തിരയുക

ഫ്രാൻസിസ് പാപ്പാ - ഗ്രിഗോറിയന് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ദൃശ്യം ഫ്രാൻസിസ് പാപ്പാ - ഗ്രിഗോറിയന് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ദൃശ്യം  (Vatican Media)

വിദ്യാഭ്യാസരംഗത്ത് ഉന്നതമായ മൂല്യങ്ങൾ ആവശ്യം: ഫ്രാൻസിസ് പാപ്പാ

വിദ്യാഭ്യാസരംഗത്തുള്ളവർ എല്ലാമറിയാമെന്ന ചിന്തയകറ്റി കൂടുതൽ എളിമയോടെയും, മറ്റു ശാസ്ത്രവിഭാഗങ്ങളുടെയും ആവശ്യവും പ്രാധാന്യവും തിരിച്ചറിഞ്ഞതും മുന്നോട്ടുപോകണമെന്ന് ഫ്രാൻസിസ് പാപ്പാ. വിദ്യാഭ്യാസരംഗത്ത് പരസ്പരമുള്ള പങ്കുവയ്ക്കലിന് പ്രാധാന്യം കൊടുക്കണം. വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാകണമെന്നും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യരുടെ ജീവിതവുമായി ബന്ധമുള്ളതും, ഏവർക്കും പ്രാപ്യമായതും, മറ്റു ശാസ്ത്രരീതികളെ വിലകുറച്ചുകാട്ടാത്തതുമായ  ഒരു വിദ്യാഭ്യാസരീതിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. നവംബർ 5 ചൊവ്വാഴ്ച, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സമൂഹത്തിന് നൽകിയ ഉദ്ബോധനത്തിലാണ്, വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മറ്റു ശാസ്ത്രവിഭാഗങ്ങളുടെ നേർക്ക് അധിപത്യമനോഭാവത്തോടെയല്ല ദൈവശാസ്ത്രവിഭാഗം ചിന്തിക്കേണ്ടതെന്നും, എല്ലാവരിൽനിന്നും പഠിക്കാനുണ്ടെന്ന തിരിച്ചറിവിൽ, ഉന്നത പീഠങ്ങളിൽ നിന്നുള്ള അധ്യാപനമെന്നതിനേക്കാൾ, ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള അറിവിന്റെ പങ്കുവയ്ക്കലിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവശാസ്ത്രരംഗത്തുള്ള അധിപത്യമനോഭാവം തെറ്റുകളിലേക്കാണ് നമ്മെ നയിക്കുകയെന്ന് പാപ്പാ എടുത്തുപറഞ്ഞു.

ക്രൈസ്തവവിദ്യാഭ്യാസരംഗത്ത് എളിമയുണ്ടാകേണ്ടതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശിച്ചു. സഭയിലെ അധ്യാപകർക്ക്, തങ്ങൾക്ക് എല്ലാമറിയാമെന്ന ചിന്ത ഉണ്ടാകരുതെന്നും എല്ലാവരുടെയും സംഭാവനകൾ ആവശ്യമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.  നിർമ്മിതബുദ്ധി കൊണ്ടുവരുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഏതാണ്ട് ഒരു മണിക്കൂർ നീണ്ട തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

വിദ്യാഭ്യാസം ചിലർക്കായി മാത്രമുള്ള ഒരു പ്രത്യേക അനുകൂല്യമായി മാറരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയുടെ ആരംഭത്തിൽ അതിന്റെ പ്രവേശനകവാടത്തിൽ ഉണ്ടായിരുന്ന ഒരു ഫലകത്തിൽ "സൗജന്യമായി വ്യാകരണവും, മാനവികശാസ്ത്രവും, ക്രൈസ്തവപ്രമാണങ്ങളും പഠിപ്പിക്കുന്നയിടം" എന്നെഴുതിയിരുന്ന വാക്കുകൾ അനുസ്മരിച്ചുകൊണ്ടാണ് വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കേണ്ട തുല്യ അവകാശങ്ങളെക്കുറിച്ച് പാപ്പാ പറഞ്ഞത്. പാവപ്പെട്ടവരെ ഒഴിവാക്കുമ്പോൾ ഇല്ലാതാകുന്നത് വിദ്യാഭ്യാസസ്ഥാപനം തന്നെയാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, ബന്ധങ്ങളിലും, പ്രവർത്തനമാർഗ്ഗങ്ങളിലും, ലക്ഷ്യങ്ങളിലും ഈ സൗജന്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുവഴിയാണ് ഏവരും യജമാനന്മാരില്ലാത്ത സേവകരായി മാറുകയെന്ന് വ്യക്തമാക്കി. അത്തരമൊരു അവസ്ഥയിൽ ഏവരും മറ്റുള്ളവരുടെ അന്തസ്സ് തിരിച്ചറിയുകയും ആരെയും അവഗണിക്കാതെയും ഒഴിവാക്കാതെയുമിരിക്കുമെന്ന് പാപ്പാ വിശദീകരിച്ചു. നിസ്വാർത്ഥതയാണ് നമ്മെ സൗജന്യമായി ലഭിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്ക് നയിക്കുക.

യുദ്ധം മൂലം ദുരിതത്തിലായിരിക്കുന്ന ലോകത്തെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. പ്രത്യാശയെ ഇരുട്ടിലാക്കുന്ന വിധത്തിലാണ് യുദ്ധമെന്ന വിഡ്ഢിത്തം ലോകത്ത് വളർന്നുപന്തലിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ കുറ്റപ്പെടുത്തി. രക്തരൂക്ഷിതമായ വിജയങ്ങൾക്കെതിരെയും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ വാക്കുകളിൽ , പ്രത്യേകിച്ച് വിദ്യാഭ്യാസ, അധ്യയന രംഗങ്ങളിലുള്ള സഭയുടെ ഉദ്ബോധനങ്ങളിൽ സൗമ്യതയുണ്ടാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലക്ഷ്യബോധത്തോടെ, ചക്രവാളങ്ങളിലേക്കുള്ള നോട്ടം നഷ്ടപ്പെടാതെ വേണം യാത്ര തുടരേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എന്തുകൊണ്ട്, എങ്ങോട്ടാണ് തങ്ങൾ യാത്ര ചെയ്യുന്നതെന്ന തിരിച്ചറിവോടെ വേണം മുന്നോട്ടുനീങ്ങേണ്ടത്.

പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ വിദ്യാഭ്യാസസ്ഥാപനവും, ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടും, ഓറിയെന്റൽ ഇൻസ്റ്റിറ്റിയൂട്ടുമായി ഒരുമിച്ച് ചേർത്ത് അടുത്തിടെ പുനഃസംഘടന നടന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാപ്പാ ഇത്തരമൊരു ചിന്ത മുന്നോട്ടുവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2024, 16:51