തിരയുക

ഭക്ഷണവേളയിൽ ഫ്രാൻസിസ് പാപ്പാ ഭക്ഷണവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ടവരുടെ ലോക ദിനത്തിൽ, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഇറ്റാലിയൻ റെഡ് ക്രോസ്സ്, സമൂഹത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഉച്ചഭക്ഷണത്തിൽ ഫ്രാൻസിസ് പാപ്പായും പങ്കെടുത്തു

അന്തൊണെല്ലോ പലെർമോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജീവിതത്തിന്റെ നിരവധി പ്രശ്നങ്ങൾ, നിരാശയുടെ അന്ധകാരം സൃഷ്‌ടിച്ചഏകദേശം 1300 ഓളം പാവപ്പെട്ടവരായ ആളുകളെ, പാവപ്പെട്ടവർക്കായുള്ള ലോകദിനമായ നവംബർ പതിനേഴാം തിയതി, വത്തിക്കാനിൽ ഒരുമിച്ചു കൂട്ടി. വിശുദ്ധ പത്രോസിന്റ് ദേവാലയത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കുകയും, തുടർന്ന്, പോൾ ആറാമൻ ശാലയിൽ എല്ലാവർക്കുമായി ഇറ്റലിയിലെ റെഡ് ക്രോസ്സ് അംഗങ്ങൾ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പാവപ്പെട്ടവരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. ഭക്ഷണസമയത്ത്, പങ്കെടുത്ത നിരവധിയാളുകൾ പാപ്പായോട് കുശലാന്വേഷണം നടത്തുകയും, തങ്ങളുടെ സന്തോഷം അറിയിക്കുകയും ചെയ്തു.

 

ക്ഷണിക്കപ്പെട്ട 1300 പേർ സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള  കസേരകളിൽ ഇരുപ്പുറപ്പിച്ചുകൊണ്ട്, കൂടെയുണ്ടായിരുന്ന മറ്റു ആളുകളുമായി ഭക്ഷണം പങ്കുവയ്ക്കുന്ന കാഴ്ച്ച, സൗഹൃദത്തിന്റെയും, സാഹോദര്യത്തിന്റെയും മൂല്യം എടുത്തു കാണിക്കുന്നതായിരുന്നു. അവരുടെ മധ്യത്തിൽ ഇരുന്ന പാപ്പാ ഭക്ഷണം ആശീർവദിച്ചതോടെ വിരുന്നിനു തുടക്കമായി. കൂടിയിരുന്ന ഓരോരുത്തർക്കും അവരുടെ ജീവിതത്തിൽ നിന്നും പങ്കുവയ്ക്കുവാനുണ്ടായിരുന്നത് വേദനയുടെ അനുഭവങ്ങൾ മാത്രം. എന്നാൽ ആശീർവാദത്തിനു ശേഷം, "ധൈര്യമായിരിക്കൂ, നമുക്ക് ഒരുമിച്ചു മുന്നേറാം", എന്ന പാപ്പായുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് ആളുകൾ സ്വീകരിച്ചത്.

വിരുന്നിന്റെ അവസരത്തിൽ, റെഡ് ക്രോസ്സ് അംഗങ്ങൾ സംഗീതമാലപിക്കുകയും, സദസിനെ സന്തോഷിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ വിവിധ നിലകളിൽ സേവനം അനുഷ്ഠിക്കുന്നവരും, വിവിധ പ്രായക്കാരുമായ നിരവധി സന്നദ്ധപ്രവർത്തകർ ചേർന്നാണ് വിരുന്നിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ ക്രാജേവ്സ്കിയും ഭക്ഷണം വിളമ്പുവാൻ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം, പാപ്പാ  എല്ലാവരേയും അഭിവാദ്യം ചെയ്യുകയും ഈ ദിവസത്തിനായി പ്രയത്നിച്ചവർക്ക് നന്ദി പറയുകയും ചെയ്തു. ഭക്ഷണവും, വ്യക്തിഗത ശുചിത്വ സാമഗ്രികളും അടങ്ങിയ വിൻസെന്റ് ഡി പോൾ സമൂഹം നൽകിയ  സമ്മാനങ്ങളൂം പങ്കെടുത്തവർക്ക് നൽകി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2024, 13:53