ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (AFP or licensors)

പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സേവനമനുഷ്ഠിക്കുന്നവരെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ കരുണയുള്ള ദൈവത്തിന്റെയും, പരിശുദ്ധ അമ്മയുടെയും മാതൃകയാണ് പിന്തുടരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നവംബർ പതിമൂന്ന് ബുധനാഴ്ച, നോത്ര് ദാം ദേ സാൻസ്അബ്രി (ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം), അമീ ദ്‌ ഗബ്രിയേൽ റൊസ്സേ (ഗബ്രിയേൽ റൊസ്സേയുടെ സുഹൃത്തുക്കളുടെ സംഘടന) എന്നീ സംഘടനകളിലെ അംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സംഘടനാംഗങ്ങൾ ചെയ്യുന്ന സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്റെ സഹോദരങ്ങളായ ഭവനരഹിതരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ, ദൈവത്തിന്റെ കരുണയുടെയും സഹാനുഭൂതിയുടെയും, ആർദ്രതയുടെയും മുഖമാണ് വെളിവാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ പുത്രന്റെ വേദനകളിൽ ചേർന്ന് നിന്നിരുന്ന പരിശുദ്ധ അമ്മ, ക്രിസ്തുവിനെയെന്നപോലെ, ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനം വഴി, മനുഷ്യരുടെ അന്തസ്സും പ്രത്യാശയും തിരികെ നൽകുന്ന സേവനം തുടരാനും പാപ്പാ ആവശ്യപ്പെട്ടു. നവംബർ പതിമൂന്ന് ബുധനാഴ്ച, നോത്ര് ദാം ദേ സാൻസ്അബ്രി (Notre-Dame des Sans-Abri - ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം), അമീ ദ്‌ ഗബ്രിയേൽ റൊസ്സേ (Associazione Amis de Gabriel Rosset - ഗബ്രിയേൽ റൊസ്സേയുടെ സുഹൃത്തുക്കളുടെ സംഘടന)  എന്നീ സംഘടനകളിലെ അംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അവസരത്തിലാണ് പാവപ്പെട്ടവർക്കുവേണ്ടിയുള്ള അവരുടെ സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചത്.

പാവപ്പെട്ടവരും ആരുമില്ലാത്തവരുമായ മനുഷ്യരുടെ ദുരിതങ്ങൾക്ക് മുന്നിൽ, അവരോടുള്ള ശക്തമായ സഹാനുഭൂതിയാലാണ് ഗബ്രിയേൽ റൊസ്സേ, ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം സ്ഥാപിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് ദൈവത്തിന്റെ ആർദ്രതയുടെയും കരുണയുടെയും സാക്ഷ്യമേകുന്നവരാണ് നിങ്ങളെന്ന് രണ്ട് സംഘടനകളുടെയും അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരോടുള്ള സാമീപ്യവും, സഹാനുഭൂതിയും, ആർദ്രതയും ദൈവത്തിന്റെ ഭാവങ്ങളാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ സാമീപ്യം തിരിച്ചറിയാനും അവരെ തന്റെ സഹോദരങ്ങളെപ്പോലെ കാണുവാനും ഗബ്രിയേൽ റൊസ്സേയ്ക്ക് സാധിച്ചുവെന്നും ഈ മാതൃകയിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള സേവനങ്ങളുമായി "ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം" എന്ന സംഘടനയിലെ അംഗങ്ങൾ മുന്നോട്ടുപോകുമ്പോൾ, ദൈവത്തിന്റെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രവർത്തകരായി അവർ മാറുകയാണെന്നും പാപ്പാ പറഞ്ഞു. ഭവനരഹിതരെ സഹായിക്കുന്നതുവഴി, സ്നേഹത്തിന്റെ സുവിശേഷത്തിന് മൂർത്തമായ ഒരു മുഖം നൽകാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ബുദ്ധിമുട്ടുകൾ സഹിച്ചും അവർക്ക്  ഭക്ഷണവും, താമസസ്ഥലവും ഉൾപ്പെടെയുള്ള സേവനങ്ങളെകുന്നതുവഴി, അവരുടെ അന്തസ്സാണ് നിങ്ങൾ തിരികെ നൽകുന്നതെന്നും, ഇത് നിസംഗതയിൽ ജീവിക്കുന്ന ലോകത്തിന്റെ ഹൃദയത്തിൽ സ്പർശിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഒരു അമ്മ, ശരീരത്തിലും മനസ്സിലും സഹനങ്ങളിലൂടെ കടന്നുപോകുന്ന മക്കളെ എപ്പോഴും പരിചരിക്കുന്നതിനാലാണ്, ക്രിസ്തുവിന്റെ അമ്മയുടെ സംരക്ഷണത്തിനായി "ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം" സംഘടനയെ ഗബ്രിയേൽ റൊസ്സേ സമർപ്പിച്ചതെന്ന് പാപ്പാ പറഞ്ഞു. കാരുണ്യം, സഹാനുഭൂതി, സാഹോദര്യം, മറ്റുള്ളവരോടുള്ള തുറന്ന മനസ്ഥിതി, ഉപഭോക്തൃസംസ്കാരത്തെ ഒഴിവാക്കൽ തുടങ്ങിയവയിലൂടെയാണ് സഭ തന്റെ മക്കളോടുള്ള ദൈവത്തിന്റെ ആർദ്രതയുടെ അടയാളമായി മാറുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

"ഭവനരഹിതരുടെ അമ്മ"യെന്ന പേരിനെക്കുറിച്ച് പരാമർശിക്കവെ, പരിശുദ്ധ അമ്മയെ കാരുണ്യത്തിന്റെ കന്യകയായി കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു. തങ്ങളുടെ കരങ്ങൾ നീട്ടി ഏവരെയും സ്വാഗതം ചെയ്യുന്ന പരിശുദ്ധ അമ്മയുടെയും ക്രിസ്തുവിനെയും അരികിൽ ഏവർകും ഒരു സ്ഥലമുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, കഷ്ടതയിലൂടെ കടന്നുപോകുന്നവർക്ക് അഭയമേകാൻ പരിശുദ്ധ അമ്മ തയ്യാറാണെന്നും, അവൾ തന്റെ ഏറ്റവും അമൂല്യമായ നന്മയായ യേശുവിനെയാണ് ഏവർക്കും നൽകുന്നതെന്നും ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ അമ്മ ആധ്യാത്മികതയുടെയും, അതേസമയം, ദൈവം ആവശ്യപ്പെടുന്ന എല്ലാകാര്യങ്ങൾക്കും തുറന്ന മനോഭാവത്തോടെ തന്നെത്തന്നെ വിട്ടുകൊടുക്കുന്ന സ്വഭാവം സ്വന്തമായുള്ളവളുമാണെന്ന് പാപ്പാ പറഞ്ഞു. കാനായിലെന്നപോലെ ദുർബലരായ മനുഷ്യർക്കായി അവൾ തന്റെ തിരുസുതനുമുന്നിൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. തന്റെ പുത്രനെ കുരിശോളം അനുഗമിച്ച പരിശുദ്ധ അമ്മയ്ക്ക്, ലോകത്തിന്റെ വേദനകളിലും മുറിവുകളിലും ആശ്വാസമേകുന്നതിനായി ഇടപെടുന്നതിന് ഭയമില്ലെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ മാതൃത്വത്തിന്റെ സഹാനുഭൂതിയുടെ മുഖമാണ് നോത്ര് ദാം ദേ സാൻസ്അബ്രി സംഘടനാംഗങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഹനങ്ങളിലൂടെ കടന്നുപോകുന്നവരും, ലോകം അവഗണിച്ചവരുമായ മനുഷ്യർക്കൊപ്പം ആയിരിക്കാൻ പരിശുദ്ധ അമ്മയും യേശുവും മറക്കുന്നില്ല എന്നതാണ് നിങ്ങൾ കാണിച്ചുകൊടുക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെ ശക്തിയോടെ നിങ്ങളുടെ സേവനം തുടരാനും, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകന്ന മനുഷ്യർക്ക് പ്രത്യാശയും, അവരുടെ അന്തസ്സും തിരികെ നേടാനായി സഹായിക്കാനും സംഘടനാംഗങ്ങളെ ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2024, 15:10