പൊതുനന്മ പ്രഥമമായി സാഹോദര്യത്തിന്റേതാണ് : ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "പൊതുനന്മ: സിദ്ധാന്തവും, പ്രായോഗികതയും" എന്ന വിഷയത്തിൽ നടത്തുന്ന പഠനസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ ഈ പഠനശിബിരത്തിന്റെ രണ്ടു പ്രത്യേകതകൾ പാപ്പാ അടിവരയിട്ടു പറഞ്ഞു. ഈ സമ്മേളനം സംഘടിപ്പിക്കുന്നത് , ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ ആണെന്നുള്ളത് ഏറെ വ്യതിരിക്തമാണെന്നു പറഞ്ഞ പാപ്പാ, ഓരോ സന്ദർഭത്തിലും സാഹചര്യത്തിലും മനുഷ്യ ജീവൻ സംരക്ഷിക്കാൻ നാം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രതിഭാസങ്ങൾ സംഭവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ എല്ലാ പശ്ചാത്തലങ്ങളെയും സ്പർശിക്കുന്നതും, ചർച്ചകൾക്ക് വിധേയമാക്കേണ്ടതും ആവശ്യമാണെന്നും പറഞ്ഞു. പൊതുനന്മയ്ക്കും, നീതിക്കും വേണ്ടിയുള്ള അന്വേഷണം ഓരോ മനുഷ്യജീവന്റെയും പ്രത്യേകമായി ദുർബലരുടെയും, പ്രതികരിക്കുവാൻ സാധിക്കാത്തവരുടെയും സുരക്ഷയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തുടർന്ന് ഈ സമ്മേളനത്തിന്റെ രണ്ടാമത്തെ പ്രത്യേകത, രണ്ടു വ്യത്യസ്തവും, ഉത്തരവാദിത്വപൂർണ്ണവുമായ മേഖലകളിൽ നിന്നുള്ള രണ്ടു സ്ത്രീകളുടെ സാന്നിധ്യം ആണെന്നു പറഞ്ഞ പാപ്പാ, സഭയിലും, സമൂഹത്തിലും സ്ത്രീകളുടെ ശബ്ദത്തിനു കാതോർക്കേണ്ടത് ഏറെ ആവശ്യമെന്നു പറഞ്ഞു. മനുഷ്യജീവിതത്തിന്റെ വിജ്ഞാനപൂർണ്ണമായ ഭാവിക്കുവേണ്ടി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇതിനു ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർ തങ്ങളുടേതായ സംഭാവനകൾ നൽകുമ്പോൾ മാത്രമാണ്, തുറന്ന ഒരു വിശാലമായ ഒരു ലോകത്തെ പറ്റി ചിന്തിക്കുവാനും, രൂപം നൽകുവാനും സാധിക്കുകയുള്ളൂ എന്നും പാപ്പാ പറഞ്ഞു. ഇതിനു ആഹ്വാനം നൽകുന്ന ഫ്രത്തെല്ലി തൂത്തി എന്ന ചാക്രിക ലേഖനത്തിന്റെ മൂന്നാം അധ്യായത്തെക്കുറിച്ചും പാപ്പാ പ്രതിപാദിച്ചു.
സാർവത്രിക സാഹോദര്യം ഒരു തരത്തിൽ പൊതുനന്മയെ മനസ്സിലാക്കുന്നതിനുള്ള "വ്യക്തിപരവും" "ഊഷ്മളവുമായ" മാർഗമാണെന്ന് പാപ്പാ ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. വെറുമൊരു ആശയമോ, രാഷ്ട്രീയവും സാമൂഹികവുമായ പദ്ധതിയോ അല്ല മറിച്ച് വ്യക്തികളുടെ കൂട്ടായ്മയാണെന്നും, അവിടെ സാഹോദര്യ സ്വീകാര്യതയും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പൊതുവായ അന്വേഷണവും ചേർന്ന് പ്രവർത്തിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. സ്വന്തം താല്പര്യങ്ങൾക്കപ്പുറത്തേക്ക് നോക്കുവാൻ മനുഷ്യൻ വിസമ്മതിക്കുന്നതുകൊണ്ടാണ് ഇന്ന് ലോകത്തിൽ നിരവധി സംഘർഷങ്ങളും, യുദ്ധങ്ങളും ഉടലെടുക്കുന്നതെന്നും പാപ്പാ പറഞ്ഞു. ഈ സാഹചര്യത്തിൽ, , സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ മൂലക്കല്ലുകളിലൊന്നായ പൊതുനന്മയെ സ്മരിക്കണമെന്നും, അത് സാമ്പത്തികവും, രാഷ്ട്രീയവുമായ മേഖലകൾക്ക് പ്രചോദനാത്മകമാകട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: