തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (VATICAN MEDIA Divisione Foto)

ദുരിതാവസ്ഥയിൽ കഴിയുന്നവർക്ക് പ്രത്യാശയുടെ മൂർത്ത അടയാളമാകുക, പാപ്പാ!

ഇടവകവികാരിമാർ, സന്ന്യസ്തസമൂഹങ്ങളുടെ മേലധികാരികൾ, സഭാസ്ഥാപനങ്ങളുടെ നൈയമിക പ്രതിനിധികൾ എന്നിവരെയും വൈദിക സമൂഹത്തെയും സംബോധന ചെയ്തുകൊണ്ട് ഫ്രാൻസീസ് പാപ്പാ ഒരു കത്തെഴുതി. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തിൽ പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ റോം രൂപത സമൂർത്തമായ അടയാളം നല്കണമെന്ന് പാപ്പാ കത്തിൽ ആവശ്യപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാർപ്പിടരഹിതരുടെ പ്രശ്നപരിഹൃതിയിൽ സമൂർത്തമായ അടയാളം പതിക്കാൻ പാപ്പാ 2025-ലെ ജൂബിലിയാചരണത്തോടനുബന്ധിച്ച് റോം രൂപതയോട് ആവശ്യപ്പെടുന്നു.

റോം രൂപതയുടെ മെത്രാൻകൂടിയായ ഫ്രാൻസീസ് പാപ്പാ, അടുത്തയിടെ, ഇടവകവികാരിമാർ, സന്ന്യസ്തസമൂഹങ്ങളുടെ മേലധികാരികൾ, സഭാസ്ഥാപനങ്ങളുടെ നൈയമിക പ്രതിനിധികൾ എന്നിവരെയും വൈദിക സമൂഹത്തെയും സംബോധന ചെയ്തുകൊണ്ട് നല്കിയ ഒരു കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കഷ്ടപ്പാടുകളുടെതായ അവസ്ഥയിൽ ജീവിക്കുന്ന അനേകരായ സഹോദരീസഹോദരന്മാർക്ക് സഭ പ്രത്യാശയുടെ ഇന്ദ്രിയഗോചരമായ അടയാളമായിരിക്കണമെന്ന് താൻ ജൂബിലിപ്രഖ്യാപന ബൂളയിൽ പറഞ്ഞിരിക്കുന്നതും സഭ ആചരിക്കാൻ പോകുന്ന 2025-ലെ ജൂബിലി പ്രത്യാശയിൽ അധിഷ്ഠിതമാണെന്നതും പാപ്പാ തൻറെ കത്തിൽ  അനുസ്മരിക്കുന്നു. പ്രത്യാശ ജന്മംകൊള്ളുന്നത് സ്നേഹത്തിലും സ്നേഹിക്കപ്പെടുന്നുവെന്ന അനുഭവത്തിലും നിന്നാണെന്ന് പറയുന്ന പാപ്പാ ദൈവ സ്നേഹം പ്രത്യാശയെ ജനിപ്പിക്കുന്നുവെന്നും ആ സ്നേഹം നമ്മുടെ സ്നേഹത്തിലൂടെ കടന്നുപോകുന്നുവെന്നുമുള്ള വൈദികൻ, വാഴ്ത്തപ്പെട്ട പീനൊ പുള്യീസിയുടെ വാക്കുകൾ ഉദ്ധരിക്കുന്നു.

ജൂബിലിവേളയിൽ എത്തുന്ന തീർത്ഥാടകർക്ക് ആതിഥ്യമരുളുന്നതിനോടൊപ്പം പാർപ്പിടരഹിതർക്കും ഭവനം നഷ്ടപ്പെടുമെന്ന അവസ്ഥയിലിരിക്കുന്നവർക്കും സംരക്ഷണമേകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടാകണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. പാർപ്പിടസംബന്ധിയായ അടിയന്തിരപ്രശ്നത്തിന് കടിഞ്ഞാണിടുന്നതിന് റോം രൂപതയിൽ കെട്ടിടമുടസ്ഥതയുള്ള എല്ലാ സ്ഥാപനങ്ങളും ഉപവിയുടെയും ഐക്യദാർഢ്യത്തിൻറെയും അടയാളത്തിൽ സംഭാവന ചെയ്യണമെന്ന തൻറെ ആഗ്രഹം പാപ്പാ വെളിപ്പെടുത്തുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2024, 19:57