സമർപ്പിത ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകണം: ഫ്രാൻസിസ് പാപ്പാ

ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോയിലെ ഫ്രാൻസീസ് പാപ്പായുടെ ഏകദിന സന്ദർശന വേളയിൽ, മെത്രാന്മാരും, വൈദികരും, സമർപ്പിതരും അടങ്ങുന്ന സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഹ്രസ്വമായ സന്ദർശനമെങ്കിലും, മനോഹരമായ ഈ നാട്ടിൽ വരുവാനും സമർപ്പിതരെ കാണുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കൂടിവന്നവരുടെ സാന്നിധ്യത്തിനും, ദൈനംദിനമുള്ള സുവിശേഷ സേവനത്തിനും, അവരുടെ പ്രതിബദ്ധതയ്ക്കും പാപ്പാ നന്ദിയർപ്പിച്ചു. കൃതജ്ഞത എന്ന വാക്കിൽ നിന്നും തുടർന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ട് സംസാരിച്ചത്, ദൈവീക കൃപയെന്ന ആശയമാണ്. സഭയിലെ എല്ലാത്തരം വിശുദ്ധീകരണത്തിന്റെയും അടിസ്ഥാനം ദൈവീക കൃപയാണെന്നു പറഞ്ഞ പാപ്പാ, യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പശ്ചാത്തലത്തിൽ, വിശ്വാസം പങ്കുവയ്ക്കുന്നതിൽ നേരിടുന്ന നിരവധി വെല്ലുവിളികളെ എടുത്തു പറഞ്ഞു. സഭാശുശ്രൂഷകരുടെ എണ്ണം ഗണ്യമായി കുറയുന്ന ഒരു സാഹചര്യത്തിൽ, ഈ കുറവ് പോലും ഒരു ദൈവീക കൃപയായി സ്വീകരിക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മിൽ തന്നെ ആശ്രയിക്കുവാനുള്ള പ്രലോഭനത്തിൽ നിന്നും അകന്നുനിൽക്കുവാൻ ഈ അവസ്ഥ നമ്മെ സഹായിക്കുന്നു. നമ്മുടെ ചെറിയ കാര്യങ്ങളിൽ ദൈവമാണ് തന്റെ പ്രവൃത്തികൾ ഉൾച്ചേർക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

അതിനാൽ നമ്മുടെ സുവിശേഷ പ്രവർത്തനങ്ങളിലും, സഭാ പ്രവർത്തനങ്ങളിലും, കേന്ദ്രസ്ഥാനത്ത് കർത്താവാണെന്നും, അല്ലാതെ നമ്മൾ അല്ല എന്നും പാപ്പാ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ഇത് നമ്മുടെ അനുദിന പ്രാർത്ഥനകളിൽ പോലും കൂട്ടിച്ചേർക്കണമെന്നും പാപ്പാ പറഞ്ഞു. എന്നാൽ എല്ലാം ദൈവത്തിൽ ഏല്പിച്ചിട്ട്, നാം ഉറങ്ങണം എന്നല്ല ഇതുകൊണ്ടു വിവക്ഷിക്കുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. മറിച്ച് പൗലോസ് ശ്ലീഹ പറയുന്നതുപോലെ, ദൈവീക കൃപയുടെ സഹകാരികളായി വർത്തിക്കുവാനുള്ള വിളിയാണ് ഓരോ വൈദികനിലും, സന്യസ്തരിലും നിക്ഷിപ്തമായിരിക്കുന്നത്.

ഈ വിവേചന ബോധ്യത്തെ ഊട്ടിയുറപ്പിക്കുന്നതിനും, ആന്തരിക സംഘർഷങ്ങളിൽ മനസു മടുത്തുപോകരുതെന്നും പാപ്പാ പ്രത്യേകം പറഞ്ഞു. സ്വയം പരിപാലിക്കുക, ഒപ്പം മറ്റുള്ളവരെയും പരിപാലിക്കുക എന്നീ രണ്ടു കാര്യങ്ങളും ജീവിതത്തിൽ പുലർത്തുവാൻ പരിശുദ്ധ പിതാവ് എല്ലാവരെയും ക്ഷണിച്ചു. പൗരോഹിത്യവും, സന്യാസവും സ്വീകരിച്ച ഒരു വ്യക്തി, തന്റെ ജീവിതത്തിൽ കർത്താവിന്റെ സേവനത്തിനായി ഉച്ചരിച്ച അതെ എന്ന വാക്കിന്റെ സന്തോഷം അവനുമായുള്ള കണ്ടുമുട്ടലിലാണ് ഓരോ ദിവസവും പുതുക്കേണ്ടതെന്നും, കർത്താവിന്റെ ശബ്ദം നാം ഏവരും കേൾക്കണമെന്നും, അവനെ പിൻചെല്ലണമെന്നും പാപ്പാ പറഞ്ഞു.

