സഭയെ കൂടുതൽ സുരക്ഷിതമായ ഒരിടമാക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കത്തോലിക്കാസഭയെ, കുട്ടികൾക്കും ദുർബലരായ മുതിർന്നവർക്കും കൂടുതൽ സുരക്ഷിതമായ ഒരിടമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിറുത്തി, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ "യൂറോപ്പിലെ കത്തോലിക്കാസഭയെ സുരക്ഷിതമാക്കുക" എന്ന പേരിൽ നടന്നുവരുന്ന സമ്മേളനം, ചൂഷണമെന്ന തിന്മയ്‌ക്കെതിരെയുള്ള സഭയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ. നവംബർ പതിമൂന്ന് മുതൽ പതിനഞ്ചുവരെ തീയതികളിൽ റോമിൽ നടന്നുവരുന്ന കോൺഫറൻസിലേക്ക് നവംബർ പതിമൂന്നിന് അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ചൂഷണങ്ങൾക്കെതിരെയുള്ള സഭാ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചത്.
ഇപ്പോൾ നടന്നുവരുന്ന സമ്മേളനത്തിൽ വിവിധയിടങ്ങളിൽനിന്നുള്ളവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ, സഭയിൽ കുട്ടികളെയും, ദുർബലരായ മുതിർന്നവരെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്താനാകുമെന്ന് പാപ്പാ പ്രസ്താവിച്ചു. ഇപ്പോഴത്തെ ഈ ശ്രമങ്ങൾ, അറിവുകൾ കൈമാറ്റം ചെയ്യാനും, പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും, സംരക്ഷണം കൂടുതൽ കാര്യക്ഷമവും, സുസ്ഥിരമാക്കാനും വേണ്ടിയുള്ള വേദിയൊരുക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ ആളുകൾക്ക് ആശ്വാസവും സഹായവും നൽകുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ശ്രമങ്ങളെ പിന്തുണച്ച പാപ്പാ, ഇത് നീതിക്കും, സൗഖ്യപ്പെടുത്തലിലും, അനുരഞ്ജനത്തിനുമായുള്ള സഭയുടെ ശ്രമങ്ങളാണ് വെളിവാക്കുന്നതെന്ന് പ്രസ്താവിച്ചു. നമുക്കിടയിലുള്ള ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സഭ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ അടയാളമാണ് ഇപ്പോൾ നടക്കുന്ന കോൺഫറൻസെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സുരക്ഷിതമായ ഒരു സഭയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ സംരംഭത്തിൽ, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, യൂറോപ്പിന്റെ വിവിധയിടങ്ങളിൽ സംഘർഷങ്ങളും യുദ്ധവും നിലനിൽക്കുന്നതിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, സമാധാനത്തിന്റെ വക്താക്കൾക്കാനുള്ള ക്രൈസ്തവവിളിയെക്കുറിച്ച് ഏവരെയും ഓർമ്മിപ്പിച്ചു. ദരിദ്രരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ സഹോദരീസഹോരന്മാർക്ക് സേവനങ്ങൾ നൽകാനുള്ള കടമയെക്കുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സഭയിൽ ചൂഷണങ്ങളുമായി ബന്ധപ്പെട്ട തിന്മ ഒഴിവാക്കുന്നതിനും, സഭ കൂടുതൽ സുരക്ഷിതവും സഹാനുഭൂതി നിറഞ്ഞതുമായ ഒരിടമായി മാറുന്നതിനും ഇപ്പോൾ നടക്കുന്ന സമ്മേളനം സഹായിക്കാൻവേണ്ടി തന്റെ പ്രാർത്ഥനകൾ പാപ്പാ വാഗ്ദാനം ചെയ്തു.
ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽനിന്നുള്ള ആളുകളാണ് റോമിൽ നടന്നുവരുന്ന ഈ കോൺഫറൻസിൽ സംബന്ധിക്കുന്നത്. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനാണ് സമ്മേളനം നയിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: