ഹൃദയസംഭാഷണങ്ങൾക്ക് ശ്രദ്ധ നൽകണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പർവതാരോഹകരുടെയും യാത്രക്കാരുടെയും ആൽപ്സ് നിവാസികളുടെയും മധ്യസ്ഥനായി , അവോസ്റ്റയിലെ വിശുദ്ധ ബെർണാർഡിനെ പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികവേളയിൽ, അവോസ്റ്റ രൂപതയിലെ പ്രതിനിധികൾക്കും, മഹാനായ വിശുദ്ധ ബെർണാഡിന്റെ സമർപ്പിത ജീവിത സമൂഹ അംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പാ, വത്തിക്കാനിൽ കൂടിക്കാഴ്ച്ച അനുവദിക്കുകയും, തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, വിശുദ്ധ ബെർണാർഡിന്റെ ജീവിത മാതൃക ഉദ്ധരിച്ചുകൊണ്ട്, സമാധാനത്തിനായും, മറ്റുള്ളവരുടെ സ്വീകാര്യതയ്ക്കും, സുവിശേഷ പ്രഘോഷണത്തിനും പാപ്പാ ആഹ്വാനം ചെയ്തു.
ദൈവം വിശുദ്ധ ബെർണാർഡിനു നൽകിയ പ്രവർത്തന മേഖലകളെ പരാമർശിക്കുന്ന വിശുദ്ധന്റെ കൃതികളിലെ അടിസ്ഥാന സവിശേഷതകൾ ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും സ്പർശിക്കാനും വിശ്വാസത്തിന്റെയും പരിവർത്തനത്തിന്റെയും ദാനത്തിലേക്ക് അവരെ കൂട്ടികൊണ്ടുവരുവാനുമുള്ള വിശുദ്ധ ബെർണാർഡിന്റെ പാടവശൈലി, അദ്ദേഹത്തെ ആത്മാവിന്റെ തീവ്രവും സന്തുഷ്ടവുമായ അനുഭവം മറ്റുള്ളവർക്ക് നൽകുവാൻ ഏറെ സഹായിച്ചുവെന്നും, ഇത് പ്രഘോഷണത്തിനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ആൽപ്സ് പർവത നിരകളിൽ എത്തുന്ന യാത്രക്കാരെ ഏതു ദുഷ്കരമായ അവസ്ഥയിലും സഹായിക്കുക എന്നുള്ള വിശുദ്ധന്റെ ജീവകാരുണ്യ സാഹസികത, അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയെ എടുത്തു കാണിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അദ്ദേഹം സ്ഥാപിച്ച വിവിധ ജീവകാരുണ്യസമൂഹങ്ങൾ, യഥാർത്ഥത്തിൽ ക്രിസ്തു ആരാധിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളാണെന്നും പാപ്പാ പറഞ്ഞു. സഹായം ചോദിക്കുന്ന ആരെയും, ശരീരത്തിലും ആത്മാവിലും, വിവേചനമില്ലാതെ, അടച്ചുപൂട്ടാതെ സ്വാഗതം ചെയ്യുകയും, പരിപാലിക്കുകയും ചെയ്യുന്നതിന്റെ ശക്തി പ്രാർത്ഥനയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തുടർന്ന്, ഗ്രിഗറി ഏഴാമൻ പാപ്പായ്ക്കെതിരെ യുദ്ധം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൻറി നാലാമൻ ചക്രവർത്തിയെ ബോധ്യപ്പെടുത്താൻ , പവിയയിലേക്ക് യാത്രയായ വിശുദ്ധൻ സമാധാനത്തിന്റെ നിർമ്മാതാവായിരുന്നുവെന്നു പാപ്പാ അനുസ്മരിച്ചു. ഈ ശ്രമം പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ചരിത്രം ഇന്നും ഓർമ്മിക്കുന്നുവെന്ന സത്യവും പാപ്പാ എടുത്തു പറഞ്ഞു.
ഈ മൂന്നു സവിശേഷതകളും ഇന്നത്തെ ലോകത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: