പാപ്പായുടെ അടുത്ത വിദേശ അപ്പൊസ്തോലിക പര്യടനം അജക്സിയോയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോ ഫ്രാൻസീസ് പാപ്പാ സന്ദർശിക്കും.
ഡിസംബർ 15-ന് ഞായറാഴ്ച ആയിരിക്കും ഈ സന്ദർശനമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി ശനിയാഴ്ച (23/11/24) വെളിപ്പെടുത്തി.
കോസിൻറെ പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ അജക്സിയൊ രൂപത ഡിസംബർ 14,15 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻറെ സമാപനത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ സന്ദർശനം.
“യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്ന അപ്പൊസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വചനമാണ് പാപ്പായുടെ ഈ സന്ദർശനത്തിൻറെ മുദ്രാ വാക്യം.
ഫ്രാൻസീസ് പാപ്പാ ഫ്രാൻസിൽ നടത്താൻ പോകുന്ന മൂന്നാമത്തെതായ ഈ സന്ദർശനം പാപ്പായുടെ നാല്പത്തിയേഴാമത്തെ വിദേശ അപ്പൊസ്തോലിക പര്യടനമായിരിക്കും. ആദ്യമായിട്ടായിരിക്കും ഒരു പാപ്പാ കോസ് ദ്വീപിൽ പാദമൂന്നുക.
റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് ഡിസംബർ 15-ന് രാവിലെ, പ്രാദേശിക സമയം, 7.45-ന് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയിൽ 9 മണിക്കെത്തും. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” എന്ന ശീർഷകത്തിലുള്ള സമ്മേളനത്തിൻറെ സമാപനയോഗത്തിൽ സംബന്ധിക്കുന്ന പാപ്പാ സ്വർഗ്ഗാരോപിതനാഥയുടെ കത്തീദ്രലിൽ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാർത്ഥന നയിക്കുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തദ്ദനന്തരം അജാക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവേൽ മക്രോണുമായി (Emmanuel Macron,) കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15-ന് റോമിലേക്കു മടങ്ങും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: