കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്നതും വംശഹത്യയാണ്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്ത് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ളപ്പോഴും, ലോകത്ത് വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ എണ്ണം അതിന്റെ ഇരട്ടിയിലുമധികമാണെന്നും, കുട്ടികൾക്ക് അവരുടെ ജീവിതസാധ്യതകളിലേക്ക് വളരാനുള്ള അവസരങ്ങൾ നിക്ഷേധിക്കുന്നതുവഴി അവരുടെ ഭാവിയാണ് ഇല്ലാതാകുന്നതെന്നും, അതുവഴി സാംസ്കാരികമായ ഒരു വംശഹത്യയാണ് നടക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രഥമ പ്ലീനറിസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് നവംബർ ഇരുപത്തിയൊന്നിന് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, വിദ്യാഭ്യാസമെന്ന കുട്ടികളുടെ അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചത്.
കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയെന്നത്, അവരുടെ ഭാവിയെ ഇല്ലാതാക്കുന്ന ഒരു പ്രവർത്തിയാണെന്നും, ഇത് ഒരുതരത്തിലുള്ള സാംസ്കാരികമായ വംശഹത്യയാണെന്നും പാപ്പാ വിശേഷിപ്പിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലൂടെ അവരുടെ അവർക്ക് തങ്ങളുടെ ജീവിതലക്ഷ്യങ്ങളും സാധ്യതകളും സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ലോകത്ത് ഇരുപത്തിയഞ്ച് കോടി കുട്ടികൾക്കാണ് വിദ്യാഭ്യാസസാധ്യതകൾ നിഷേധിക്കപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു. അങ്ങനെയുള്ളവരെ സഹായിക്കുകയെന്ന ധാർമ്മികമായ കടപ്പാട് നമുക്കുണ്ടെന്ന് ഡികാസ്റ്ററി അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസരംഗത്ത് മികച്ച വിജയശതമാനം നേടുക എന്നതുമാത്രമാകരുത് നമ്മുടെ ലക്ഷ്യമെന്നും, സാംസ്‌കാരിക, വിദ്യാഭ്യാസരംഗങ്ങളിൽ കൂടുതൽ വിശാലമായ ചക്രവാളങ്ങൾ തുറക്കാൻ സഹായിക്കുന്ന കലാകാരന്മാരെയും കഴിവുള്ളവരെയും വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവെന്ന നായകനും സഹചാരിയും ഒപ്പമുള്ള നാം ഭയപ്പെടേണ്ടവരല്ലെന്നും, സാംസ്‌കാരിക, വിദ്യാഭ്യാസ പൈതൃകങ്ങളുടെ കാവൽക്കാരാണ് നാമെന്നു മറക്കരുതെന്നും പാപ്പാ പറഞ്ഞു. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു.
വത്തിക്കാൻ കൂരിയ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂണിലാണ് ഫ്രാൻസിസ് പാപ്പാ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡികാസ്റ്ററി സ്ഥാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: