ഫ്രാൻസീസ് പാപ്പായും പൗരസ്ത്യ അസ്സീറിൻ സഭയുടെ പാത്രിയാർക്കീസ് മാർ അവ്വാ ത്രിദീയനും വത്തിക്കാനിൽ,09/11/24 ഫ്രാൻസീസ് പാപ്പായും പൗരസ്ത്യ അസ്സീറിൻ സഭയുടെ പാത്രിയാർക്കീസ് മാർ അവ്വാ ത്രിദീയനും വത്തിക്കാനിൽ,09/11/24  (VATICAN MEDIA Divisione Foto)

ക്രൈസ്തവൈക്യ പാതയിൽ ദൈവവിജ്ഞാനീയ സംഭാഷണം അത്യന്താപേക്ഷിതം, പാപ്പാ

ഫ്രാൻസീസ് പാപ്പാ, പൗരസ്ത്യ അസ്സീറിയൻ സഭയുടെ കാതോലിക്കോസ് മാർ അവ്വാ ത്രീദീയനെയും ഈ സഭയുടെയും കത്തോലിക്കാസഭയുടെയും സംയുക്ത ദൈവവിജ്ഞാനീയ സംഭാഷണ സമിതിയെയും ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം ആഗ്രഹിക്കുന്നത് വിശ്വാസ ഐക്യമാകയാൽ നമ്മുടെ ഐക്യപ്രയാണത്തിൽ ദൈവശാസ്ത്ര സംവാദം അനിവാര്യമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പൗരസ്ത്യ അസ്സീറിയൻ സഭയുടെ കാതോലിക്കോസ് മാർ അവ്വാ ത്രീദീയനെയും ഈ സഭയുടെയും കത്തോലിക്കാസഭയുടെയും സംയുക്ത ദൈവവിജ്ഞാനീയ സംഭാഷണ സമിതിയെയും ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. 

സത്യസംഭാഷണം ഒരിക്കലും ഉപവിയുടെയും ജീവൻറെയും സംവാദങ്ങളിൽ നിന്ന് വേർതിരിക്കപ്പെടുന്നില്ലെന്നും വിശ്വാസത്തിലുള്ള ഐക്യം നമ്മുടെ സഭകളിലെ വിശുദ്ധന്മാർ ഇതിനകം നേടിയിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു.

മദ്ധ്യപൂർവ്വദേശം യുദ്ധഭൂമിയായി പരിണമിച്ചിരിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ ആ പ്രദേശത്തെ ക്രൈസ്തവർക്ക് ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യമേകാൻ സാധിക്കട്ടെയെന്നും "ലോകം വിശ്വസിക്കേണ്ടതിന്" ഒരേ അൾത്താരയിൽ ഒരുമിച്ച് ബലിയർപ്പിക്കാനും രക്ഷകൻറെ ഏക ശരീരരക്തങ്ങൾ സ്വീകരിക്കാനും കഴിയുന്ന അനുഗ്രഹീതമായ ദിവസം വരെ നമ്മുടെ സഭകൾ തമ്മിലുള്ള സൗഹൃദം തഴച്ചുവളരട്ടെയെന്നും ആശംസിച്ചു.

"യുഗങ്ങളുടെ കർത്താവ് […] ഈ അവസാനനാളുകളിൽ, ഭിന്നിച്ചിരിക്കുന്ന ക്രൈസ്തവരുടെമേൽ ഹൃദയാനുതാപവും ഐക്യത്തിനായുള്ള സമൃദ്ധമായി വർഷിക്കുന്നതിന് ആരംഭിച്ചിരിക്കുന്നു എന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ സഭൈക്യത്തെ സംബന്ധിച്ച പ്രമാണ രേഖയിലെ ഈ വാക്കുകൾ വശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പാ ദിംഖാ നാലാൻ കാതോലിക്കോസിനെ വത്തിക്കാനിൽ സ്വീകരിച്ച വേളിയിൽ ഉദ്ധരിച്ചത് ഫ്രാൻസീസ് പാപ്പാ അനുസ്മരിച്ചു. അത് പാപ്പായും അസ്സീറിയൻ സഭയുടെ പാത്രിയാർക്കീസുമായുള്ള പ്രഥമ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവന്നതും  ഈ രേഖ പ്രഖ്യാപിക്കപ്പെട്ടതിൻറെ അറുപതാം വാർഷികം ഈ മാസമാണെന്നതും പാപ്പാ സൂചിപ്പിച്ചു. 1964 നവമ്പർ 21-നാണ് ഈ രേഖ പ്രഖ്യാപിക്കപ്പെട്ടത്.

കത്തോലിക്കാ സഭയുടെയും പൗരസ്ത്യ അസ്സീറിയൻ സഭയുടെയും പൊതു ക്രിസ്തുവിജ്ഞാനീയ പ്രഖ്യാപനത്തിൻറെ മുപ്പതാം വാർഷികാചരണ വേളയിൽ ഇരു സഭകളെയും നയിക്കുന്നത് എല്ലാവരും ഒന്നായിത്തീരണമെന്ന ക്രിസ്തുവിൻറെ അഭലാഷമാണെന്ന് പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2024, 16:36