സ്വയം അർപ്പിക്കുന്ന പുരോഹിതന്റെയും, സന്യാസികളുടേയുമൊക്കെ ജീവിതത്തിൽ പ്രഥമമായി സ്വയ പരിപാലനം ഏറെ ആവശ്യമാണെന്നും, ദൈവരാജ്യശുശ്രൂഷയ്ക്കു ഇത് ഏറെ ആവശ്യമാണെന്നും പറഞ്ഞ പാപ്പാ, ഈ സ്വയം പരിപാലനത്തിനുള്ള മാർഗ്ഗങ്ങൾ, പ്രാർത്ഥനയും, വിശുദ്ധ കുർബാന അർപ്പണവും അടങ്ങുന്ന ജീവിത നിയമങ്ങളാണെന്നും കൂട്ടിച്ചേർത്തു. അർപ്പണ ജീവിതത്തിൽ സ്വകാര്യനിമിഷങ്ങളുടെയും, നമ്മുടെ കാര്യങ്ങൾ പങ്കുവയ്ക്കുവാൻ കഴിയുന്ന സഹോദരങ്ങളുടെ ആവശ്യകതയും, ഇടവേളകളും ആവശ്യമെന്നും പാപ്പാ പറഞ്ഞു. പോരാട്ടങ്ങളും, വെല്ലുവിളികളും മാത്രമല്ല, നമുക്കിടയിലുള്ള സന്തോഷവും സൗഹൃദവും പങ്കുവയ്‌ക്കേണ്ടതു ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

തുടർന്ന്, സമർപ്പണ ജീവിതത്തിൽ മറ്റുള്ളവരെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ പാപ്പാ അടിവരയിട്ടു പറഞ്ഞു. "നിങ്ങൾ ഓരോരുത്തർക്കും ലഭിച്ച ദൗത്യത്തിന് എല്ലായ്പ്പോഴും ഒരൊറ്റ ലക്ഷ്യമേയുള്ളൂ: യേശുവിനെ മറ്റുള്ളവരിലേക്ക് കൊണ്ടുവരിക, ഹൃദയങ്ങൾക്ക് സുവിശേഷത്തിന്റെ ആശ്വാസം നൽകുക", പാപ്പാ പറഞ്ഞു. സമർപ്പിതരുടെ ആത്മീയ ശുശ്രൂഷയുടെ കേന്ദ്രബിന്ദു സഹോദരീസഹോദരങ്ങളാണെന്നും, അവരുടെ ആത്മീയ നന്മയെ ലക്‌ഷ്യം വച്ചുകൊണ്ട്, അവരെ കേൾക്കുന്നതിനും, അവരോടൊപ്പം ആയിരിക്കുന്നതിനും നാം തയ്യാറാവണമെന്നും പാപ്പാ പറഞ്ഞു. ആരെയും ഒഴിവാക്കാതെ വിശ്വാസ  യാത്രയിൽ എല്ലാവരെയും കൂടെ നിർത്തുന്നതിനുള്ള ഉത്തരവാദിത്വവും പാപ്പാ അനുസ്മരിച്ചു. ഇവിടെ വിശ്വാസം കൈമാറുന്നതിന് പുതിയ രീതികൾ അവലംബിക്കുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. നിങ്ങൾ നിങ്ങളെയും മറ്റുള്ളവരെയും പരിപാലിക്കുമ്പോൾ കർത്താവ്  തന്നെത്തന്നെ വെളിപ്പെടുത്തുകയും, നമ്മിൽ  അവനെ  കണ്ടെത്തുവാൻ സാധിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ ധൈര്യപൂർവം മുൻപോട്ടു യാത്ര ചെയ്യുന്നതിനും, അവന്റെ സന്തോഷത്താൽ നിറയുന്നതിനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. യുദ്ധത്താൽ വലയുന്ന വിവിധ രാജ്യങ്ങളിലെ  ജനതയ്ക്കു വേണ്ടിയും,  ലോകസമാധാനത്തിന് വേണ്ടിയും പ്രാർത്ഥിച്ച പാപ്പാ, യുദ്ധം ഒരു പരാജയമാണെന്നു  ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയും ചെയ്തു. തുടർന്ന് മധ്യാഹ്ന പ്രാർത്ഥനയ്ക്കും ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകിക്കൊണ്ട്, എല്ലാവരെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു ഭരമേല്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2024, 13:22