ഫ്രാൻസിസ് പപ്പായയും ഉക്രൈനിലെ വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസും ഫ്രാൻസിസ് പപ്പായയും ഉക്രൈനിലെ വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസും 

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ആയിരം ദിവസങ്ങൾ: ഉക്രൈൻ ജനതയോടൊപ്പം ഫ്രാൻസിസ് പാപ്പാ

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസങ്ങൾ പൂർത്തിയായ അവസരത്തിൽ, കടുത്ത സഹനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് തന്റെ സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ. ഉക്രൈനിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസിനയിച്ച കത്തിലൂടെയാണ് പാപ്പാ ഉക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചത്. സമാധാനത്തിനായുള്ള പ്രാർത്ഥനകളും പാപ്പാ വാഗ്ദാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈൻ ജനത കടന്നുപോകുന്ന കൊടിയ പീഡനങ്ങളുടെ ഈ നാളുകളിൽ, എല്ലാ ഉക്രൈൻ പൗരന്മാർക്കും തന്റെ പ്രാർത്ഥനകളും ഐക്യദാർഢ്യവും അറിയിച്ച് ഫ്രാൻസിസ് പാപ്പാ. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന്റെ ആയിരം ദിവസങ്ങൾ പൂർത്തിയായ നവംബർ പത്തൊൻപതിന്, ഉക്രൈനിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസിന് അയച്ച കത്തിലൂടെയാണ്, ഉക്രയിൻജനതയോടുള്ള തന്റെ ഐക്യദാർഢ്യം പാപ്പാ അറിയിച്ചത്.

അനുദിനം നടക്കുന്ന ബോംബാക്രമണങ്ങൾ ഉൾപ്പെടെ ഉക്രൈൻ ജനത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന് എഴുതിയ പാപ്പാ, അവരുടെ സഹനത്തെ മാനുഷികമായ വാക്കുകൾ ഉപയോഗിച്ച് വിശദീകരിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൽ വിലപിക്കുന്നവരെ ആശ്വസിപ്പിക്കാനോ, തടവിലാക്കപ്പെട്ടവരെ സ്വാതന്ത്രമാക്കാനോ, സമാധാനവും നീതിയും നടപ്പാക്കാനോ എളുപ്പമല്ലെന്ന് പാപ്പാ വിശദീകരിച്ചു. ഉക്രൈനിൽ ഏറെ നാളുകളായി സമാധാനമെന്ന വാക്ക് കേൾക്കാനില്ലെന്ന് പാപ്പാ എഴുതി.

യുദ്ധം ആരംഭിച്ച നാളുകൾ മുതൽ ഉക്രൈൻ ജനതയ്ക്കുവേണ്ടി താൻ പ്രാർത്ഥിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ, പരസ്പരസംവാദങ്ങളിലേക്കും, അനുരഞ്ജനത്തിലേക്കും ഹൃദയങ്ങളെ നയിക്കാനായി, ജീവന്റെയും പ്രത്യാശയുടെയും, ജ്ഞാനത്തിന്റെയും ഏക ഉറവിടമായ ദൈവത്തോടുള്ള പ്രാർത്ഥനയെന്ന മാർഗ്ഗമാണ് മുന്നിൽ കാണുന്നതെന്ന് തന്റെ കത്തിൽ കുറിച്ചു.

രാജ്യം കടന്നുപോകുന്ന സായുധസംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും, തടവുകളിൽ ഹീനമായ അവസ്ഥയിൽ കഴിയുന്നവരെയും അനുസ്മരിച്ചുകൊണ്ട്, ഉക്രൈനിൽ എല്ലാ ദിവസവും രാവിലെ ഒൻപതുമണിക്ക് ഒരു മിനിറ്റ് നിശബ്ദത പാലിക്കുന്നതിനെ പരാമർശിച്ച പാപ്പാ, സ്വർഗ്ഗത്തോടുള്ള നിങ്ങളുടെ ഈ നിലവിളി ശക്തമായിരിക്കാൻവേണ്ടി, താനും ഈ പ്രാർത്ഥനയോട് ചേരുന്നുവെന്നും നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു.

മാനുഷികമായ പരിശ്രമങ്ങൾ നിഷ്ഫലമെന്ന് തോന്നുമ്പോഴും, ദൈവം നമ്മോടൊപ്പമുണ്ടെന്നും, അവൻ നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും, പ്രത്യാശയാൽ നിറയ്ക്കട്ടെയെന്നും എഴുതിയ പാപ്പാ, ഓരോ തുള്ളി കണ്ണീരിനും അവൻ കണക്കുചോദിക്കുമെന്ന് ഓർമ്മിപ്പിച്ചു.

കഠിനമായ ഈ ദുരിതത്തിന്റെ അവസാനവാക്ക് ദൈവത്തിന്റേതായിരിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ, മെത്രാന്മാരും വൈദികരും ഉൾപ്പെടെ മുഴുവൻ ഉക്രൈൻ ജനതയ്ക്കും തന്റെ പ്രാർത്ഥനകളും ആശീർവാദവും നേർന്നു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിൽപ്പിന്നെ തന്റെ പൊതുപ്രഭാഷങ്ങളിൽ ഉക്രൈൻ ജനതയുടെ ദുരിതത്തെക്കുറിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ പലവട്ടം ആവർത്തിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2024, 15:57