സമൂഹത്തെ കാരുണ്യത്തോടെ നോക്കുക, പാപ്പാ ഇറ്റലിയിലെ സഭയോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ അഭാവം, ഇരയാക്കപ്പെടുന്ന അവസ്ഥ, ഭയം, അടച്ചുപൂട്ടലുകൾ തുടങ്ങിയ സുവിശേഷേതര മനോഭാവങ്ങളെ മറികടന്ന്, ഭാവിക്കായി തയ്യാറെടുക്കുന്നതിന് നമ്മുടെ സമൂഹത്തെ കാരുണ്യത്തോടെ നോക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.
റോമിൽ 15-17 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഇറ്റലിയിലെ കത്തോലിക്കാ സഭയുടെ പ്രഥമ സിനഡാത്മക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് സമ്മേളനത്തിൻറെ പ്രഥമ ദിനമായിരുന്ന വെള്ളിയാഴ്ച (15/11/24) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് ഓർമ്മപ്പെടുത്തിയിരിക്കുന്നത്.
ചക്രവാളം മുന്നിൽ തുറന്നു കിടക്കുകയാണെന്നും ഫലം പുറപ്പെടുവിക്കുന്നതിനായി വചനത്തിൻറെ വിത്ത് മണ്ണിൽ വിതയ്ക്കുന്നത് തുടരണമെന്നും പാപ്പാ പ്രചോദനം പകരുന്നു. സഭ ഒരുമിച്ചു നടക്കേണ്ടതിൻറെ പ്രാധാന്യം അടിവരയിട്ടുകാണിക്കുന്ന പാപ്പാ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തോടു വിധേയത്വം പുലർത്തുകയും കാലത്തിൻറെ അടയാളങ്ങൾ അതിവേഗം മനസ്സിലാക്കാൻ കഴിയുകയും ചെയ്യുന്നവളായ സഭ നിന്തരം നവീകരിക്കുകയും കൗദാശികസ്വഭാവം അന്യൂനമാക്കുകയും ചെയ്യുന്നുവെന്നും, ഇത് അവൾ വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിൻറെ വിശ്വാസയോഗ്യയായ സാക്ഷിയായിരിക്കുന്നതിനു വേണ്ടിയാണെന്നും വിശദീകരിക്കുന്നു.
സഞ്ചാരം തുടരുക, ഒരുമിച്ച് സഭയായിത്തീരുക, തുറവുള്ള സഭയായിരിക്കുക എന്നീ താൻ മുമ്പ് സൂചിപ്പിച്ചിട്ടുള്ള മൂന്നു ദൗത്യങ്ങളെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ ഇക്കാര്യങ്ങൾ നിലവിലെ സഹാചര്യത്തിൽ ഇറ്റലിയിലെ സഭയെ സംബന്ധിച്ചതാണെന്നും പരിശുദ്ധാരൂപിയുടെ കാറ്റിനനുസൃതം നൗകയുടെ പായ ഉയർത്താൻ ഭയമരുതെന്നും ഓർമ്മിപ്പിക്കുന്നു. സുവിശേഷം സന്തോഷത്തോടെ പ്രഘോഷിക്കാൻ ആദ്യകാലത്തെന്നപോലെ ഇന്നും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: