഷ്ടിക്ക് ഉടമകളാകണമെന്നും പാപ്പാ ആവശ്യപ്പെട്ടു. അജപാലന ഉദ്ദേശ്യത്തോടെ ഓരോ നിർമ്മാണ പ്രവർത്തനങ്ങളും നടത്തണമെന്നും ഇത് തീർത്ഥാടകരോടുള്ള നല്ല സമീപനത്തിന്റെ ലക്ഷണമാണെന്നും പാപ്പാ പറഞ്ഞു.

അവസാനമായി, മറഞ്ഞിരിക്കുന്ന രീതിയിൽ ബസിലിക്കയിലുള്ള ഒരു വലിയ സൃഷ്ടിയാണ് വിശുദ്ധ  കുമ്പസാരമെന്ന   കൂദാശയെന്നുള്ള കാര്യം പാപ്പാ അടിവരയിട്ടു പറഞ്ഞു. ക്രിസ്ത്യാനികളല്ലാത്തവർ പോലും അനുഗ്രഹം ചോദിക്കാൻ കുമ്പസാരക്കാരുടെ അടുക്കലേക്ക് പോകുന്നത് ഏറെ പ്രാധാന്യത്തോടെ നോക്കികാണണം എന്ന് പറഞ്ഞ പാപ്പാ, വ്യക്തിഗത ആശയവിനിമയത്തിന്റെ കലയായ വിശുദ്ധ കുമ്പസാരത്തിൽ എല്ലാം ക്ഷമിക്കപ്പെടുന്ന സൗന്ദര്യം ഉൾച്ചേർന്നിരിക്കുന്നുവെന്നു  പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2024, 11:33