സ്പെയിനിലെ ചുഴലിക്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഇരകൾക്ക് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനിലെ വലെൻസിയയിൽ വീശിയടിച്ച "ദാനാ" ചുഴലിക്കൊടുങ്കാറ്റിലും, തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നൂറ്റിയൻപതിലേറെ ആളുകൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനവും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ സാമീപ്യവുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. വയ്യദോളിത് അതിരൂപതാധ്യക്ഷനും, സ്പെയിൻ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ അഭിവന്ദ്യ ലൂയിസ് ഹവിയേർ അർഗെയ്യോ മെത്രാപ്പോലീത്തായ്ക്കയച്ച വീഡിയോ സന്ദേശത്തിലാണ് ആയിരക്കണക്കിന് ആളുകളെ ബാധിച്ച ഈ ദുരന്തത്തിൽ പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.
വലെൻസിയയിലെ ജനങ്ങളോട് തന്റെ സാമീപ്യം അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഈ മഹാദുരന്തത്തിന്റെ ഇരകളായവർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു. ദൈവം നിങ്ങളെയെവരെയും അനുഗ്രഹിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തന്റെ പ്രാർത്ഥനാസന്ദേശം വലെൻസിയയിലെ ജനതയിലേക്കെത്തിക്കണമെന്ന് അഭിവന്ദ്യ അർഗെയ്യോയോട് പാപ്പാ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സ്പെയിനിന്റെ കിഴക്കൻ തീരങ്ങളിൽ വീശിയടിച്ച "ദാനാ" ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് പ്രദേശത്ത് എട്ടു മണിക്കൂറുകളിൽ, കഴിഞ്ഞ ഇരുപത് മാസങ്ങളിൽ പെയ്‌തതിൽ കൂടുതൽ മഴ രേഖപ്പെടുത്തി. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു സംഭവമാണിതെന്നും, കാലാവസ്ഥാവ്യതിയാനം മൂലമാണ് ഇതുണ്ടായതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
നൂറ്റിയൻപത് പേരുടെ ജീവനെടുത്ത ഈ പ്രകൃതിദുരന്തത്തിൽ നിരവധിയാളുകളെ കാണാതായിട്ടുണ്ട്. ഏതാണ്ട് 1200 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്. എൺപത്തിനായിരത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങുകയും നിരവധി ഇടങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുകയും ചെയ്തു.
സംഭവത്തിൽ ഏവരും ഒരുമിച്ച് നിൽക്കണമെന്നും, ദുരന്തത്തിൽപ്പെട്ട ജനതയ്ക്ക് പിന്തുണ നൽകണമെന്നും സ്പെയിൻ രാജാവ് ഫിലിപ്പെ ആറാമൻ അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ അടിയന്തിരാവസ്ഥ അവസാനിച്ചിട്ടില്ലെന്നും, ഇനിയും കടുത്ത കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ചുള്ള പ്രവചനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സകല വിശുദ്ധരുടെയും തിരുനാളുമായി ബന്ധപ്പെട്ട്, നവംബർ ഒന്നാം തീയതി മധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലും, സ്പെയിനിലെ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഇരകളായവരോടുള്ള തന്റെ സാമീപ്യം പാപ്പാ അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: