മെച്ചപ്പെട്ട ഒരു സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതി വളർത്താൻ പാപ്പായുടെ പേരിൽ ആഹ്വാനം ചെയ്ത് കർദ്ദിനാൾ പരൊളീൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തെ അസമത്വങ്ങളുടെ മുന്നിൽ കൂടുതൽ ഔദാര്യതയോടെ പെരുമാറാനും, പാവപ്പെട്ട രാജ്യങ്ങളുടെ മേൽ കൂടുതൽ ഭാരമേറ്റുന്ന സാമ്പത്തികബാധ്യതകളും കടങ്ങളും എഴുതിത്തള്ളാനും സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങളെ ഫ്രാൻസിസ് പാപ്പായുടെ പേരിൽ ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. സാമ്പത്തികകടങ്ങൾ പല രാജ്യങ്ങളുടെയും വളർച്ചയെ തടസ്സപ്പെടുത്തുകയും അസാധ്യമാക്കുകപോലും ചെയ്യുന്നുണ്ടന്ന് കർദ്ദിനാൾ പരൊളീൻ ഓർമ്മിപ്പിച്ചു. സാമ്പത്തികരംഗത്തുള്ള കടബാധ്യതകൾ, കാലാവസ്ഥയുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട കാര്യങ്ങളിലും ദൂഷ്യഫലങ്ങളും മുരടിച്ചയും ഉളവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസർബൈജാനിലെ ബാകുവിൽ നവംബർ 11 മുതൽ 22 വരെ തീയതികളിൽ നടന്നുവരുന്ന COP29 ന്റെ സമ്മേളനത്തിലേക്കായി ഫ്രാൻസിസ് പാപ്പാ തയ്യാറാക്കിയ സന്ദേശം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയുടെ ആവശ്യത്തെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ സംസാരിച്ചത്.
മനുഷ്യരുടെ പൊതുനന്മ ലക്ഷ്യമാക്കുന്ന ഒരു അന്താരാഷ്ട്രസമൂഹം നിലനിൽക്കുന്നു എന്നതിന്റെ അടയാളമായി വ്യത്യസ്തമായ ഒരു ധനകാര്യവ്യവസ്ഥ കൊണ്ടുവരാനും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് പൊതുവായ ഉത്തരവാദിത്വമായി കാണാനും നമുക്ക് സാധിക്കണമെന്ന് കർദ്ദിനാൾ പരൊളീൻ ഓർമ്മിപ്പിച്ചു.
നിലവിലെ കാലാവസ്ഥാപ്രതിസന്ധികളുടെ കൂടി പശ്ചാത്തലത്തിൽ, ഭൂമിയുടെയും സൃഷ്ടപ്രപഞ്ചത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി ഏവരും ഒന്നുചേർന്ന് പരിശ്രമിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പ്രസ്താവിച്ചു. സമാധാനം ഉറപ്പാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് സൃഷ്ടലോകത്തിന്റെ പരിപാലനം എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് സാമ്പത്തികസ്ഥിതിയിലുണ്ടായ വളർച്ച ഏവരിലേക്കുമെത്തുന്നതിൽ നമ്മുടെ സമൂഹം പരാജയപ്പെട്ടെന്നതിന് തെളിവായി, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ പരാമർശിച്ചുകൊണ്ട്, ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളിലേക്ക് കർദ്ദിനാൾ പരൊളീൻ വിരൽചൂണ്ടി. എല്ലാ മനുഷ്യരുടെയും ജീവനെയും അന്തസ്സിനേയും മാനിക്കുന്ന ഒരു സംസ്കാരം വളർന്നുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
മെച്ചപ്പെട്ട കാലാവസ്ഥാ, സാമ്പത്തിക വ്യവസ്ഥ ഉറപ്പാക്കാൻ, വിദ്യാഭ്യാസരംഗത്തുൾപ്പെടെ, പരിശുദ്ധസിംഹാസനത്തിന്റെ പിന്തുണയും ഫ്രാൻസിസ് പാപ്പായുടെ പേരിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വാഗ്ദാനം ചെയ്‌തു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസനമാതൃകയുടെ വളർച്ചയ്ക്കായി നാം പരിശ്രമിക്കണമെന്നും കർദ്ദിനാൾ പരൊളീൻ ആഹ്വാനം ചെയ്തു.
ലോകത്ത് എല്ലാവർക്കുമുള്ള സാമൂഹികമായ ഉത്തരവാദിത്വത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ലോകത്ത് നിലനിൽക്കുന്ന നിസംഗതയുടെ മനോഭാവത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കുറ്റപ്പെടുത്തി. ലോകത്തെ വിവിധ രാജ്യങ്ങളുടെ ദുഃസ്ഥിതിയിൽ എനിക്കെന്തുചെയ്യാൻ സാധിക്കുമെന്നും, അത് അവസാനിപ്പിക്കാനായി എനിക്കെന്ത് സംഭാവന നൽകാൻ സാധിക്കുമെന്നും ഓരോ രാജ്യങ്ങളും നോക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ പരൊളീൻ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: