വത്തിക്കാൻ ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറോളം പേരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ വത്തിക്കാൻ ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറോളം പേരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

ഗ്രന്ഥശാലകൾ സമാധാനവേദിയും സമാഗമ-സംവാദങ്ങളുടെ ശാദ്വലഭൂമിയുമാകട്ടെ, പാപ്പാ!

വത്തിക്കാൻ ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചു. “മറ്റുള്ളവർക്ക് പകർന്നു നല്കാനായി സംരക്ഷിക്കുകയും വായിക്കുകയും ചെയ്യുന്നു. ഗ്രന്ഥാലയങ്ങൾ സംവാദത്തിൽ” എന്നതായിരുന്നു സമ്മേളനത്തിൻറെ പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രങ്ങൾക്കിടയിലുള്ള നിരവധിയായ വിഘാതങ്ങൾക്കു പുറമെ അമൂർത്ത മതിലുകളും കെട്ടി ഉയർത്തപ്പെടുന്ന ഗുരുതരമായ അവസ്ഥയുടെ പശ്ചാത്തലത്തിൽ ഗ്രന്ഥാലയപ്രവർത്തകരുടെ ദൗത്യം സുപ്രധാനമാണെന്ന് മാർപ്പാപ്പാ.

വത്തിക്കാൻ ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറോളം പേരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു. “മറ്റുള്ളവർക്ക് പകർന്നു നല്കാനായി സംരക്ഷിക്കുകയും വായിക്കുകയും ചെയ്യുന്നു. ഗ്രന്ഥാലയങ്ങൾ സംവാദത്തിൽ” എന്നതായിരുന്നു സമ്മേളനത്തിൻറെ പ്രമേയം.

ഗ്രന്ഥാലയ പ്രവർത്തകരുടെ പങ്ക് പൈതൃകസംരക്ഷണത്തിൽ മാത്രമല്ല അറിവ് പരിപോഷിപ്പിക്കുന്നതിലും അടങ്ങിയിരിക്കുന്നവെന്നും ഗ്രന്ഥശാലകൾ സമാധാനവേദിയും സമാഗമത്തിൻറെയും സംവാദത്തിൻറെയും ശാദ്വലഭൂമിയുമാക്കുന്നതിനായുള്ള അവരുടെ പ്രവർത്തനത്തെ താൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

“എവഞ്ചേലി ഗൗദിയും” – “സുവിശേഷാനന്ദം” എന്ന തൻറെ അപ്പൊസ്തോലികോപദേശത്തിൽ നിർദ്ദേശിച്ചിട്ടുള്ള നാലുകാര്യങ്ങൾ പാപ്പാ ഈ ദൗത്യനിർവ്വഹണത്തിന് സഹായകമായി അവതരിപ്പിച്ചു. ഇവയിൽ ആദ്യത്തേത് സമയം സ്ഥലത്തെക്കാൾ ശ്രേഷ്ഠമാണ് എന്നതാണ്. സംഘർഷത്തിന്മേൽ ഐക്യം പ്രബലപ്പെടണം എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെതാകട്ടെ ആശയത്തെക്കാൾ പ്രാധാന്യം യാഥാർത്ഥ്യത്തിനാണ് എന്നതാണ്. സാകല്യതയാണ് അംശത്തെക്കാൾ പ്രധാനം എന്നതാണ് നാലാമത്തേത്.

നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് പ്രാദേശികം ആഗോളം എന്നിവ തമ്മിലുള്ള പരിമുറുക്കത്തിന് അറുതവരുത്തി ഏകതാനത സംജാതമാക്കാനാണെന്നും ആരും ഒറ്റപ്പെട്ടവരല്ലെന്നും പരസ്പരം ബന്ധത്തിലും സാമൂഹ്യ ജാലത്തിലും കൂട്ടുത്തരവാദിത്വത്തോടെ ജീവിക്കേണ്ടവരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നാം പ്രവർത്തനനിരതരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ലോകത്തിൻറെ സങ്കീർണ്ണതയെ പേടിക്കേണ്ടതില്ലെന്നും പാപ്പാ ധൈര്യം പകർന്നു. സാംസ്കാരിക പൈതൃകമുൾപ്പടെ സകലതും നശിപ്പിച്ചുകളയുന്ന യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഗന്ഥശാലാപ്രവർത്തകരുടെ ജോലിയിൽ സാങ്കേതിക വിദ്യ വരുത്തിയരിക്കുന്ന സാരമായ മാറ്റത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ സാങ്കേതിക വിദ്യ അവരുടെ പ്രവർത്തനത്തിന് കൂടുതൽ വൈവിധ്യം പകരുകയും വേഗത നല്കുകയും മുമ്പ് അചിന്തനീയങ്ങളായിരുന്ന വഴികൾ തുറക്കുകയും ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2024, 15:52