സ്നേഹം, നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന അസാധാരണ ശക്തി, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നീതിയുടെയും സമാധാനത്തിൻറെയും മേഖലകളിൽ ധീരതയോടും ഉദാരതയോടുംകൂടി പ്രവർത്തിക്കുന്നതിന് പ്രതിബദ്ധരാകാൻ ആളുകളെ പ്രേരിപ്പിക്കുന്ന അനന്യസാധാരണമായ ഒരു ശക്തിയാണ് സ്നേഹമെന്നും അതിൻറെ ഉദ്ഭവം, ശാശ്വത സ്നേഹവും പരമസത്യവുമായ, ദൈവത്തിൽ നിന്നാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
പ്രധാനമായും വിവാഹമോചന സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സഭാ കോടതിയായ റോത്ത റൊമാനൊയുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന മുന്നൂറ്റിമുപ്പതോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്‌ച (23/11/24) രാവിലെ വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഒരു ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
“സത്യത്തിൽ നീതിയുടെയും സ്നേഹത്തിൻറെയും സേവനം” (Ministerium Iustitiae et Caritatis in Veritate) എന്ന പ്രമേയം ഈ പരിശീലന പരിപാടി സ്വീകരിച്ചിരിക്കുന്നത് തദ്ദവസരത്തിൽ അനുസ്മരിച്ച പാപ്പാ പരിചിന്തന പഠനങ്ങളുടെതായ ഈ ദിനങ്ങൾ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച നൈയമികവും അജപാലനപരവുമായ വെല്ലുവിളികൾ പരിശോധനാവിധേയമാക്കാൻ സഹായകമായിട്ടുണ്ട് എന്ന തൻറെ ബോധ്യം വെളിപ്പെടുത്തി.
വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട അപ്പൊസ്തോലിക മേഖല അതിവിശാലവും സങ്കീർണ്ണവും ലോലവുമാണെന്നും കുടുംബത്തിൻറെയും ജീവൻറെയും സുവിശേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ ഊർജ്ജവും ഉത്സാഹവും വിനിയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തൻറെ ഭൗമിക ജീവതത്തിലൂടെ, സർവ്വോപരി, തൻറെ മരണവും പുനരുത്ഥാനവും വഴി യേശു സാക്ഷ്യപ്പെടുത്തിയ സത്യത്തിൽ സ്നേഹം ഓരോ വ്യക്തിയുടെയും മാനവരാശി മുഴുവൻറെയും യഥാർത്ഥ വികസനത്തിനുള്ള പ്രധാന പ്രേരകശക്തിയാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
സഭാപരമായ അധികാരവിനിയോഗം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുമ്പോൾ എല്ലാ മക്കളെയും ആർദ്രതയോടെ സ്നേഹിക്കുന്ന സഭാംബയുടെ വദനമാണ് കാണേണ്ടതെന്നും അങ്ങനെ കാരുണ്യരഹിതമായ തണുപ്പൻ നീതി നടപ്പാക്കുന്നത് ഒഴിവാക്കാൻ അത് സഹായകമാകുമെന്നും പാപ്പാ പറഞ്ഞു.
നീതിരഹിത സ്നേഹത്തെക്കുറിച്ചും ചിന്തിക്കാനാകില്ലെന്നും സ്നേഹം നീതിയെ ഉല്ലംഘിക്കുന്നുവെന്നും കാരണം സ്‌നേഹമെന്നാൽ നല്കലാണ്, "എൻറേത്" മറ്റൊരാൾക്ക് കൊടുക്കുകയാണ് എന്നാണ് അർത്ഥമാക്കുന്നതെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: