ഫ്രാൻസിസ് പാപ്പായും ഏതാനും ഫ്രഞ്ച് മെത്രാന്മാരും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും ഏതാനും ഫ്രഞ്ച് മെത്രാന്മാരും - ഫയൽ ചിത്രം  (Vatican Media)

വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവസമൂഹങ്ങൾ ക്രിസ്തുവിന്റെ രക്ഷയുടെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കണമെന്നും, വിവിധ പ്രാദേശിക ക്രൈസ്തവസഭകൾ തമ്മിൽ സഹകരണവും പരസ്പരപ്രോത്സാഹനവുമേകി വളരണമെന്നും ഫ്രാൻസിസ് പാപ്പാ. ഫ്രഞ്ച് മെത്രാൻസമിതിയുടെ പ്ലീനറി സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് സഭകൾ തമ്മിൽ ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചത്. ആഫ്രിക്കയിലെ പ്രാദേശിക കത്തോലിക്കാസഭകളും ഫ്രാൻസിലെ സഭയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ ഉദ്‌ബോധനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിലുള്ള വിശ്വാസത്തോടെ ഏക ആത്മാവിൽ ചേർന്നിരിക്കുന്ന സഭാസമൂഹങ്ങൾ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ്‌ലെ ലൂർദ്ദിൽ ഫ്രഞ്ച് മെത്രാൻസമിതിയുടെ സമ്പൂർണ്ണസമ്മേളനം നടക്കുന്നതുമായി ബന്ധപ്പെട്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, നവംബർ അഞ്ചാം തീയതി, ഫ്രാൻസിസ് പാപ്പായുടെ പേരിലയച്ച സന്ദേശത്തിനാലാണ്, ആഫ്രിക്കയിലെ പ്രാദേശിക കത്തോലിക്കാസഭകളും ഫ്രാൻസിലെ സഭയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ വിവിധ ക്രൈസ്തവസഭകൾ തമ്മിലുണ്ടാകേണ്ട ഐക്യത്തെയും സഹകരണത്തെയും കുറിച്ച് പ്രതിപാദിച്ചത്.

രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ ഉണ്ടായേക്കാവുന്ന സ്വാർത്ഥതയുടെയും, അത്യാർത്തിയുടെയും, നിസ്സംഗതയുടെയും ചൂഷണമനോഭാവത്തിന്റെയും തെറ്റായ മൂല്യങ്ങൾ ക്രൈസ്തവസഭയിൽ ഉണ്ടാകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ സഭകൾ തമ്മിൽ ഉണ്ടാകേണ്ടത്, ഐക്യത്തിന്റെയും, പരസ്പരസാമീപ്യത്തിന്റെയും, അടുപ്പത്തിന്റെയും പ്രോത്സാഹനത്തിന്റേതുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ ബന്ധമാണെന്ന് പാപ്പായുടെ സന്ദേശം വ്യക്തമാക്കി.

വിവിധ ആഫ്രിക്കൻ പ്രാദേശിക കത്തോലിക്കാസഭകളും ഫ്രഞ്ച് കാതോലിക്കാസഭയുമായുള്ള ബന്ധത്തിലെ ഉപവിപ്രവർത്തനങ്ങളും, പരസ്പരസഹകരണവും, ഈ സഭകളുടെ മിഷനറി ചൈതന്യത്തെ നവീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു. എന്നാൽ അതേസമയം ഇത്തരമൊരു സഹകരണം കൂടുതൽ നീതിയും സാഹോദര്യവും വാഴുന്ന മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുവാനും ഏവരെയും സഹായിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഫ്രാൻസിലെ നോത്ര് ദാം കത്തീഡ്രൽ അഗ്നിക്കിരയായശേഷം കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് അതിന്റെ നവീകരണപ്രയത്നങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതിനെ തന്റെ സന്ദേശത്തിൽ പാപ്പാ അഭിനന്ദിച്ചു. ഫ്രഞ്ച് സഭയുടെ അഭിമാനവും ശക്തിയുമാണ് ഈയൊരു വിഷയത്തിൽ വെളിവാകുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ വളർച്ചയിൽ കാതോലിക്കാവിശ്വാസത്തിനുണ്ടായ പ്രാധാന്യം പരാമർശിച്ച പാപ്പാ, ഇനിയും രക്ഷയുടെ സദ്വാർത്ത സന്തോഷപൂർവ്വം പ്രഘോഷിക്കാൻ ഫ്രഞ്ച് പ്രാദേശിക കത്തോലിക്കാസഭയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.

നോത്ര് ദാം കത്തീഡ്രൽ വീണ്ടും തുറക്കപ്പെടുന്നത്, ദൈവത്തിൽനിന്നുള്ള പ്രവചനാത്മകമായ ഒരു അടയാളമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. 2019-ൽ നടന്ന തീപിടിത്തത്തെ തുടർന്ന് നടന്ന, നവീകരണപ്രവർത്തികൾക്കു ശേഷം ഡിസംബർ എട്ടാം തീയതിയാണ് ഈ പ്രശസ്തമായ കത്തീഡ്രൽ വീണ്ടും തുറക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2024, 16:59