സ്‌പെയിൻ വെള്ളപ്പൊക്കദുരിതർക്കായി പ്രാർത്ഥിക്കുന്നു :ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഡാന കൊടുങ്കാറ്റു ഏറെ നാശനാഷ്ടങ്ങൾ വിതച്ച സ്‌പെയിൻ രാജ്യത്തെയും, പ്രത്യേകമായി വലെൻസിയ നഗരത്തെയും ഫ്രാൻസിസ് പാപ്പാ സ്മരിക്കുകയും, തന്റെ ആത്മീയ സാന്നിധ്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. നവംബർ മൂന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, ഈ വേദനയിൽ പങ്കുചേരുവാൻ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തത്.
വലൻസിയയ്ക്ക് വേണ്ടി ഞാൻ എന്തുചെയ്യണം? ഞാൻ എന്തെങ്കിലും വാഗ്ദാനം ചെയ്യണോ? എന്ന് സ്വയം ചോദിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഇതുവരെ 210 ആളുകളുടെ ജീവൻ അപഹരിച്ച, ദുരിതത്തിൽ ഇനിയും ധാരാളം ആളുകളെ കണ്ടെത്തുവാനുണ്ട്. കുടിവെള്ള ലഭ്യതക്കുറവും മലിനജലം കവിഞ്ഞൊഴുകുന്നതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നവരെയും കർത്താവ് തുണക്കട്ടെയെന്നു പാപ്പാ പറഞ്ഞു. വലെൻസിയയുടെ മെത്രാനുമായി ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെട്ടുകൊണ്ട് ഇപ്പോഴുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വെള്ളപ്പൊക്കദുരിതം മൂലം ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ മറ്റു ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഈ ദിവസങ്ങളിൽ രക്ഷപ്രവർത്തനങ്ങൾക്കായി നിരവധി സന്നദ്ധപ്രവർത്തകർ സ്പെയിനിൽ എത്തുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: