തിരയുക

നോവി സാദ് റെയിൽവേ സ്റ്റേഷനുമുന്നിൽനിന്നുള്ള ഒരു ദൃശ്യം നോവി സാദ് റെയിൽവേ സ്റ്റേഷനുമുന്നിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സെർബിയയിലെ റയിൽവേ സ്റ്റേഷൻ അപകടത്തിന്റെ ഇരകൾക്ക് ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

സെർബിയയിലെ നോവി സാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ പതിനാലോളം ആളുകൾ മരണമടയുകയും, നിരവധി പേർക്ക് പരിക്കലേക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനവും പ്രാർത്ഥനയുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. അപകടത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ സമാധാനം ആശംസിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സെർബിയയിലെ നോവി സാദ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ നിരവധിയാളുകൾ മരണമടഞ്ഞതിൽ അനുശോചനവും പ്രാർത്ഥനകളുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ ആറാം തീയതി, സെർബിയയുടെ പ്രെസിഡന്റ് അലക്‌സാണ്ടർ വൂചിച്ചിനയിച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ്, ഈ ദാരുണസംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ അനുശോചനമറിയിച്ചത്.

ഈ ദുരന്തത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, രാജ്യം കടന്നുപോകുന്ന ഈ വിഷമസ്ഥിതിയിൽ, അപകടത്തിൽ മരണമടഞ്ഞവർക്കും, ദുഃഖിതരായിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കും, അപകടത്തിൽ പരിക്കേറ്റവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകി. സർവ്വശക്തനായ ദൈവം നിങ്ങൾക്കേവർക്കും ആശ്വാസവും സമാധാനവും നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സെർബിയയിലെ ബെൽഗ്രേഡിൽനിന്നും നൂറോളം കിലോമീറ്ററുകൾ അകലെയാണ് നോവി സാദ് റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് മുപ്പത്തിയഞ്ച് മീറ്റർ നീളമുള്ള കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്.

നോവി സാദ് റെയിൽവേ സ്റ്റേഷൻ അപകടവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ഗോരാൻ വേസിച് രാജിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2024, 16:47