തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (VATICAN MEDIA Divisione Foto)

പ്രേഷിതപ്രവർത്തനത്തിന്റെ അടിസ്ഥാനം ദൈവീക കരുണയാണ്: പാപ്പാ

അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രേഷിതപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ത്വരിതപ്പെടുത്തുന്നതിനും ആഹ്വാനം ചെയ്യുന്ന ആറാമത് അമേരിക്കൻ മിഷനറി കോൺഗ്രസ്സിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. നവംബർ മാസം പത്തൊൻപതുമുതൽ ഇരുപത്തിനാലു വരെയാണ് സമ്മേളനം

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രാർത്ഥനയ്ക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന 2024 ൽ,  ആറാമത് അമേരിക്കൻ മിഷനറി കോൺഗ്രസ്സിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. നവംബർ മാസം പത്തൊൻപതുമുതൽ ഇരുപത്തിനാലു വരെ നടക്കുന്ന സമ്മേളനത്തിൽ, പ്രാർത്ഥനയോടെ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രേഷിതപ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും, കൂടുതൽ ആളുകളെ ദൈവ സ്നേഹത്തിലേക്ക് നയിക്കുവാൻ ഉതകും വിധമുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും. ത്രിത്വയ്ക ദൈവത്തോടുള്ള പ്രത്യേക പ്രാർത്ഥനയിൽ പിതാവായ ദൈവത്തിന്റെ കരുണയും, സദ്വാർത്ത പ്രദാനം ചെയ്യുന്ന പുത്രനായ ദൈവത്തിന്റെ സ്നേഹവും, ഭൂമിയെ നവമാക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രത്യേകം അനുസ്മരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഈ പ്രാർത്ഥന തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്നു കൂട്ടിച്ചേർത്തു.

ദൈവീകകരുണയുടെ സ്പർശനത്താൽ, നാം പരസ്പരം മക്കളാണെന്നുള്ള തിരിച്ചറിവാണ് പ്രേഷിതപ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്നും പാപ്പാ പറഞ്ഞു. നാം സ്വന്തമാക്കാത്ത ഒരു കാര്യം മറ്റുള്ളവർക്ക് നല്കുവാനോ, നാം അനുഭവിക്കാത്ത ഒരു കാര്യം മറ്റുള്ളവർക്ക് പകർന്നു നല്കുവാനോ സാധിക്കാത്തതു പോലെ, ദൈവവുമായുള്ള കൂടിക്കാഴ്ച്ച പ്രേഷിത ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. വാക്കുകൾക്കൊണ്ടും പ്രവൃത്തികൾ കൊണ്ടും, സുവിശേഷം പ്രഘോഷിച്ചവരുടെ ജീവിതം പ്രാർത്ഥനയുടേതായിരുന്നുവെന്നു പറഞ്ഞ പാപ്പാ, യേശുവും ഒരു മിഷനറിയായിരുന്നുവെന്ന കാര്യവും അനുസ്മരിച്ചു. താൻ ചെയ്യുന്ന ഓരോ കാര്യത്തിനും  മുന്നോടിയായി യേശു തന്റെ പിതാവിനോടൊപ്പം പ്രാർത്ഥനയിൽ  ചിലവഴിച്ചിരുന്നുവെന്നു പാപ്പാ പറഞ്ഞു. 

പ്രാർത്ഥനയുടെ ഈ പ്രേഷിതദൗത്യം ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്താനുരൂപമായ കണ്ണുകളോടെ, അനുകമ്പയോടെയും, സ്വീകാര്യതയോടെയും, കരുണയോടെയും  മറ്റുള്ളവരെ സഹോദരങ്ങളായി ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു.  ഉത്ഥിതനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം  ശിഷ്യന്മാരെ മുൻപോട്ടുനയിച്ച സന്തോഷം നമുക്കും ഉണ്ടാകണമെന്നു പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം അടിവരയിട്ട് പറഞ്ഞു.

പന്തക്കുസ്താദിവസം ശിഷ്യന്മാരെയും പരിശുദ്ധ മറിയത്തെയും ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ്, ദൈവത്തോടും, സഹജരോടും പറയേണ്ടുന്ന വചനങ്ങൾ നമുക്ക് പകർന്നു തരുമെന്നും, പരിശുദ്ധാത്മശക്തിയാൽ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ കടന്നു കൊണ്ട് സുവിശേഷം പ്രഘോഷിക്കുവാനുള്ള ധൈര്യം നമുക്ക് ലഭിക്കുമെന്നും പാപ്പാ പറഞ്ഞു. എല്ലാ ഭാഷകളെയും സമന്വയിപ്പിക്കുന്ന ഭാഷ സ്നേഹത്തിന്റേതു മാത്രമാണെന്നും ഇത് ദൈവീകഛായ വെളിപ്പെടുത്തുന്നതാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ജീവിതത്തിന്റെ നിഴൽ വീഴുന്ന സമയത്തു, പ്രാർത്ഥന ഉപേക്ഷിക്കരുതെന്നും പാപ്പാ പ്രത്യേകം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2024, 10:52