സമാധാന സംസ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടമാടുന്ന യുദ്ധ സാഹചര്യത്തിൽ, സമാധാന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമാധാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, യുവജനങ്ങളുടെ പ്രതിനിധിസംഘം വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ, സംഘത്തിൽ വിവിധ മതങ്ങളിൽ നിന്നും, പശ്ചാത്തലങ്ങളിൽ നിന്നും ഉള്ളവർ ഉൾപെടുന്നുവെന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞു.
തുടർന്ന് സമാധാന പ്രക്രിയയിൽ യുവാക്കളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു. യുവാക്കളിൽ വിളങ്ങുന്ന ആദർശവാദവും, ഉത്സാഹവും, പ്രതീക്ഷയും മെച്ചപ്പെട്ട ഒരു ലോകം യാഥാർത്യവത്ക്കരിക്കുവാൻ ഏറെ ഉപകാരപ്രദമാകുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മുൻകാല മുൻവിധികളും, മുറിവുകളും മറന്നുകൊണ്ട്, ക്ഷമയുടെ പാതയിൽ മുന്നേറുവാൻ യുവാക്കളുടെ സർഗ്ഗാത്മകശക്തിയും പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാൽ ചില പ്രത്യയ ശാസ്ത്രങ്ങളിൽ അടിപ്പെട്ടു പോകുന്ന യുവത്വം, ഏറെ മോശമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തുടർന്ന് സമാധാനശ്രമങ്ങളിൽ സംഭാഷണത്തിന്റെയും, ചർച്ചകളുടെയും പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. മറ്റുള്ളവരോട് കൂടുതൽ അടുക്കുന്നതിനും, സ്വയം പ്രകടിപ്പിക്കുന്നതിനും, പരസ്പരം ശ്രദ്ധിക്കുന്നതിനും, മറ്റുള്ളവരെ വീക്ഷിക്കുന്നതിനും, അറിയുന്നതിനും, മനസിലാക്കുന്നതിനും, അവശ്യം വേണ്ടത് സംഭാഷണം ആണെന്ന് പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. സംഭാഷണത്തിന്റെ പാത വിപുലമാക്കുന്നതിനു യുവാക്കൾക്കുള്ള പ്രത്യേക സിദ്ധിയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
മൂന്നാമതായി, സമാധാനശ്രമങ്ങളിൽ പ്രതീക്ഷ കൈവിടാതെ മുൻപോട്ടു പോകണമെന്നും, യുദ്ധങ്ങളുടെ മൂർദ്ധന്യതയിൽ, നിരുത്സാഹപ്പെടേണ്ടതില്ലെന്നും പാപ്പാ പറഞ്ഞു. വിദ്വേഷം, ദാരിദ്ര്യം, പട്ടിണി, വിവേചനം, എന്നിങ്ങനെയുള്ള സമാധാനത്തിന്റെ സാധ്യതയെ ഭീഷണിപ്പെടുത്തുന്ന യാഥാർഥ്യങ്ങളെയും നേരിടണമെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. "പ്രിയപ്പെട്ട യുവജനങ്ങളേ, നാമെല്ലാവരും ഒരു മനുഷ്യകുടുംബത്തിന്റെ ഭാഗമാണെന്ന് എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കുക. നാമെല്ലാവരും സഹോദരീസഹോദരന്മാരാണ്, അനുരഞ്ജനം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലായ്പ്പോഴും പ്രതിബദ്ധതയോടെ തുടരുക", പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: