ഇറ്റലിയിലെ സൈനികർക്കൊപ്പം പാപ്പാ ഇറ്റലിയിലെ സൈനികർക്കൊപ്പം പാപ്പാ  (VATICAN MEDIA Divisione Foto)

സൈനികസേവനത്തിൽ ക്രൈസ്തവമായ ശുശ്രൂഷയടങ്ങിയിരിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കുവേണ്ടിയും, സമാധാനസ്ഥാപനത്തിനായും സൈനികർ ചെയ്യുന്ന സേവനങ്ങൾ എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ സൈന്യത്തിലെ, ആയുധങ്ങളും മറ്റു വസ്തുക്കളും അവ ആവശ്യമുള്ളയിടങ്ങളിലേക്ക് എത്തിക്കുന്ന വിഭാഗത്തിലെ ആളുകൾക്ക് നവംബർ ഏഴാം തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, സൈനികർ ചെയ്യുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചത്. ദുരിതമനുഭവിക്കുന്നവർക്കുള്ള ശുശ്രൂഷയിലൂടെ, ശുശ്രൂഷിക്കാനായെത്തിയ ക്രിസ്തുവിന്റെ ശൈലിയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധം മൂലമോ, പ്രകൃതി ദുരന്തങ്ങൾ മൂലമോ, മഹാമാരികൾ മൂലമോ കഷ്ടപ്പെടുന്ന ജനതയ്ക്ക് ശുശ്രൂഷയും പ്രതിരോധവും ഉറപ്പാക്കുന്നതിലൂടെ, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനായി വന്ന ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പ്രാവർത്തികമാക്കാനും, മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കാനുമാകുമെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ മിലിട്ടറിസംഘത്തിന്റെ പ്രത്യേക മദ്ധ്യസ്ഥനായി വിശുദ്ധ ക്രിസ്റ്റഫറിനെ പ്രഖ്യാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ, വത്തിക്കാനിലെത്തിയ മിലിട്ടറി വിഭാഗത്തിലെ ആളുകളുമായി സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പാ, സൈനികസേവനത്തിലൂടെ ചെയ്യാനാകുന്ന നന്മകളെക്കുറിച്ച് പരാമർശിച്ചത്. വിവിധ രീതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനത്തിന് ആശ്വാസമേകാനായി പോകുന്ന സൈനികർ, അവരറിയാതെതന്നെ ക്രിസ്തുവിന്റെ ശൈലി ജീവിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിനെ കൊണ്ടുനടക്കുന്നവൻ എന്ന അർത്ഥമാണ് ക്രിസ്റ്റഫർ എന്ന പേരിനുള്ളതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, തനിക്ക് ഈ വിശുദ്ധനോടുള്ള വണക്കം പരസ്യമായി പ്രസ്താവിക്കുകയും, അദ്ദേഹത്തിന്റെ ഒരു മെഡൽ താൻ എപ്പോഴും കൊണ്ടുനടക്കാറുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്‌തു. സൃഷ്ടാവിന്റെ പ്രതിശ്ചായയുള്ള മനുഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലൂടെയും, രാജ്യത്തെ സേവിക്കുന്നതിലൂടെയും അഭിനന്ദനാർഹമായ സേവനമാണ് സൈനികർ ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

സമാധാനം സംരക്ഷിക്കാനും, പ്രകൃതിദുരന്തങ്ങളിൽ സേവനമെത്തിക്കാനും അതുവഴി ജനങ്ങൾക്ക് ശുശ്രൂഷചെയ്യുന്നതിലും സൈനികർ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കവേ, ഇറ്റലിയിൽ ഉണ്ടായിട്ടുള്ള ഭൂമികുലുക്കങ്ങളിലും, വെള്ളപ്പൊക്കങ്ങളിലും, മഹാമാരികളിലും, സാധാരണജനത്തിന് സഹായമേകാനായി, താൽക്കാലിക ആശുപത്രികൾ സ്ഥാപിച്ചും പ്രതിരോധമരുന്നുകൾ വിതരണം ചെയ്തും സൈനികർ മുൻപോട്ടിറങ്ങിയത് പാപ്പാ പരാമർശിച്ചു.

സമാധാനപരിപാലന ദൗത്യങ്ങളുടെ ഭാഗമായി, സൈനികോപകരണങ്ങളും, സാധാരണക്കാർക്ക് ആവശ്യമുള്ള വസ്തുക്കളും രാജ്യത്തിന് പുറത്തുപോലും എത്തിക്കാൻ സൈന്യം പോകാറുണ്ടെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു. പൊതുനന്മ ലക്ഷ്യമാക്കി, തങ്ങളുടെ ആരോഗ്യവും സമയവും വിനിയോഗം ചെയ്‌ത് ശുശ്രൂഷ നിർവഹിക്കുകയാണ് ഇതുവഴി നിങ്ങൾ ചെയ്‌തതെന്ന്‌ പാപ്പാ സാക്ഷ്യപ്പെടുത്തി. ശുശ്രൂഷകരാവുക എന്നതിലാണ് നിങ്ങളുടെ മഹത്വം അടങ്ങിയിരിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

തങ്ങളുടേതായ ഒരു സ്വർഗ്ഗീയമദ്ധ്യസ്ഥനുണ്ടാവുക എന്നതിലൂടെ, മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കുന്ന ഒരു ശൈലി ജീവിക്കുക എന്നും, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നും നാം അർത്ഥമാക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 1954 നവംബർ നാലാം തീയതി, ധന്യനായ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് വിശുദ്ധ ക്രിസ്റ്റഫറിനെ ഇറ്റലിയിലെ സൈനികരുടെ പ്രത്യേക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2024, 16:58