ഫ്രാൻസിസ് പാപ്പാ കലസാൻസ്‌ കുടുംബാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ കലസാൻസ്‌ കുടുംബാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

ദൈവപരിപാലനയോടുള്ള വിധേയത്വവും വ്യക്തികളുടെ സമഗ്രമായ വളർച്ചയും ലക്‌ഷ്യമാക്കുക: ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ട കുട്ടികൾക്ക് മതവിശ്വാസവും വിദ്യാഭ്യാസവും നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ജോസഫ് കലസാൻസിന്റെ മാതൃകയിൽ, പാവപ്പെട്ടവരായ യുവജനങ്ങൾക്ക് "കാവൽ മാലാഖാമാരായി" പ്രവർത്തിക്കാൻ കലസാൻസ്‌ കുടുംബാംഗങ്ങളെ (Famiglia Calasanziana) ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. കർത്താവിന്റെ പ്രേരണയനുസരിച്ചാണ് ജോസഫ് കലസാൻസ്‌ ഈ നിയോഗം ഏറ്റെടുത്തത്. നവംബർ 28 വ്യാഴാഴ്ചയാണ് സംഘടനാംഗങ്ങൾക്ക് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവപരിപാലനത്തോട് ധൈര്യപൂർവ്വം വിധേയത്വം പുലർത്താനും, വ്യക്തികളുടെ സമഗ്രവളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കാനും ഫ്രാൻസിസ് പാപ്പാ, പാവപ്പെട്ട കുട്ടികൾക്ക് മതബോധനവും വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കലസാൻസ്‌ കുടുംബം എന്ന സംഘടനയിലെ അംഗങ്ങളോട്, ആവശ്യപ്പെട്ടു. നവംബർ 28 വ്യാഴാഴ്ച സംഘടനാംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴച അനുവദിച്ച വേളയിലാണ്, പാവപ്പെട്ട കുട്ടികൾക്ക് മത,വിദ്യാഭ്യാസപരിശീലനമേകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

ഒരു പുരോഹിതനായിരിക്കെ, ക്രിസ്തുവിൽനിന്ന് പ്രേരണ സ്വീകരിച്ച് റോമിലെത്തുകയും, തന്റെ "സഭയിലെ തന്റെ സ്ഥാനം" സുരക്ഷിതമാക്കുന്നതിനേക്കാൾ, വഴികളിൽ അന്തിയുറങ്ങിയിരുന്ന കുട്ടികൾക്ക് മതബോധനവും വിദ്യാഭ്യാസവും നൽകാനായി സ്വജീവിതം മാറ്റിവച്ച ജോസഫ് കലസാൻസിന്റെ മാതൃകയിൽ സേവനമനുഷ്ഠിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കലസാൻസ്‌ കുടുംബാംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്‌തു. സഭയിൽ സ്ഥാനമാനങ്ങൾ ലഭിക്കാനായി പരിശ്രമിക്കുന്നതിലെ തിന്മയെ പാപ്പാ ചൂണ്ടിക്കാട്ടി.

സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനേക്കാൾ, ദൈവം തനിക്ക് മുന്നിൽ എത്തിച്ചവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്കായി ജീവിതം മാറ്റിവയ്ക്കാനാണ് യുവാവായിരുന്ന ജോസഫ് കലസാൻസ് ശ്രമിച്ചതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിനായാണ് അദ്ദേഹം "പുണ്യ വിദ്യാലയങ്ങൾ" (Scuole Pie) എന്ന പേരിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭച്ചത്. വലിയ കണക്കുകൂട്ടലുകൾ നടത്താതെ, ഇതേ മനോഭാവത്തോടെ, ഭയത്തെയും പ്രലോഭനങ്ങളെയും അതിജീവിച്ച്, ആധുനികദാരിദ്ര്യങ്ങളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനാണ് നിങ്ങൾ ശ്രമിക്കേണ്ടതെന്ന് സംഘടനാംഗങ്ങളോട് പാപ്പാ പറഞ്ഞു. ഇന്നിന്റെ പുതിയ ദാരിദ്ര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാൻ പാപ്പാ സംഘടനാംഗങ്ങളോട് ആവശ്യപ്പെട്ടു.

വ്യക്തികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസസത്യങ്ങൾക്കൊപ്പം, പൊതുവായ വിദ്യാഭ്യാസകാര്യങ്ങൾ കൂടി യുവജനങ്ങളെ അഭ്യസിപ്പിക്കാനായാണ് ജോസഫ് കലസാൻസ് "പുണ്യ വിദ്യാലയങ്ങൾ" ആരംഭിച്ചതെന്ന് പറഞ്ഞു. അതുവഴി, ആധ്യാത്മികപരിശീലനവും, ബൗദ്ധികപരിശീലനവും നൽകി, വ്യക്തികളെ പക്വതയും കഴിവും ഉള്ളവരാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇങ്ങനെയുള്ള പരിശീലനം തുടരേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച പാപ്പാ, മൂന്ന് തരത്തിലുള്ള ബുദ്ധിശക്തികളെ, മനസിന്റെയും, ഹൃദയത്തിന്റെയും, കരങ്ങളുടെയും ബുദ്ധിശക്തികളെ ഒരുപോലെ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള അമൂർത്തമായ ബന്ധങ്ങളല്ല, കണ്ണുകളിൽ നോക്കി സംസാരിക്കാനും ബന്ധപ്പെടാനും സഹായിക്കുന്ന സാധാരണ ബന്ധങ്ങളാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കലസാൻസ്‌ കുടുംബത്തിൽ സ്ത്രീപുരുഷന്മാരും, സമർപ്പിതരും അൽമായരും ഒരുമിച്ച് പ്രവർത്തിക്കുന്നത് എടുത്തുപറഞ്ഞ പാപ്പാ, ഒരുമിച്ച് സഞ്ചരിക്കുന്നതിലെ നന്മയും തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2024, 15:35